| Sunday, 16th January 2011, 9:41 pm

പരാജിതരെയാണ് വിജയികള്‍ പേടിക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാബു ഭരദ്വാജ്

ജോണ്‍ ബെര്‍ഗര്‍ സഞ്ചാരമത്രയും നടത്തിയത് പരാജിതര്‍ക്കിടയിലൂടെയാണ്. ഈ യാത്രയിലൂടെ ബെര്‍ഗര്‍ ഒരു ചരിത്രയാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. വിജയികള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് പരാജിതരേയാണ്.

വിജയികളുടെ സമയം വളരെ ചെറുതാണ്. വിജയഘോഷം നൈമിഷികമാണ്. അതിനൊരു ദിവസത്തിന്റെയോ രണ്ട് ദിവസത്തിന്റെയോ ഒരാഴ്ചയെത്തെയോ ആയുസ്സേയുള്ളൂ. എന്നാല്‍ പരാജിതരുടെ സമയം ദൈര്‍ഘ്യമേറിയതാണ്.

ജീവിച്ചിരിക്കുന്നവരുടെ സമയം ചെറുതും മരിച്ചവരുടെ സമയം അനന്തവും ആണല്ലോ. ഒരിക്കലും അവസാനിക്കാത്തതാണത്. അതുകൊണ്ടാണ് രക്തസാക്ഷികളുടെ സമയം അനന്തമായി നീളുന്നത്.

ജീവിച്ചിരിക്കുന്നവരെ ചെറുത്ത് നില്‍ക്കാല്‍ പ്രേരിപ്പിക്കുന്നത് മരിച്ചവരാണ്. ആതുകൊണ്ടായിരിക്കണം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പ്രസ്ഥാനങ്ങള്‍ ഉത്സുകരാകുന്നത്. പലപ്പൊഴും രക്തസാക്ഷികള്‍ ഉണ്ടാവുകയല്ല ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്.

രക്തസാക്ഷികളാണ് ചെറുത്തുനില്‍പ്പുകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. അതുകൊണ്ടാണ് യുവതീയുവാക്കള്‍ രക്തസാക്ഷികളാവാന്‍ ഉത്സുകരാവുന്നത്. അമരത്വത്തിലേക്കുള്ള രാജ വീഥിയാണത്. ഒരിക്കലും ഓര്‍മകള്‍ക്ക് മരണമില്ലാത്ത ജീവിതകഥയാവാന്‍ മറക്കാത്ത പേരാകാന്‍, അതിനുവേണ്ടി സ്വയം ഇല്ലാതാകാന്‍ ആഗ്രഹിക്കുന്നവരാണവര്‍.

ചെറുത്തുനില്‍പ്പും യുദ്ധം തുടരാനുള്ള ഉടമ്പടിയുമാണ്. ഓരോ രക്തസാക്ഷിത്വവും ചോരകൊണ്ടെഴുതിയ ഉടമ്പടിയാണ്. അനശ്വരതയ്ക്കായി എഴുതി ചോരകൊണ്ട് ഒപ്പിട്ടത്.

ചെറിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു ഗുഹയില്‍ ഒളിപ്പിച്ച് പീഡിപ്പിച്ച ഒരു ചെറുപ്പക്കാരന്‍ ഒടുക്കം നിയമത്തിന് കീഴടങ്ങിയത് ഒരു കഥയല്ല. അമേരിക്കന്‍ മാധ്യമങ്ങള്‍ ആഴ്ചകളോളം ആഘോഷിച്ച യഥാര്‍ഥ സംഭവമാണത്. അയാളിതൊക്കെ ചെയ്തത് “പ്രസിദ്ധനാവാനാണ്”.

ആരും തന്നെ അറിയുന്നില്ലെന്ന നിരാശയിലായിരുന്നു അയാള്‍. ജയിലില്‍ കിടക്കുന്ന അയാള്‍ ആത്മകഥ എഴുതികൊണ്ടിരിക്കുകയാണിപ്പോള്‍. അയാളും അനശ്വരതയിലേക്കുള്ള വഴിയാണ് തേടിക്കൊണ്ടിരിക്കുന്നത്. എന്നാലത് രക്തസാക്ഷിയുടെ വഴിയല്ല. രക്തസാക്ഷി സ്വന്തം ജീവിതം നല്‍കിയാണ് അനശ്വരനാവുന്നത്. ഇയാളെപ്പോലുള്ളവര്‍ മറ്റുള്ളവരുടെ ഹൃദയരക്തം ഊറ്റിയെടുത്ത് അതില്‍ നീരാടിയാണ് അനശ്വരതയുടെ കുപ്പായം അണിയുന്നത്.

ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അയാള്‍ക്കുള്ള ന്യായീകരണം അതുവഴിയെങ്കിലും അയാളെ ലോകം അറിയട്ടെ എന്നുമാണ്. സ്വന്തം ശബ്ദം കേള്‍പ്പിക്കാനാണ് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ “ഉയ്യാരം” കൂട്ടുന്നത്, അലറുന്നത്, അട്ടഹസിക്കുന്നത്. അറിയപ്പെടാന്‍ വേണ്ടിത്തന്നെയാണ് ഗുണ്ടകള്‍ തെരുവിലൂടെ കത്തിയുയര്‍ത്തി അങ്ങാടിത്തെരുവില്‍ താണ്ഡവമാടുന്നത്.

അടുത്ത പേജില്‍ തുടരുന്നു

രക്തസാക്ഷികളുമായി ഇത്തരക്കാര്‍ക്ക് ഒരു താരതമ്യവുമില്ല. തന്റെ ആത്മാഹൂതിയിലൂടെ രക്തസാക്ഷി ജീവിതത്തില്‍ നിന്ന് പരാജിതനായി തിരോഭവിക്കുന്നു. അതോടെ അയാള്‍ പരാജിതരുടെ അതിദീര്‍ഘമായ പേരേടില്‍ സ്വന്തം പേരെഴുതിച്ചേര്‍ക്കുന്നു.

കാലത്തിന്റെ അക്ഷയ ഖജനാവിലെ അന്തമില്ലാത്ത കാലത്തിനോടയാള്‍ ചേര്‍ക്കപ്പെടുന്നു. “ഇന്ന് അനന്തത പരാജിതര്‍ക്കൊപ്പമാണ്”. സ്വന്തം ജീവിതത്തെ ദാനമായി നല്‍കുന്നതിലൂടെ ഒരാള്‍ നിരാശയ്ക്ക് ഒരു രൂപമാണ് ഉണ്ടാക്കുന്നത്.

ഹതാശയുടെ(despair) ഏഴ് നിരപ്പുകളെ (level) കുറിച്ച് ബെര്‍ഗര്‍ എഴുതിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം വാക്കുകള്‍ക്ക് പിടിതരുന്നതല്ല, ചിന്തകളില്‍ ഒതുങ്ങുന്നതല്ല. ഓരോ പ്രഭാതത്തിലും അന്നേക്കായി നിലനില്‍പിന് അന്നം അവശേഷിക്കുന്നില്ലെന്നറിയുന്നത്, ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ നിയമത്തിന്റെ കൊടും വന്യതയില്‍ ശരിയായിട്ടൊന്നും നിലനില്‍ക്കുന്നില്ലെന്നറിയുന്നത്,

വര്‍ഷങ്ങളായി ഒന്നും ശരിയാവുന്നില്ലെന്നും എല്ലാം കൂടൂതല്‍ കൂടുതല്‍ മോശമായി കൊണ്ടിരിക്കുകയാണെന്നും ഒന്നിനെയും ഒരിക്കലും നേരെയാക്കിയെടുക്കുവാന്‍ കഴിയുന്നില്ലെന്ന് അറിയുന്നതും, ഒന്ന് ശരിയാണെന്ന് തോന്നുമ്പോള്‍ അത് അനിശ്ചിത യാഥാര്‍ത്ഥ്യത്തിന്റെ പിടിയില്‍ അമരുന്നത്, ആയിരം പാഴ് വാഗ്ദാനങ്ങള്‍ നമുക്കിടയിലായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്, അത് കേട്ടുകൊണ്ടേയിരിക്കുന്നത്, പ്രതിരോധിക്കുന്നവര്‍ ബോംബ് സ്‌ഫോടനത്തില്‍ പൊടിഞ്ഞമരുന്നത്, സ്വന്തമായി വേണ്ടപ്പെട്ടവര്‍ കൊല്ലപ്പെടുന്നത്, അതിന്റെ ഭാരം നിഷ്‌കളങ്കതയെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നത്, കൊല്ലപ്പെടുന്നവരുടെ എണ്ണം അനന്തമാണെന്നറിയുന്നത്.

