എഡിറ്റര്‍
എഡിറ്റര്‍
തോല്‍വികള്‍ക്കു നടുവിലും ചെറുപുഞ്ചിരിയുമായി
എഡിറ്റര്‍
Thursday 30th March 2017 5:58pm

സുരക്ഷിതത്വത്തിന്റെ എറുമാടങ്ങളിലിരുന്ന് വീരകഥകള്‍ പറയാന്‍ ഒരു കുറ്റബോധവുമില്ലാത്ത തലമുറയാണ് നമുക്ക് ചുറ്റും. അതിസമൃദ്ധിയുടെ തെറ്റങ്ങളിലിരുന്ന് ദാരിദ്ര്യത്തെക്കുറിച്ച് ഉപന്യാസങ്ങള്‍ രചിക്കാനും ചിലര്‍ക്ക് സങ്കോചമേയില്ല. ഇവിടെയാണ് ബാബു ഭരദ്വാജിനെ പോലൊരു സാമൂഹ്യ പ്രവര്‍ത്തകന്റെയും എഴുത്തുകാരന്റെയും ഇടപെടലുകളും സംഭാവനകളും വ്യത്യസ്തമാവുന്നത്.

അനുഭവങ്ങള്‍ പകര്‍ത്തിവെച്ചാല്‍ കലയാവണമെന്നില്ല. അത് അനുകരണമായി ഒടുങ്ങിത്തീരാം. അതുപോലെ അനുഭവങ്ങളുടെ പിന്‍ബലമില്ലാത്ത എഴുത്ത് അന്തഃസാരശൂന്യവുമാണ്. തീക്കനലുകള്‍ക്കുമേലെ നൃത്തംചെയ്ത ഇസഡോറ ഡങ്കന്റെ ആത്മകഥയായ ‘എന്റെ ജീവിതത്തില്‍’ ഇത്തരം കുറേ ധാരണകള്‍ ഒഴുകിപ്പരന്നിട്ടുണ്ട്.

ഭൂമധ്യരേഖാ പ്രദേശത്ത് സിംഹങ്ങള്‍ക്കും കടുവകള്‍ക്കും ഒപ്പം ഒന്നിച്ച് അതിഭീകരങ്ങളായ ദിനങ്ങള്‍ കഴിച്ചുകൂട്ടിയവര്‍ക്ക് ചിലപ്പോള്‍ അതേപ്പറ്റി ഒന്നും എഴുതാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ വീടിന്റെ വരാന്തയ്ക്കപ്പുറം കാലെടുത്തുവെക്കാത്തവര്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുംവിധം സിംഹത്തെയും കടുവകളെയും വേട്ടയാടിയതിനെക്കുറിച്ചും മൃഗങ്ങളെ കൊല്ലുന്നതിനെപ്പറ്റിയും ആ സമയത്ത് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ മുന്‍നിര്‍ത്തിയും എന്തിനേറെ അപ്പോള്‍ അനുഭവിച്ചറിഞ്ഞ സിംഹങ്ങളുടെ മണത്തെയും സര്‍പ്പങ്ങള്‍ ചീറിപ്പാഞ്ഞ് അടുത്തപ്പോള്‍ ഉണ്ടായ ഒച്ചയെയും കുറിച്ച് വിശദാശംങ്ങള്‍ ചോര്‍ന്നുപോവാതെ എഴുതാനാവും എന്ന ആ അമേരിക്കന്‍ നര്‍ത്തകിയുടെ ആത്മകഥയുടെ ആമുഖം കുറേ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

