'ജോണ്‍ പോളിന്റെ കാര്യത്തില്‍ സേനയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ല'; ഫയര്‍ ഫോഴ്‌സിനെ ന്യായീകരിച്ച് ബി. സന്ധ്യ
Kerala News
'ജോണ്‍ പോളിന്റെ കാര്യത്തില്‍ സേനയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ല'; ഫയര്‍ ഫോഴ്‌സിനെ ന്യായീകരിച്ച് ബി. സന്ധ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 10:53 am

തിരുവനന്തപുരം: തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മരണപ്പെടുന്നതിന് മുമ്പുണ്ടായ ദുരനുഭവം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ. ജോണ്‍ പോളിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ ഫയര്‍ ഫോഴ്‌സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ബി. സന്ധ്യ പറഞ്ഞു.

ഫയര്‍ ഫോഴ്‌സ് ആംബുലന്‍സ് അപകട സമയത്ത് ഉപയോഗിക്കുന്നതിന് തൃക്കാക്കര സ്‌റ്റേഷനില്‍ ആംബുലന്‍സ് ഇല്ലെന്നും ബി. സന്ധ്യ വ്യക്തമാക്കി. ഫയര്‍ ഫോഴ്‌സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

മരണപ്പെടുന്നതിന് മുമ്പ് ജോണ്‍ പോളിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് നടന്‍ കൈലാഷും ജോണ്‍ പോളിന്റെ സുഹൃത്ത് ജോളി ജോസഫും രംഗത്തെത്തിയിരുന്നു. രാത്രി കിടക്കുന്നിതിനിടെ കട്ടിലില്‍ നിന്നും വീണ ജോണ്‍ പോളിന് മൂന്നര മണിക്കൂറോളം നിലത്ത് കിടക്കേണ്ടിവന്നെന്ന് കൈലാഷ് പറഞ്ഞു.

ആംബുലന്‍സ് ഡ്രൈവര്‍മാരേയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും കൈലാഷ് ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കൈലാഷിന്റെ പ്രതികരണം.

തണുത്ത നിലത്ത് അധിക സമയം കിടന്നതോടെ ജോണ് പോള്‍ സാറിന് നടുവേദനയും തുടങ്ങി. തുടര്‍ന്ന് ഞങ്ങള്‍ പില്ലോയും മറ്റും വെച്ചു കൊടുത്തു. ഇതേസമയം തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് സര്‍വീസിന് ഞങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരേയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിന് എത്തിയില്ല.

ഹോസ്പിറ്റല്‍ ഷിഫിറ്റിംഗിന് വരാമെന്നും എന്നാല്‍ ആളുകളെ മാറ്റാന്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു അവരുടെ നിലപാട്. പക്ഷേ നല്ലൊരു സ്ട്രച്ചര്‍ ഇല്ലാതെ അദ്ദേഹത്തെ നമുക്ക് നീക്കാന്‍ സാധിക്കുമായിരുന്നില്ല. കേരളത്തിലെ വിവിധ ആംബുലന്‍സ് ഏജന്‍സികളുമായി നമ്മള്‍ സംസാരിച്ചെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഫയര്‍ ഫോഴ്സിനെ ബന്ധപ്പെട്ടപ്പോഴും ആംബുലന്‍സ് സര്‍വീസ് തേടാനാണ് ആവശ്യപ്പെട്ടതെന്നും കൈലാഷ് പറഞ്ഞിരുന്നു.

ജോണ്‍ പോള്‍ മരിച്ചതല്ല അദ്ദേഹത്തെ ഇവിടുത്തെ വ്യവസ്ഥിതി കൊന്നതാണെന്നാണ് ജോളി ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയത്.

വീട്ടിലെ കട്ടിലില്‍ നിന്നും താഴെ വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസിന്റേയും ആംബുലന്‍സിന്റേയും ഫയര്‍ഫോഴ്സിന്റേയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ജോളി ജോസഫ് പറഞ്ഞു.

Content Highlights: B Sandhya protects fire force in John Paul issue