കോടതിയലക്ഷ്യക്കേസില്‍ മാപ്പുചോദിച്ച് ബാബ രാംദേവ്; സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി
national news
കോടതിയലക്ഷ്യക്കേസില്‍ മാപ്പുചോദിച്ച് ബാബ രാംദേവ്; സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 11:47 am

ന്യൂദല്‍ഹി: പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി ബാബ രാംദേവ്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബാബ രാംദേവ് മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍ സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബാബ രാംദേവിന്റെ മറുപടി തൃപ്തികരമല്ലെന്നും ഹൃദയത്തില്‍ നിന്നുള്ള ക്ഷമ ചോദിക്കല്‍ ആല്ലെന്നും കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു. പിന്നാലെ കോടതിയില്‍ നേരിട്ട് മാപ്പ് ചോദിക്കാമെന്ന് രാംദേവ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാംദേവിനെ പഠിപ്പിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്ന് തവണ കോടതി ഉത്തരവ് നല്‍കിയിട്ടും അതില്‍ കൃത്യമായ മറുപടി നല്‍കാന്‍ ബാബ രാംദേവ് ശ്രമിച്ചിട്ടില്ല.

സമയം അതിക്രമിച്ച സാഹചര്യത്തില്‍ ഒരു പേജില്‍ ക്ഷമാപണം നടത്തിയാല്‍ അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. തെറ്റാണെന്ന് തോന്നിയെങ്കിൽ മാപ്പ് അപേക്ഷിക്കുന്നു എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി പതഞ്ജലി അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതുപ്രകാരം ഫെബ്രുവരിയില്‍ രോഗം ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്ത് രാജ്യത്താകെ വിറ്റെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ആധുനിക വൈദ്യശാസ്ത്രനെതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നുവെന്നാണ് ഐ.എം.എ പരാതിയില്‍ ആരോപിച്ചത്. ഇനി മുതല്‍ ഒരു നിയമ ലംഘനം നടത്തില്ലെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.

Content Highlight: Baba Ramdev apologizes in contempt of court case