ലഹാന്‍ഗ്രീന്‍ എന്ന സമ്പന്നനുമൊത്തുള്ള സഹവാസവും അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന സംഭാഷണങ്ങളും ഇസഡോറ കരുതി വെച്ചിരുന്നു. പ്ലേറ്റോയുടെ റിപ്പബ്ലിക്ക്, കാള്‍മാര്‍ക്‌സ്, ലോകത്തിന്റെ പുനര്‍ഘടന തുടങ്ങിയവയെക്കുറിച്ചെല്ലാം ശബ്ദിച്ച കാമുകിയെ ആ ധനാഢ്യന്‍ അരുചികരമായാണ് പരിചരിച്ചത്. പ്രിയപ്പെട്ട കവി ആരാണെന്ന തിരക്കലിനോടുള്ള അവളുടെ പ്രതികരണം അയാളുടെ മുഖം ചുവപ്പിക്കുകതന്നെചെയ്തു. വാള്‍ട്ട്‌വിറ്റ്മാന്‍ എന്ന് കേട്ടപ്പോള്‍ ലോഹന്‍ ഗ്രീന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

‘എന്ത് അസംബന്ധം! അയാളൊരിക്കലും സ്വയം ജീവിക്കാനുള്ളതുപോലും നേടിയില്ല. അങ്ങ് കാണുന്നില്ലേ? സ്വതന്ത്രയായ അമേരിക്കയെ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തില്ലേ’-ഇസഡോറ മറുപടിനല്‍കി. ദര്‍ശനം പോയി തുലയട്ടെ എന്നായിരുന്നു ലോഹന്‍ഗ്രീനിന്റെ അക്ഷമയും അസ്വസ്ഥതയും. അമേരിക്കയെന്നാല്‍ അയാള്‍ക്ക് ലാഭം കൊയ്തുകൂട്ടാനുള്ള ഡസനോളം ഫാക്ടറികളായിരുന്നു. യുദ്ധശേഷമുള്ള പാരിസ് തെരുവുകളിലേക്ക് ഇസഡോറ ലോകത്തിന്റെ ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. തെരുവുകളിലെ വിജയാഘോഷങ്ങള്‍. ലോകം രക്ഷപ്പെട്ടിരിക്കുകയാണെന്ന ആശ്വാസ വചനങ്ങളാണെങ്ങും. രക്ഷയുടെ വാതില്‍ തുറക്കപ്പെട്ട സമാധാന കാലത്ത് എല്ലാവരും കവികള്‍ ആവുകയായിരുന്നു. പക്ഷേ അവര്‍ ഉടന്‍ ഉറക്കം വിട്ടെണീറ്റ്; ഉറ്റവര്‍ക്കുള്ള ഭൗതികാവശ്യങ്ങള്‍ അറിയുകയായിരുന്നു.

ലോഹന്‍ഗ്രീന്‍ ഇസഡോറയോടു കയര്‍ത്തതുപോലുള്ള ചോദ്യങ്ങള്‍ കേട്ടുകൊണ്ടായിരുന്നു ബാബുഭരദ്വാജും. തുടര്‍ച്ചയായ തോല്‍വികള്‍ക്കു നടുവിലും ചെറുപുഞ്ചിരിയുമായി.

കൊടും നിരാകരണങ്ങളുടെയും ഭയംചുരത്തിയ ഒറ്റപ്പെടുത്തലുകളുടെയും തീമഴ നനഞ്ഞപ്പോളും അദ്ദേഹം മനുഷ്യനില്‍ കൂടുതല്‍ കൂടുതല്‍ വിശ്വസിച്ചു. നിരന്തരമായ കൂട്ടത്തോല്‍വികളുടെ ദയാരാഹിത്യങ്ങള്‍ കണ്ണുരുട്ടിയപ്പോഴും ദര്‍ശനങ്ങള്‍ വഴികാട്ടിയായി.

കൊത്തിവലിക്കുന്ന ഓര്‍മകളുടെയും സങ്കടമുള്ളുകളുടെയും ഇടയിലൂടെ കിതച്ചോടിയിട്ടും ആരെയും കുറ്റപ്പെടുത്താനോ എഴുതിത്തള്ളാനോ ബാബു ഒരിക്കലും തയ്യാറായിരുന്നില്ല. നൊമ്പരപ്പെടുത്തുന്ന, ഉരുകിയൊലിക്കുന്ന, അനുഭവത്തീയില്‍ വെന്തിട്ടും ചുണ്ടിലെ ചിരി മാഞ്ഞതുമില്ല.

പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘പരദേശി’ സിനിമയില്‍ നിറയെ ചരിത്രത്തിന്റെ മുറിവുകളാണ്. അതിന്റെ വാക്കിലും വക്കിലും ചോര കിനിഞ്ഞു. സ്വപ്‌നങ്ങളുടെ വാതിലുകള്‍പോലും ചവിട്ടിത്തുറന്നെത്തുന്ന മൃഗീയതയുടെ വ്യവസ്ഥാ- വ്യക്തിരൂപങ്ങള്‍ ആ ചലച്ചിത്രത്തിന് സാര്‍വദേശീയ മാനം നല്‍കി. നെഞ്ചുകള്‍ക്കുള്ളില്‍ അപകടത്തിന്റെ തീവണ്ടികളാണ് ഓടിയത്. അതില്‍ വലിയകത്ത് മൂസയുടെ അതിസങ്കീര്‍ണമായ ഭയസങ്കടങ്ങള്‍ അയത്‌ന ലളിതമായി പരിഭാഷപ്പെടുത്തിയ മോഹന്‍ലാല്‍ തീര്‍ച്ചയായും താരത്തിന്റെ ആകാശത്തിലല്ല, മറിച്ച് നടന്റെ സ്വന്തം മണ്ണിലാണ് നടന്നതും.

മാപ്പിള കര്‍ഷക സംഘാടനത്തിന്റെ രണോത്സുകമായ ഏടുകളിലോന്നായ 1921ലെ ചെറുത്തുനില്‍പ്പിന്റെ ചരിത്രപരവും വൈകാരികവും വൈചാരികവുമായ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ആ കഥാപാത്രം. മൂസയുടെ ഉപ്പ ബ്രിട്ടീഷുകാര്‍ക്കെതിരായ സമര പ്രതിരോധത്തിന്റെ രക്തസാക്ഷി കൂടിയായിരുന്നു. ആ യാഥാര്‍ത്ഥ്യത്തിനൊടുവിലാണ് മകനെ രാജ്യദ്രോഹി എന്ന വിളിപ്പേരിനു മുന്നില്‍ പലവട്ടം പിടിച്ചുകെട്ടുന്നത്.

ഒറ്റുകാരന്‍ എന്ന ആ മുദ്രകുത്തലില്‍ മൂസ പൊട്ടിക്കരച്ചിലോളം എത്തുന്നുമുണ്ട് ചിലപ്പോഴെല്ലാം. മുപ്പതു മുതല്‍ എണ്‍പതു വയസ്സുവരെ നീളുന്ന അഞ്ചുപതിറ്റാണ്ടിന്റെ അനുഭവഭാരം മോഹന്‍ലാല്‍ അതിമനോഹരമായിട്ടാണ് ഏറ്റെടുത്തത്. പോരാളികളുടെ സാമ്രാജ്യത്വവിരുദ്ധതയില്‍നിന്ന് ഊര്‍ജം ശേഖരിച്ച ആ കഥാപാത്രം വൈക്കം മുഹമ്മദ് ബഷീറില്‍ നിന്നാവണം ചില സ്വാഭാവികതകള്‍ സ്വീകരിച്ചിട്ടുണ്ടാവുക.

സംഭാഷണങ്ങളിലും സാമൂഹികരൂപീകരണത്തിലും അതിന്റെ ചില വിജയമുദ്രകള്‍ കാണാനാവുന്നുമുണ്ട്. ആശക്കടലില്‍ നീന്തിത്തളര്‍ന്നവര്‍ കേറി നില്‍ക്കുന്ന സ്‌നേഹതീരങ്ങള്‍പോലെ വിസ്മയഭരിതങ്ങളായ എത്രയോ കഥാസന്ദര്‍ഭങ്ങള്‍ പരദേശിയില്‍ കാണാം.

