Administrator
Administrator
മോഹന്‍ലാലും മമ്മൂട്ടിയും ഉണങ്ങിയ വടവൃക്ഷങ്ങള്‍ : അഴീക്കോട്
Administrator
Thursday 25th February 2010 6:59pm

കോഴിക്കോട്: മോഹന്‍ലാലിനും ഇന്നസെന്റിനുമെതിരെ ശക്തമായ പരിഹാസവും വിമര്‍ശനവുമായി സുകുമാര്‍ അഴീക്കോടിന്റെ വാര്‍ത്താ സമ്മേളനം. മോഹന്‍ലാല്‍ കുങ്കുമം ചുക്കുന്ന കഴുതയെപ്പോലെയാണ്, ഇന്നസെന്റിന് വിവരമില്ലാത്തവന്‍ എന്ന അര്‍ഥവുമുണ്ട്. പേര് ഇതുപോലെ അന്വര്‍ഥമാക്കിയ ഒരാളെ വേറെ കണ്ടിട്ടില്ല, മോഹന്‍ലാലും മമ്മൂട്ടിയും ഉണങ്ങിയ വട വൃക്ഷങ്ങളാണ്; ഇങ്ങിനെയായിരുന്നു അഴീക്കോടിന്റെ വിമര്‍ശനം. രാവിലെ അഴീക്കോടിനെതിരെ ഇന്നസെന്റ് വാര്‍ത്താ സമ്മേളനം നടത്തിയ അതേ വേദിയില്‍ വെച്ചാണ് വൈകീട്ട് അഴീക്കോട് തിരിച്ചടിച്ചത്.

മരിച്ചുപോയ സഹോദരന്‍ പ്യാരിലാലിന്റെ സ്വത്ത് തട്ടിയെടുത്തയാളാണ് നന്‍മയെക്കുറിച്ച് പ്രസംഗിക്കുന്ന മോഹന്‍ലാലെന്ന് തനി്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്യാരിലാലിന്റെ ഭാര്യക്കും മക്കള്‍ക്കും അവകാശപ്പെട്ട സ്വത്താണ് മോഹന്‍ലാല്‍ തട്ടിയെടുത്തത്. മോഹന്‍ലാലിന്റെ കപട ധാര്‍മ്മിക പ്രസംഗത്തില്‍ വിഷമം തോന്നിയ തിരുവനന്തപുരത്തുള്ള ഒരാളാണ് തന്നെ വിളിച്ച് ഈ വിവരം പറഞ്ഞത്. ഈ വിവരം തെറ്റാണെങ്കില്‍ മാപ്പ് പറയാനും താന്‍ തയ്യാറാണ്.

സാഹിത്യത്തില്‍ മാത്രമല്ല, പല മണ്ഡലങ്ങളിലും വിഹരിച്ചയാളാണ് ഞാന്‍. ഞാന്‍ സിനിമയെക്കുറിച്ചെഴുതിയ ലേഖനങ്ങള്‍ ശേഖരിച്ചാല്‍ ഇത് പുസ്തകമാക്കി മാറ്റാം.
കല ആത്മാവില്‍ നിന്നുണ്ടാവേണ്ടതാണ്. സ്വന്തമായി ഒരു വാക്ക് ജീവിതത്തില്‍ എഴുതാത്തവരാണ് തന്റെ കൃതിയെക്കുറിച്ചും ഭാഷയെക്കുറിച്ചും പറയുന്നത്. തത്വമസിയെന്ന പുസ്‌കം ഒരാള്‍ക്ക് ജീവിതത്തില്‍ ഒരു തവണ മാത്രമേ എഴുതാനാകൂ. 200 വര്‍ഷത്തിനിടയില്‍ ഇങ്ങിനെയൊരു പുസ്തകം ഉണ്ടായിട്ടില്ല. സിനിമ പോലെ എല്ലായ്‌പോഴും ചെയ്യാന്‍ കഴിയുന്നതാണ് എഴുത്തെന്നാണ് ഇവര്‍ പറയുന്നത്. സാഹിത്യത്തില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ല.

സിനിമ പ്രശ്‌നത്തില്‍ ഇടപെടാന്‍ എനിക്ക് ഇവരുടെ ആവശ്യമില്ല. വി എസിനെയും പിണറായിയെയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അവരൊന്നും വിമര്‍ശിക്കാന്‍ എനിക്ക് അധികാരമില്ലെന്ന് പറഞ്ഞിട്ടില്ല. അനീതിയെ എതിര്‍ക്കുകയെന്നത് ചെറുപ്പം മുതല്‍ എന്റെ മനസില്‍ രൂഢമൂലമായതാണ്. അത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ഞാന്‍ ചെയ്യും.