എല്ലാ അധിനിവേശലോകങ്ങളിലേയും ഹതാശയുടെ ആഴപ്പരപ്പുകളാണിവ. അതുകൊണ്ടുതന്നെ ഈ ലോകത്തെ ഹതാശമായ ഈ അവസ്ഥയിലേക്ക് തള്ളിയിട്ടവര്‍ക്കെതിരെ തന്റെ സ്വന്തം ജീവിതം കൊണ്ട് മത്സരിക്കാനാണ് രക്താസക്ഷികള്‍ തയ്യാറാവുന്നത്. അതൊന്നുകൊണ്ടുമാത്രമേ ഹതാശയുടെ സാകല്യത്തെ ഉണര്‍ത്താനാവൂ, അതാകട്ടെ ഹതാശയെക്കാള്‍ മൂര്‍ത്തവും സാന്ദ്രവും മഹത്തരവുമാണ്.

“അത്തരം ഒരു ഹതാശയെക്കുറിച്ച് സങ്കല്പിക്കാനാവാത്ത രാഷ്ട്രീയ നേതൃത്വം രൂപപ്പെടുത്തുന്ന ഏത് തന്ത്രവും പരാജയപ്പെടുന്നു. കൂടൂതല്‍ കൂടൂതല്‍ ശത്രുക്കളെ പേരേടില്‍ ചേര്‍ക്കുകയും ചെയ്യും. “

തീവ്രവാദികളെ ഒതുക്കാനായി ഇറങ്ങിപ്പുറപ്പെടുന്നവര്‍ അറിയാത്തത് ഈ ഹതാശകളാണ്, ചുവപ്പന്‍ കോറിഡോറില്‍ പടയ്ക്കിരുന്നവര്‍ക്കും ഈ ഹതാശ അപരിചിതമാണ്. അതനുഭവിക്കുന്നവര്‍ക്ക് അതിന്റെ ആഴം തിട്ടപ്പെടുത്താനാവുന്നുമില്ല.

ഫലസ്തീനിലൂടെ യാത്രചെയ്യുന്നവര്‍ ഒരു ചോദ്യവും അതിനൊരുത്തരവും എന്നും അഭിമുഖീകരിക്കേണ്ടിവരും. അതിതാണ് ” ഞാനെന്തുകൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്” ” ഉത്തരവും അവര്‍ തന്നെ പറയും. ” മരണത്തിന് താല്‍ക്കാലികമായി ഒരു ദൗര്‍ലഭ്യം ഉണ്ടായിട്ടുണ്ട്. അതാണ്” സാധാരണ ജീവിതം കൊതിയ്ക്കുന്ന ഒരാളായിരിക്കും ഈചോദ്യവും ഉത്തരവും നല്‍കുന്നത്.

രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴങ്ങിയില്ലെങ്കിലും ജനങ്ങളുടെ അബോധത്തില്‍ അതെന്നുമുണ്ട്. കാരണം ഒരു മരണം കൊണ്ടൊന്നും തീരുന്നതല്ലല്ലോ ജനങ്ങളുടെ ഹതാശ.

ജനാധിപത്യം, നീതി, മനുഷ്യാവകാശങ്ങള്‍, തീവ്രവാദം ഇതിലെ ഓരോവാക്കും ഇന്നത്തെ അവസ്ഥയില്‍ ഒരിക്കല്‍ അവ എന്തിനെ കുറിച്ചിരുന്നോ. അതിന്റെ എതിര്‍പദങ്ങളാണ് അടയാളപ്പെടുത്തുന്നതെന്നും ബെര്‍ഗര്‍ സത്യസന്ധമായി ബോധ്യപ്പെടുത്തുന്നു. ബെര്‍ഗറുടെ “പ്രിയപ്പെട്ടതിനെയൊക്കെ മാറോട് ചേര്‍ത്ത് പിടിക്കുക” എന്ന ചെറിയ പുസ്തകം ഒരു വലിയ ലോകമാണ്. മഹാസമുദ്രത്തെ ഒരു തുള്ളിയായി ഒരുക്കിയെടുത്തതുപോലെ. അല്ലെങ്കില്‍ ഒരു തുള്ളി സമുദ്രം പോലെ എന്നും പറയാം.

We use cookies to give you the best possible experience. Learn more