ജീവിതത്തിന്റെ ഇടവഴിയില്‍നിന്ന് പിടിച്ചുവലിക്കപ്പെടുന്നവരും ഭ്രാന്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നവരും ഈ തീരങ്ങളെ അഭയത്തുരുത്തുകളായി പരിഗണിക്കുന്നുമുണ്ട്. വിദേശിയെന്നു ചാപ്പകുത്തിയതിനാല്‍ അടുത്ത ബന്ധുക്കള്‍ ചിലരെ കൈയൊഴിയുന്ന അവസ്ഥ. മക്കള്‍പോലും ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്ന സ്ഥിതി. വിവാഹ ബന്ധങ്ങള്‍ മുറിയുന്ന ഘട്ടങ്ങള്‍. ഭയം തളംകെട്ടിയ ദുരിതനിമിഷങ്ങള്‍ കടന്നുവെയ്ക്കാന്‍ ഒരുക്കുന്ന ചെറിയ ആഘോഷങ്ങള്‍പോലും കൈയേറുന്ന കാഴ്ച. സാധാരണ ജീവിതം അലങ്കോലമാക്കുന്ന ഇത്തരം കെടുതികളാണ് പതിറ്റാണ്ടുകളായി വലിയകത്ത് മൂസക്കും സഹപ്രവര്‍ത്തകര്‍ക്കും കാലം സമ്മാനിച്ചത്.

‘ദി വാലീസ് ഓഫ് അസ്സാസിന്‍സ്’ പോലുള്ള കൃതികള്‍ എഴുതിയ ഇംഗ്ലീഷ് യാത്രിക ഫ്രെയാസ്റ്റാര്‍ക്ക്, ഹാപിനെസ്സ് എന്ന കുറിപ്പില്‍ ഒരു എഴുപത്തിരണ്ടുകാരനെ അനുസ്മരിച്ചിട്ടുണ്ട്. ഏതോ യാത്രാ വേളയില്‍ കണ്ടുമുട്ടിയതാണ് അയാളെ. മാറിക്കൊണ്ടിരിക്കുന്ന മേഘവും നദിയുടെ പ്രകാശവും ആ മനുഷ്യന്റെ ചിന്തകളെ ഏതെല്ലാമോ തരത്തില്‍ സ്വാധീനിക്കുകയുണ്ടായത്രേ. ഈ സ്വാധീനം മണിക്കൂറുകളോളം ആഹ്ലാദത്തിന്റെ നടുവില്‍ നിര്‍ത്തുകയുംചെയ്യും. എല്ലാറ്റിനെയും അതേപോലെ സ്വീകരിച്ച അയാള്‍ ഒരിക്കലും പരാതി പറഞ്ഞിരുന്നില്ലെന്നും ഫ്രെയാസ്റ്റാര്‍ വിശദീകരിച്ചിട്ടുണ്ട്.

വലിയകത്ത് മൂസയുടെ പ്രകൃതവും ഇതിനു സമാനമായിരുന്നു. ഇരുവരുടെയും ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലിലെ സാന്റിയാഗോയുടെയും പുതിയ മുഖമായിരുന്നു ബാബു ഭരദ്വാജിന്. തന്റേതല്ലാത്ത കാരണങ്ങള്‍കൊണ്ട് കാലുകള്‍ മണ്ണിലുറപ്പിക്കാന്‍ കഴിയാത്തവിധം നിരന്തരം ആട്ടിയോടിക്കപ്പെടുകയായിരുന്നു. മരണം മാത്രമായിരുന്നു സമുദ്രം പോലെ പ്രശാന്തമായ മനസ്സ് നല്‍കിയത്.

