എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി-ജെ.ഡി.യു അയയുന്നില്ല: നിതീഷിനെ കാണാന്‍ ബി.ജെ.പി നേതാക്കള്‍ വിസമ്മതിച്ചു
എഡിറ്റര്‍
Saturday 15th June 2013 1:22pm

nitish-kumar

പാറ്റ്‌ന: ബിഹാറില്‍ ബി.ജെ.പി-ജെഡിയു മുന്നണി ബന്ധം കൂടുതല്‍ വഷളാകുന്നു.  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്താന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ വിസമ്മതിച്ചു.
Ads By Google

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാ നാകില്ലെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയാണു ബിജെപിയെ ചൊടിപ്പിച്ചത്.

എന്‍.ഡി.എയുടെ സംസ്ഥാന കണ്‍വീനറും മന്ത്രിയുമായ നന്ദ കിഷോര്‍ യാദവിനെയും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയെയുമാണ് നിതീഷ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്.

എന്നാല്‍ ഇരുവരും കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുകയായിരുന്നു. തങ്ങള്‍ സംസ്ഥാന നേതാക്കളാണെന്നും പ്രധാനമന്ത്രി പദത്തെക്കുറിച്ച് സംസാരിക്കാന്‍ അധികാരമില്ലെന്നും പാര്‍ട്ടിയുടെ ദേശീയ നേതാക്കളാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തേണ്ടതെന്നും പറഞ്ഞാണ് ഇരുവരും കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചത്.

നരേന്ദ്രമോഡിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം നല്‍കിയതു മുതലാണ് ജെഡി(യു)വും ബി.ജെ.പിയുമായി അകല്‍ച്ച തുടങ്ങിയത്.

നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നു ബിജെപി പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്. രണ്ടു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തണമെന്നും നിതീഷ് ആവശ്യപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.

കാര്യങ്ങള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനായ രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കൂടിക്കാഴ്ചയുടെ കാര്യമില്ലെന്നും നിതീഷിനെ അറിയിച്ചതായി നന്ദ കിഷോര്‍ യാദവ് വ്യക്തമാക്കി.

അതിനിടെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെ.ഡി.യു കോര്‍ കമ്മറ്റി യോഗം ചേരുകയാണ്.  പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തത്തില്‍ ജെഡിയുവിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗം നാളെ ചേരാനിരിക്കയാണ്. ഇന്നലെ ബിജെപി മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയിരുന്നില്ല.

Advertisement