ക്രിസ്മസിന് ഭവന സന്ദര്‍ശനം, പെരുന്നാളിന് പ്രത്യേക ആശംസ; 'മോദി മിത്രങ്ങളുമായി' ന്യൂനപക്ഷ മോര്‍ച്ച
Kerala News
ക്രിസ്മസിന് ഭവന സന്ദര്‍ശനം, പെരുന്നാളിന് പ്രത്യേക ആശംസ; 'മോദി മിത്രങ്ങളുമായി' ന്യൂനപക്ഷ മോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th March 2023, 8:51 am

കല്‍പ്പറ്റ: കേരളത്തിലെ ന്യൂനപക്ഷ വോട്ടുബാങ്ക് സുരക്ഷിതമാക്കാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബി.ജെ.പി. ന്യൂനപക്ഷ മോര്‍ച്ച വഴി മുസ് ലിം ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ ലക്ഷ്യം വെച്ച് ‘മോദി മിത്രമെന്ന’ പേരില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.

വയനാട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യുവാണ് ഇക്കാര്യം പറഞ്ഞത്. ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് ജമാല്‍ സിദ്ദീഖിയുടെ വയനാട് ജില്ലാ സന്ദര്‍ശനത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്താനുള്ള പുതിയ പദ്ധതികള്‍ക്കാണ് സംഘടന ശ്രമിക്കുന്നതെന്നും ഇതിനായി ക്രിസ്ത്യന്‍ മുസ്‌ലിം മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്താനായി മോദി മിത്രങ്ങള്‍ എന്ന പുതിയ കൂട്ടായ്മ രൂപീകരിക്കും.

കൂട്ടത്തില്‍ ക്രിസ്മസിനും ഈസ്റ്ററിനും ക്രിസ്ത്യന്‍ ഭവന സന്ദര്‍ശനം നടത്താനും പെരുന്നാളിന് മുസ്‌ലിം വീടുകള്‍ സന്ദര്‍ശിക്കാനും ആശംസകള്‍ നേരാനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നോബിള്‍ മാത്യു പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. ഇവരെ ഒരുമിപ്പിച്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ മോദിമിത്രങ്ങള്‍ രൂപീകരിക്കും. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമം. മോദി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചാല്‍ കേരളത്തില്‍ വികസനമുണ്ടാവുമെന്നും അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.പിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാട് ജില്ലക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജമാല്‍ സിദ്ദീഖി അഭിപ്രായപ്പെട്ടു. ജില്ലയിലെ തൊഴിലില്ലായ്മ പരിഹരിക്കാനോ, മെഡിക്കല്‍ കോളേജ് കൊണ്ട് വരാനോ രാഹുല്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂട്ടത്തില്‍ രാഹുല്‍ ഗാന്ധിയെ രക്ഷപ്പെടുത്തിയത് വയനാട് ജില്ലയാണെന്നും അഭിപ്രയപ്പെട്ട അദ്ദേഹം ഇവിടെ മത്സരിച്ചില്ലായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് കാണില്ലായിരുന്നെന്നും പരിഹസിച്ചു.

Content Highlight: B.J.P plans to form modimithra groups to influence minorities in kerala