ആട്ടിയോടിക്കലിന്റെയും പലായനത്തിന്റെയും സ്‌നേഹശൂന്യതയുടെയും ഇരകള്‍ ലോകത്തെല്ലായിടത്തുമുണ്ട്. അസ്ഥിപഞ്ജരങ്ങളായി പൊടിഞ്ഞുതീരുന്ന പ്രതീക്ഷകളുടെ ശ്മശാനമാണ് ഹെമിങ്‌വേയുടെ നോവല്‍. അസഹ്യമായ കാത്തിരിപ്പിന്റെ വേദനയൊഴുകിയിട്ടും സാന്റിയാഗോ ആവര്‍ത്തനംപോലെ പതിവ് ദിനചര്യയില്‍ തലപൂഴ്ത്തുകയാണ.് വികൃതമായ നിര്‍ഭാഗ്യത്തിന്റെ തടവിലകപ്പെട്ട അയാള്‍ ഒരു പരല്‍ മീന്‍ പോലും അടുത്തെത്താതെ എണ്‍പത്തിനാലാം ദിവസവും വെറും കൈയോടെയാണ് കരപിടിച്ചത്.

അനില്‍കുമാറും ബാബു ഭരദ്വാജും

യുവാവായ തന്റെ സഹായി മനോലിനെ രക്ഷിതാക്കള്‍ വിലക്കുകകൂടി ചെയ്തതോടെ മനസ്സും കൊട്ടിയടക്കപ്പെട്ടു. ലക്ഷണമൊക്കാത്ത സാന്റിയാഗോക്കൊപ്പം കടലിലിറങ്ങുന്നത് മകനും അപകടമാകുമെന്ന വിശ്വാസമാണ് രക്ഷിതാക്കളെ അതിനു പ്രേരിപ്പിച്ചത്. എന്നിട്ടും മനോലി ഇരുട്ടിന്റെ ഇടനാഴികളിലൂടെ ഗുരുവിന്റെ അടുത്തെത്തുമായിരുന്നു. സ്‌നേഹത്തിനൊപ്പം കൈയില്‍ കരുതിയ ഭക്ഷണം വിളമ്പും. പിന്നെ അമേരിക്കന്‍ ബേസ്‌ബോള്‍ ടീമിനെക്കുറിച്ച് വാചാലനാവും. ജോ ദിമാഗ്ഗിയോ എന്ന കളിക്കാരന്റെ കാന്തിക ഭാവങ്ങളില്‍ ഒട്ടിനിന്നാവും കഥകളുടെ സമാപനം.

ക്യൂബയിലെത്തിയ ഹെമിങ്‌വേ രണ്ടു പതിറ്റാണ്ടിലധികമാണ് അവിടെ തങ്ങിയത്. അവിടുന്ന് ആഫ്രിക്കയുടെയും യൂറോപ്പിന്റെയും നിഗൂഢതകളിലേക്ക് പലവട്ടം വാതില്‍ തുറന്നു. സഞ്ചാരങ്ങളുടെ കൗതുകങ്ങള്‍ക്ക് ലഹരിപിടിപ്പിച്ചത് മീന്‍പിടുത്തവും മദ്യപാനവും. കാറ്റും കോളും വകഞ്ഞ് ബോട്ട് നിയന്ത്രിച്ചതാകട്ടെ വയോധികനായ ഗ്രിഗോറിയോ ഫ്യുയന്റസ്. നൂറ്റിനാലാം വയസ്സില്‍ മരണത്തോടൊപ്പം നടന്നുപോയ അദ്ദേഹമായിരുന്നു സാന്റിയാഗോയുടെ മാതൃക.

ഹെമിങ്‌വേയുടെ ഒറ്റ വരിപോലും ഫ്യുയന്റസ് വായിച്ചിരുന്നില്ല. ‘ എന്തിന് വായിക്കണം, കഥാപാത്രങ്ങള്‍ക്കൊപ്പം നോവലിസ്റ്റും ഞാനും ജീവിക്കുകയായിരുന്നില്ലേ’ എന്നായിരുന്നു അയാളുടെ സമാധാനം.