പ്രതാപകാലത്തിന്റെ മധ്യാഹ്നം കഴിഞ്ഞതിന്റെ വെപ്രാളമാണ് ഇവര്‍ക്ക്. സംഘടനയെന്നത് ഇവരുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമാണ്. എനിക്ക് തലമുടി കുറവാണ് എന്നാല്‍ ഉള്ളത് എന്റെ സ്വന്തമാണ്. ഏതെങ്കിലും ഷാപ്പിലേതല്ല. വൃദ്ധന്‍ വൃദ്ധന്റെ വേഷമേ സ്വീകരിക്കാവൂ. ഹിന്ദിയിലെ അശോക് കുമാര്‍ വലിയ നടനായിരുന്നു. എന്നാല്‍ വൃദ്ധനായപ്പോള്‍ അവരെല്ലാം വൃദ്ധവേഷമാണ് ചെയ്തത്.

രാമ നാമം വൃദ്ധന്‍മാര്‍ക്ക് ചൊല്ലാനുള്ളതെന്നത് ഇന്നസെന്റിന്റെ പൊട്ട അറിവാണ്. രാമനാമം ഭക്തന്‍മാര്‍ക്കുള്ളതാണ്. രാമനാമം ചൊല്ലുന്നതിന് ലിംഗവും പ്രായവുമില്ല. കേരളീയ ജീവിതത്തെയും സാംസ്‌ക്കാരികാവസ്ഥയെയും കുറിച്ച് വിവരമില്ലാത്ത പാമരന്‍മാരുടെ ‘ഗ്വാ ഗ്വാ’ വിളികളാണ് ഇവര്‍ നടത്തുന്നത്.

എന്റെ ഭാഷ മോശമാണെന്നാണ് ഇന്നസെന്റ് പറഞ്ഞത്. ഇതിന് മുമ്പ് കുട്ടികൃഷ്ണ മാരാരാണ് ഇങ്ങിനെ പറഞ്ഞത്. എന്റെ എഴുത്തില്‍ സംസ്‌കൃത പദങ്ങള്‍ കൂടുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പിന്നീട് മാരാര്‍ അദ്ദേഹത്തിന്റെ പുസ്തകത്തിന് എന്നെക്കൊണ്ട് അവതാരിക എഴുതിച്ചു. സിനിമാ തര്‍ക്കത്തില്‍ ഇടപെട്ട ശേഷം എന്റെ ഭാഷ അല്‍പം മോശമായിട്ടുണ്ട്. ഒരാഴ്ച കൊണ്ട് അത് ശരിയാക്കാനാകുമെന്നാണ് കരുതുന്നത്.

എന്റെ പ്രസംഗത്തിന് വിലയിടാനാകുന്ന ഒരു പൊതു പ്രസ്ഥാനം കേരളത്തിലില്ല. പ്രസംഗത്തിന് വിലയിടാമായിരുന്നെങ്കില്‍ ഞാനിന്ന് കോടീശ്വരനായേനെ. പ്രസംഗത്തിനു പോകുമ്പോള്‍ ലഭിക്കുന്നത് നഷ്ടപരിഹാരമാണ്. പെട്രോള്‍ ചെലവഴിച്ച് പ്രസംഗസ്ഥലത്തേക്കെത്തുന്നതിനുള്ള ടി എ ആണിത്. സിനിമ നല്‍കിയ സങ്കുചിത ലോകം മാത്രമാണ് ഇവര്‍ക്കുള്ളത്. പട്ടണി കിടന്നയാള്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ പോലെയാണ് പെരുമാറുന്നതെന്നതെന്ന് ഇന്നസെന്‍ര് വീട്ടിലെ അടുക്കളയില്‍ പോയി സ്വന്തം ഭാര്യയോട് പറയണം.

മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന ആളാണ് ഞാന്‍. 25 വയസു തൊട്ട് ആഗ്രഹിക്കുന്നതില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ജാതക ദോശമാണ്ത. വിവരമില്ലാത്തവന്‍ ആനപ്പുറത്ത് കയറിയ സ്ഥിതിയിലാണ് ഇവര്‍ പെരുമാറുന്നത്. സിനിമ കണ്ടാലേ സിനിമയെ വിമര്‍ശിക്കാകൂവെന്ന് പറയുന്നത് തസ്ലീമ നസ്രീന്റെ പുസത്കം നിരോധിച്ചത് എതിര്‍ക്കണമെങ്കില്‍ അവരുടെ പുസ്തകം വായിക്കണമെന്ന് പറയുന്നത് പോലെയാണെന്നും അഴീക്കോട് പറഞ്ഞു.

Advertisement