'വൈകിട്ട് എന്താ പരിപാടിയെന്ന് മമ്മൂക്ക, ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഡിന്നര്‍ കഴിക്കാന്‍ റൂമിലേക്ക് വരാന്‍ പറഞ്ഞു'; രസകരമായ അനുഭവം പറഞ്ഞ് അസീസ് നെടുമങ്ങാട്
Entertainment
'വൈകിട്ട് എന്താ പരിപാടിയെന്ന് മമ്മൂക്ക, ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഡിന്നര്‍ കഴിക്കാന്‍ റൂമിലേക്ക് വരാന്‍ പറഞ്ഞു'; രസകരമായ അനുഭവം പറഞ്ഞ് അസീസ് നെടുമങ്ങാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th June 2021, 5:20 pm

കോമഡി ഷോകളിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച നടനാണ് അസീസ് നെടുമങ്ങാട്. താനൊരു മമ്മൂട്ടി ആരാധകനാണെന്ന് പൊതുവേദികളില്‍ അസീസ് തുറന്നുപറഞ്ഞിട്ടുമുണ്ട്.

മമ്മൂട്ടിയോടൊപ്പം വണ്‍, പരോള്‍ എന്നീ ചിത്രങ്ങളില്‍ അസീസ് അഭിനയിച്ചിട്ടുമുണ്ട്. പല ചിത്രങ്ങളിലും മമ്മൂക്ക തന്നെ നിര്‍ദ്ദേശിക്കാറുണ്ടെന്നും അസീസ് പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അസീസ് മനസ്സുതുറന്നത്.

വളരെ നന്നായി സംസാരിക്കുന്ന, തമാശ പറയുന്നയാളാണ് മമ്മൂക്കയെന്നും ഒരു ജാഡയും അദ്ദേഹത്തില്‍ താന്‍ കണ്ടിട്ടില്ലെന്നും അസീസ് പറഞ്ഞു.

‘ഞാന്‍ ഇന്നുവരെ ലാലേട്ടനോടൊപ്പം അഭിനയിച്ചിട്ടില്ല. എന്നെ രണ്ട് സിനിമയില്‍ വിളിച്ച് അഭിനയിപ്പിച്ചത് മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ പരോള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂക്ക തന്നെയാണ് എന്നെ നിര്‍ദ്ദേശിച്ചത്. ആ സിനിമയുടെ തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുര എനിക്ക് വേണ്ടി എഴുതിയ കഥാപാത്രമായിരുന്നു കൊട്ടാരം വാസു എന്നത്. കഥ വായിക്കുന്ന സമയത്ത് കൊട്ടാരം വാസു എന്ന് കണ്ടപ്പോള്‍ മമ്മൂക്ക ചോദിച്ചു. അതാരാ ചെയ്യുന്നതെന്ന്. ആര്‍ട്ടിസ്റ്റ് ഫിക്‌സ് ആയിട്ടില്ലെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം എന്റെ പേര് പറഞ്ഞത്. അപ്പോള്‍ തന്നെ അജിത്തേട്ടനും പറഞ്ഞു, താനും അസീസിനെയാണ് ഈ കഥാപാത്രമായി ഉദ്ദേശിച്ചതെന്ന്,’ അസീസ് പറയുന്നു.

വണ്‍ എന്ന ചിത്രത്തിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിനും തന്നെ നിര്‍ദ്ദേശിച്ചത് മമ്മൂക്കയായിരുന്നുവെന്നും അസീസ് പറഞ്ഞു. മമ്മൂക്കയോട് കൂടുതല്‍ അടുത്തിടപഴകിയപ്പോഴാണ് അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് മനസ്സിലാകുന്നതെന്നും ജാഡ എന്നൊക്കെ ചിലര്‍ പറയുന്നത് വെറുതെ ആണെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

ഇതിനുദാഹരണമായി മമ്മൂക്കയോടൊപ്പം പരോള്‍ സിനിമ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരനുഭവവും അസീസ് പങ്കുവെച്ചു.

ഷൂട്ടിംഗ് കഴിഞ്ഞ ഒരു ദിവസം മമ്മൂക്ക ഇറങ്ങാന്‍ നേരത്ത് എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു. ഇന്നെന്താ വൈകിട്ട് പരിപാടി എന്ന് ചോദിച്ചു. ഒന്നുമില്ല. ഷൂട്ടിംഗ് കഴിഞ്ഞ് റൂമില്‍ പോകും എന്ന് ഞാന്‍ പറഞ്ഞു. ആഹ്, എന്നാ റൂമിലേക്ക് വാ. ഒരുമിച്ച് ഡിന്നര്‍ കഴിക്കാം എന്നുപറഞ്ഞു. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. പുള്ളി ആറുമണിയായപ്പോള്‍ പോകുകയും ചെയ്തു. ഞങ്ങള്‍ക്ക് 9 മണിവരെ ഷൂട്ട് ഉണ്ടായിരുന്നു. ആരോട് പോയി പറയും മമ്മൂക്ക ഡിന്നര്‍ കഴിക്കാന്‍ വിളിച്ചിട്ടുണ്ടെന്ന്. എവിടെ പോണം, ആരോട് ചോദിക്കും. ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി. ഉടനെ എനിക്ക് ഒരു കോള്‍ വന്നു. മമ്മൂക്കയുടെ മേക്കപ്പ് മാന്‍ ജോര്‍ജേട്ടനായിരുന്നു അത്. ഒരു വണ്ടി വിട്ടുണ്ട്. അതില്‍ കേറി ഇങ്ങോട്ട് വന്നോളു എന്ന് അദ്ദേഹം പറഞ്ഞു. ഞാനും കലാഭവന്‍ ഹനീഫയ്ക്കും ആ വണ്ടിയില്‍ കയറി പോയി,’ അസീസ് പറഞ്ഞു.

റൂമിലെത്തിയപ്പോള്‍ മുതല്‍ പിന്നെ മമ്മൂക്ക സംസാരവും തമാശയും ഒക്കെയായിരുന്നുവെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. ഏകദേശം 1 മണിവരെ സംസാരം തുടര്‍ന്നുവെന്നും അസീസ് പറയുന്നു.

‘ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ഭാര്യയെ വീഡിയോ കോള്‍ ചെയ്തത്. മമ്മൂക്ക അത് കണ്ടിരുന്നു. പെട്ടെന്ന് ചോദിച്ചു. ആരാ വീഡിയോ കോളിലെന്ന്. ഞാന്‍ ഫോണ്‍ മമ്മൂക്കയ്ക്ക് മുന്നിലേക്ക് തിരിച്ചു. മമ്മൂക്കയെ കണ്ടയുടനെ ഭാര്യ ഞെട്ടി ഫോണ്‍ കട്ട് ചെയ്ത് പോയി. അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല,’ അസീസ് പറയുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Azeez Nedumangad Shares Experience With Mammootty