ബാബു ഭരദ്വാജിന്റെ പ്രവാസത്തിന്റെ കുറിപ്പുകള്‍ വായിക്കാതെതന്നെ പലരും അദ്ദേഹത്തിന്റെ ആരാധകരായിമാറി. പണസമൃദ്ധിയുടെ നീരാട്ടില്‍ മതിമറന്ന് അഭിരമിക്കുന്നവര്‍ ഗള്‍ഫിന്റെ നിഴല്‍രൂപം മാത്രമാണ്. ഒരിക്കലും തുന്നി ചേര്‍ക്കാന്‍ കഴിയാത്ത, ചിന്നിച്ചിതറിയ ജീവിതം മാത്രമാണ് അവിടെ പലര്‍ക്കും കൈമുതല്‍. അതിന്റെ പ്രാതിനിധ്യമാണ് ബാബുവിന്റെ പ്രവാസിയെഴുത്ത്.

തന്റേതല്ലാത്ത കാരണത്താല്‍ അദ്ദേഹം കൂറ്റന്‍ ജയില്‍ ഭിത്തിക്കകത്തായതും കയ്യാമം വെച്ച് വിമാനത്തില്‍ നാടുകടത്തപ്പെട്ടതും പലരും കഥയായേ മനസ്സിലാക്കിയിട്ടുള്ളു. ക്രൂരമായ വഞ്ചനകളുടെയും അതിരുകടന്ന ശകാരങ്ങളുടെയും തുടര്‍ച്ചയായി തോറ്റവനെന്ന മുദ്രകുത്തലിന്റെ നടുവിലും ബാബു അസാമാന്യമായ ക്ഷമയോടെ പിടിച്ചുനിന്നു. കാരണം മനുഷ്യനില്‍ ഏറെ വിശ്വാസമുണ്ടായിരുന്നു.

കേരളത്തിലും ഇന്ത്യയിലെ ചില ഭാഗങ്ങളിലും ജര്‍മനിയിലും ഞങ്ങള്‍ ഒരുമിച്ചുനടത്തിയ യാത്രകള്‍ വല്ലാത്തൊരു അനുഭവമാണ്. അസാമാന്യ ശേഷിയുള്ള അതിവ്യത്യസ്തനായ ആ മനുഷ്യന്‍ എന്നെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിക്കുകതന്നെ ചെയ്തു. അദ്ദേഹത്തെക്കുറിച്ച് ഒരുനല്ല വാക്കുപോലും ചുരത്താത്തവരെക്കുറിച്ചുപോലും ബഹുമാനത്തിലാണ് സംസാരിച്ചത്.

പല അഭിമുഖങ്ങളിലും ബാബു, ഏറ്റവും അടുപ്പക്കാരായി വിരല്‍ ചൂണ്ടിയവര്‍ തന്നെ അദ്ദേഹത്തെ അതിരുവിട്ട് പരിഹസിക്കുന്നത് ഞാന്‍ വേദനയോടെ കേട്ടിരുന്നിട്ടുണ്ട്. നിസ്സഹായതപോലുള്ള അത്തരം നിലപാടുകള്‍ കണ്ടപ്പോള്‍ ബാബുവിനോട് ആദരവ് ഏറുകയായിരുന്നു.

