ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുകെണ്ണയ്ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം; പ്രതികരിക്കാതെ കമ്പനി
national news
ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുകെണ്ണയ്ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം; പ്രതികരിക്കാതെ കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th June 2021, 8:56 am

ജയ്പൂര്‍: ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുകെണ്ണ ഗുണനിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍.

സിംഘാനിയ എണ്ണക്കമ്പനിയില്‍ നിന്നുള്ള കടുകെണ്ണയാണ് പതഞ്ജലി ഉപയോഗിക്കുന്നത്. ഈ മില്ലില്‍ നടത്തിയ പരിശോധനയിലാണ് എണ്ണയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.

ഇത്തരം സാമ്പിളുകള്‍ക്ക് ആവശ്യമുള്ള ഗുണനിലവാരമില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

മെയ് 27ന് പ്രാദേശിക ഭരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിലാണ് എണ്ണകളുടെ പരിശോധന നടത്തിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഓംപ്രകാശ് മീന പറഞ്ഞു. ആള്‍വാറിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോരിറ്റി ലബോറട്ടറിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

‘ശ്രീ ശ്രീ തത്വ’ ബ്രാന്‍ഡിന്റെ എണ്ണയും ഗുണനിലവാരമില്ലാത്തതാണെന്ന് അറിയിച്ചിരുന്നു. അതേസമയം ബാബാ രാംദേവിന്റെ പതഞ്ജലി ഇതില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

രണ്ടാഴച മുമ്പ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഉത്തരവ് പ്രകാരമാണ് സിംഘാനിയ ഓയില്‍ മില്‍ റെയ്ഡ് ചെയ്യുന്നത്. മില്ലില്‍ നിന്ന് വലിയ അളവില്‍ എണ്ണയും മറ്റും കണ്ടെടുക്കുകയും ചെയ്തിരുന്നു.

നേരത്തെ കൊവിഡ് മരുന്നെന്ന പേരില്‍ പതഞ്ജലി ഉത്പാദിപ്പിക്കുന്ന കൊറോണില്‍ മരുന്നിന്റെ വിതരണം നേപ്പാള്‍ നിര്‍ത്തിവെച്ചിരുന്നു. നേപ്പാളിലെ ആയുര്‍വേദ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവായത്.

ശാസ്ത്രീയമായ രീതി പിന്തുടര്‍ന്നല്ല മരുന്നുകള്‍ ഉത്പ്പാദിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെച്ചത്.

വിതരണത്തിനായി എത്തിച്ച കൊറോണില്‍ ഗുളികകള്‍ക്കും നേസല്‍ ഡ്രോപ്പുകള്‍ക്കും കൊവിഡ് 19 വൈറസിനെ ഇല്ലാതാക്കാനുള്ള ശേഷിയില്ലെന്നും നേപ്പാള്‍ ആയുര്‍വേദ വകുപ്പ് അധികൃതര്‍ പറയുന്നു.

കൊറോണിലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മരുന്നിന്റെ വിതരണം നിര്‍ത്തിവെയ്ക്കാന്‍ നേപ്പാള്‍ ആരോഗ്യ മന്ത്രാലയം തയ്യാറായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Baba Ramdev’s Patanjali product substandard quality says Rajastan Govt.