മെസി മാജിക്ക്; നൂകാമ്പില്‍ യുണൈറ്റഡിനെ തകര്‍ത്ത് ബാഴ്‌സ സെമിയിലേക്ക്
Football
മെസി മാജിക്ക്; നൂകാമ്പില്‍ യുണൈറ്റഡിനെ തകര്‍ത്ത് ബാഴ്‌സ സെമിയിലേക്ക്
ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 7:55 am

നൂകാമ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോളില്‍ മുക്കി ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍. ബാഴ്‌സലോണ എതിരില്ലാത്ത മൂന്നു ഗോളിനാണ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബാഴ്‌സ വിജയതീരത്തെത്തിയത്.

യുണൈറ്റഡിന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചതെങ്കിലും മത്സരത്തിന്റെ 16-ാം മിനിറ്റില്‍ മെസി ബാഴ്‌സയെ മുന്നിലെത്തിച്ചു. യുണൈറ്റഡ് താരം ആഷ്‌ലി യംഗിന്റെ കാലില്‍നിന്നു റാഞ്ചിയ പന്ത് മെസി വലയില്‍ എത്തിക്കുകയായിരുന്നു. നാലു മിനിറ്റിനുശേഷം മെസി വീണ്ടും ലക്ഷ്യം കണ്ടു. മെസിയുടെ ബോക്‌സിനു പുറത്തുനിന്നുള്ള ദുര്‍ബല ഷോട്ട് പിടിക്കാന്‍ യുണൈറ്റഡിന്റെ സൂപ്പര്‍ ഗോള്‍കീപ്പര്‍ ഡി ഗിയക്ക് കഴിഞ്ഞില്ല.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ കുട്ടീഞ്ഞോയുടെ ഗോള്‍ കൂടി പിറന്നതോടെ യുണൈറ്റഡിന്റെ പതനം പൂര്‍ത്തിയായി. ബോക്‌സിനു പുറത്തുനിന്ന് ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് കുട്ടീഞ്ഞോ വല കുലുക്കിയത്.

ലിവര്‍പൂള്‍- പോര്‍ട്ടോ ക്വാര്‍ട്ടറിലെ വിജയികളെയാണ് ബാഴ്‌സ സെമിയില്‍ നേരിടുന്നത്. 2015ന് ശേഷം ആദ്യമായാണ് ബാഴ്സ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്.