Administrator
Administrator
ബാബാ രാംദേവ്! ഗാന്ധിജിയെ അപമാനിച്ച യോഗവ്യാപാരി
Administrator
Friday 10th June 2011 11:58pm

ramdev baba

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

അഴിമതി നിര്‍മുക്തമായൊരു ഭാരതരാഷ്ട്രം ഉടനെ ഉണ്ടായിത്തീരുമെന്ന് ഉപരിപ്ലവബുദ്ധികള്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്ന വിധത്തിലുള്ള ചില ഇടപെടലുകള്‍ ഈയിടെ ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുകയുണ്ടായി. ഇപ്പോഴും അതു നടന്നുവരുന്നു. ലോകപാല്‍ബില്‍ നടപ്പാക്കുന്നതിനുവേണ്ടി അറിയപ്പെടുന്ന ഗാന്ധിയനായ അണ്ണാഹസാരെയാണ് ഇതാ ഗാന്ധിയന്‍ മുല്യങ്ങള്‍ക്ക് ഇന്ത്യയില്‍ വീണ്ടും ഇടമുണ്ടാവുന്നു എന്ന പ്രതീതി ഉളവാക്കുന്ന നിരാഹാരസമരം പ്രഖ്യാപിച്ചത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാറിനെ വല്ലാത്ത സമ്മര്‍ദ്ദത്തില്‍ അകപ്പെടുത്തുന്നതിനു വഴിവെച്ച അണ്ണാ ഹസാരയുടെ നടപടി പൊതുവെ സ്വാഗതം ചെയ്യപ്പെടുകയും ഗവണ്‍മെന്റിന് ലോക്പാല്‍ ബില്‍ ഒരു നിശ്ചിതസമയ പരിധിക്കുള്ളില്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളുവാന്‍ കാരണമായിത്തീരുകയും ചെയ്തു. അങ്ങനെ അണ്ണാഹസാരെ പൊടുന്നനെ ഒരു ഗാന്ധിയന്‍ ഹീറോ ആയി മാറി. കുറഞ്ഞ ഒരു സമയത്തേക്കെങ്കിലും കേരളത്തിലെ വി.എസ്സ്.അച്ച്യതാനന്ദന്റെ വ്യക്തിമഹത്വത്തെപ്പോലും ചിലരെങ്കിലും ‘കേരളഹസാരെ’ എന്നു കളിയായോ കാര്യമായോ വിശേഷിപ്പിക്കുന്നതിനു പ്രേരിതരുമായി. ഈ നിലയിലൊരു കാര്‍ട്ടൂണ്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

baba ramdev-yoga dancingഎന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അണ്ണാഹസാരെ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നുണ്ടായ വിജയലഹരിയില്‍, അണ്ണാഹസാരെ ഗുജറാത്തിലെ നരേന്ദ്രമോഡിഭരണത്തെ നമ്മുടെ കേരളത്തിലെ എ.പി.അബ്ദുള്ളക്കുട്ടിയുടെ ശൈലിയില്‍ പ്രശംസിച്ചു സംസാരിച്ചപ്പോള്‍, അണ്ണാഹസാരയുടേത് ഗാന്ധിയന്‍ മാതൃകയില്‍ നടത്തപ്പെട്ട ബിജെപിക്കുവേണ്ടിയുള്ള നാടകമാണെന്നു ചിലര്‍ക്കെങ്കിലും തോന്നി. നരേന്ദ്രമോഡിയെ പ്രശംസിച്ച ഹസാരെയുടെ നടപടി വേണ്ടത്ര അവധാനതയില്ലാത്തതാണെന്നു ഹസാരയോടൊപ്പംനിന്ന മേധാപട്ക്കര്‍, മല്ലികാസാരാഭായി, സ്വാമി അഗ്നിവേശ് തുടങ്ങിയവര്‍ തുറന്നടിച്ചു. അണ്ണാഹസാരെയോടൊപ്പം നിന്ന സുപ്രീംകോടതി അഭിഭാഷകന്‍ ശാന്തിഭൂഷണിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളും അണ്ണാഹസാരയുടെ വ്യക്തിത്വത്തെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ പൊതുജനസമ്മതിയെ മറയാക്കി സ്വന്തം സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടെന്ന സംശയവും വളരുന്നതിനു ഇടയായി. എന്നാല്‍ ഏറെ കഴിയുന്നതിനുമുമ്പേതന്നെ തന്നെ കോട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തുമോഡല്‍ വികസനം ശരിയല്ലെന്നു അണ്ണാഹസാരെ തിരുത്തി. അഴിമതിയും വ്യാജമദ്യവും അരങ്ങുവാഴുന്ന ഗുജറാത്തിലാണ് തന്റെ അടുത്ത നിരാഹാരമെന്നും ഹസാരെ പ്രസ്താവിച്ചു. ഇതോടെ അണ്ണാഹസാരെയിലെ ഗാന്ധിയന്‍ സത്യാഗ്രഹി ബി.ജെ.പി രാഷ്ട്രീയത്തിനു ഗുണകരമാവില്ല എന്ന സ്ഥിതി പൊതുവേ സംജാതമായി.