എന്‍.പ്രഭാകരന്‍ എഴുതിയ ‘രാത്രി മൊഴി’ കഥയിലെ ചില സംഭാഷണങ്ങളാണ് പലപ്പോഴും എന്നെ സാധാരണനിലയില്‍ പിടിച്ചുനിര്‍ത്തിയത്. അതില്‍ ജയദേവന്റെ വാക്കുകള്‍ ബാബുവിന്റെ നിശ്ച്ചയങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു. ‘മനുഷ്യനെക്കുറിച്ച് നല്ലതായി ഒന്നും പറയാനാവില്ലെന്നതില്‍ എനിക്ക് ദു:ഖമുണ്ട്. അന്യനെപ്പറ്റി ദൂഷണം പറയുമ്പോള്‍ നാം നമ്മെത്തന്നെയാണ് ദുഷിക്കുന്നത്. നന്മയെന്നത് വ്യക്തിഗതമായ ഒരാവശ്യം മാത്രമായി കാണരുത.് അതൊരു സാമൂഹ്യാനുഭവമാകണം. നമ്മുടെ കാലം ആ അനുഭവത്തിന്റെ ശ്മശാനത്തില്‍ കൂടുകെട്ടി പാര്‍ക്കുന്ന മാംസഭുക്കായ ഒരു പക്ഷിയാണ്’ എന്നാണ് അയാള്‍ പറഞ്ഞത്.

ബാബുഭരദ്വാജിന്റെ ധീരതയുടെയും സമര്‍പ്പണത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രധാന അടിത്തറ കാള്‍മാര്‍ക്‌സിന്റെ ജീവിതവും ചിന്തകളുമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ പല ക്ലാസിക്കുകളും പരിചയപ്പെട്ട അദ്ദേഹം മാര്‍ക്‌സിനെ ഒരു വിശ്വാസിയെപ്പോലെ പിന്തുടര്‍ന്നു. ഞങ്ങളുടെ ജര്‍മന്‍ യാത്ര അത് നന്നായി ബോധ്യപ്പെടുത്തി.

ഉമേഷ്ബാബു കെ.സി യുടെ, നിന്റെ ജീവിതത്തില്‍നിന്ന് ഞാനെന്താണെടുക്കുക മാര്‍ക്‌സ് എന്ന കവിത പോലെ തോറ്റുകൊണ്ടിരിക്കുമ്പോഴും ശരികളിലിരുന്ന് നിസ്സംഗം ദഹിച്ച മാര്‍ക്‌സിന്റെ ദൃഢതയെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്. തലകീഴായ ലോകത്തിന്റെ വിധിതിരുത്താന്‍ സത്യവചനങ്ങളെഴുതിയ, നാണയ വഞ്ചനാലോകം ജയിക്കുന്നതിന്റെ ചതിക്കണക്ക് പൊളിച്ചുകാട്ടിയ, അപ്രമാദമാംവിധം അനുകൂലമായ സാഹചര്യങ്ങളുടെണ്ടെങ്കിലേ സമരമാകാവു എന്ന സൗകര്യവാദത്തെ ഒരിക്കലും പൊറുപ്പിക്കാതിരുന്ന മാര്‍ക്‌സായിരുന്നു ആ മനസ്സ് നിറയെ.

2006 നവംബറിലെ ഒരു ദിവസം ജര്‍മനിയിലെ ട്രിയറില്‍ മാര്‍ക്‌സ് ഭവനത്തിനുള്ളില്‍ എത്തിയപ്പോള്‍ എന്നെ പിടിച്ചുലച്ചത് എന്താണ്. സംശയമില്ല, മാര്‍ക്‌സിന്റെ ധീരമായ സൈദ്ധാന്തിക അന്വേഷണങ്ങളെയും വിപ്ലവ പത്രപ്രവര്‍ത്തനത്തെയുംകാള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹം കുടിച്ചുതീര്‍ത്ത പീഡനങ്ങളുടെയും ഒറ്റപ്പെടലുകളുടെയും സമാനതകളില്ലാത്ത കടലുകള്‍തന്നെ.