ഈ സാഹചര്യത്തിലാണ് കള്ളപ്പണത്തിനെതിരെ കാവിയണിഞ്ഞൊരാള്‍ ഗാന്ധിയന്‍ ശൈലിയില്‍ ഒരു നിരാഹാരസത്യാഗ്രഹനാടകം നടത്തുവാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ബാബാരാംദേവിന്റെ സത്യാഗ്രഹനാടകത്തിനു ആര്‍.എസ്സ്.എസ്സും ബി.ജെ.പിയും പ്രത്യക്ഷമായിതന്നെ പിന്തുണ പ്രഖ്യാപിച്ചു. കര്‍ണ്ണാടകയില്‍ നൂറുകോടി രൂപയിലേറെ വിലയേറിയ കസേരയില്‍ ഇരിയ്ക്കുന്ന anna-hazareനേതാക്കന്മാര്‍വരെയുള്ള ബി.ജെ.പിയുടെ പിന്തുണയുള്ള ഒരു സത്യാഗ്രഹനാടകത്തിന്, കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള ഒരു വേദിതന്നെ ഡല്‍ഹിയിലെ രാംലീലാമൈതാനിയില്‍ ഒരുക്കപ്പെട്ടു. അങ്ങനെ പ്രതിവര്‍ഷം ആയിരംകോടി രൂപയിലേറെ വരുമാനമുള്ള അത്യാഗ്രഹിയായ ബാബാരാംദേവിന്റെ കള്ളപ്പണത്തിനെതിരായ സത്യാഗ്രഹനാടകത്തിന്റെ മറവില്‍ ധാരാളം കള്ളപ്പണം വെള്ളപ്പണമായി മാറി.

ഇതു പൊതുജനത്തിന് എളുപ്പം തിരിച്ചറിയാവുന്ന വിധത്തിലുള്ള അറുവഷളന്‍ നാടകമായിപ്പോയതിനാല്‍ ശ്രീരാമനെ പ്രതി അധികാരം നേടിയ ശൈലിയില്‍ രാംദേവിനെ മുന്‍നിര്‍ത്തി അധികാരം നേടാം എന്ന ബി.ജെ.പിയുടെ വ്യാമോഹത്തിന് കനത്ത തിരിച്ചടി ഉണ്ടാവുകയും ചെയ്തു. ചുരുക്കത്തില്‍ അണ്ണാഹസാരയ്ക്കുലഭിച്ച ജനപിന്തുണപോലും അന്താരാഷ്ട്ര യോഗവ്യാപാരിയുടെ സകല കാപട്യങ്ങളും സ്വന്തമായുള്ള ബാബാരാംദേവിന്റെ ആഢംബരപൂര്‍ണ്ണമായ സത്യാഗ്രഹനാടകത്തിനു ലഭിച്ചിട്ടില്ല. അടിച്ചമര്‍ത്താതെ തന്നെ ജനം അവഗണിയ്ക്കുമായിരുന്ന ഈ സമരാശ്ലീലത്തെ അടിച്ചമര്‍ത്തി എന്ന പ്രതീതിയുണ്ടാക്കിയ പോലീസ് നടപടി കൊണ്ടുമാത്രമാണ് ബാബാരാംദേവിന്റെ ‘സമരാഭാസം’ ഇപ്പോള്‍ ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്നത്. അടുത്ത പേജില്‍ തുടരുന്നു

Advertisement