അത്തരമൊരു വൈകാരികാവസ്ഥ തീര്‍ച്ചയായും എന്നിലുണ്ടാക്കിയത് ബാബുവാണ്. ഒറ്റപ്പെടലുകളുടെയും ദാരിദ്ര്യത്തിന്റെയും മരണങ്ങളുടെയും പേടിപ്പെടുത്തുന്ന ചവിട്ടടിയൊച്ച പലവട്ടം കേട്ടതാണ് മാര്‍ക്‌സിന്റെ കുടുംബം. നാലുകുട്ടികള്‍ അകാലത്തില്‍ പൊലിഞ്ഞു. ഭക്ഷണമില്ലാതെ രോഗിണിയായ ജെന്നിയുടെ മുല കുട്ടികള്‍ക്ക് ചുരത്തിയത് പലപ്പോഴും ചോരയും ചലവുമാണെന്ന് മാര്‍ക്‌സ് ഭവനിലെ ഗൈഡ് എന്നോട് പറഞ്ഞു.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തിയതാകട്ടെ ബാബു. മാര്‍ക്‌സിന്റെ രണ്ടാമത്തെ മകള്‍ ലോറ സോഷ്യലിസ്റ്റ് നേതാവും ചിന്തകനുമായ പോള്‍ ലെഫാര്‍ഗിനെയാണ് വിവാഹം ചെയ്തത.് അവരിരുവരും പിന്നീട് ആത്മഹത്യയില്‍ അഭയംതേടി. ജര്‍മനിയില്‍ വിപ്ലവം അകന്നുപോയതിന്റെ ക്ഷതമായിരുന്നു അതിന്റെ കാരണമെന്നാണ് ബാബു പറഞ്ഞുതന്നത്.

അതിവിപുലവും അത്യസാധാരണവുമായ സൗഹൃദങ്ങളുടെ ഉടമ കൂടിയായിരുന്നു ബാബു. ഭൂഗോളത്തോളം വിസ്തൃതിയുള്ളതാണ് അതെന്നും നിസ്സംശയം പറയാം. തെരുവിലെയും മദ്യശാലകളിലെയും സാധാരണക്കാര്‍ മുതല്‍ വിമാനത്താവളങ്ങളിലെ വരേണ്യയാത്രക്കാര്‍ തൊട്ട് പ്രതിഭകള്‍ വരെ ആ വലയത്തിലുണ്ടായി. സമ്പൂര്‍ണനായ മനുഷ്യര്‍ കച്ചവട സിനിമയിലെ നായകന്മാര്‍ മാത്രമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

നിരന്തര വിജയികളായ അത്തരക്കാര്‍ക്ക് സൗഹൃദം ആഭരണങ്ങള്‍ മാത്രമാണ്. തൊണ്ടയിടറുകയും കണ്ണ് കലങ്ങുകയും ചെയ്യുന്നവര്‍ക്ക് അഭയങ്ങള്‍ അത്യാവശ്യമാണ്. അത് എപ്പോഴും മനസ്സിലാക്കിയിരുന്നു ബാബു. അവരെക്കുറിച്ച് എഴുതിയപ്പോള്‍ അദ്ദേഹം വൃത്തവും പ്രാസവും മറന്നുപോയി. എന്നാല്‍ ചരിത്രത്തിന്റെ തുടിപ്പുകള്‍ നെഞ്ചോടുചേര്‍ത്തു. അതുകൊണ്ടാണ് പ്രവാസം വലിയ മുറിവാണെന്ന് അറിഞ്ഞത്. അതിന്റെ നീറ്റലാണ് അദ്ദേഹത്തെ മനുഷ്യനാക്കിയതും.

എഴുതിത്തീര്‍ത്തതിനേക്കാള്‍ മഷി പുരളാത്ത ഒട്ടേറെ അനുഭവങ്ങള്‍ ആ മനസ്സിലുണ്ടായി. മഹാദുഃഖ ഹിമാനിയുടെ തുമ്പ് തൊടാന്‍ പേടിയുണ്ടായതിനാലാണത്രെ എഴുതാതെപോയത്. അപ്പോഴും ദാര്‍ശനികമായ ഒരു ക്ഷമാപണവും മുന്നോട്ടുവെച്ചു. ചരിത്രം ഒരു ഭൂകമ്പമാണ്, എഴുതാത്ത ചരിത്രം ഒരു ഹിമാനിയും എന്ന മട്ടിലായിരുന്നു അത്.

Advertisement