ബാബറി മസ്ജിദ് നിലനിന്നിരുന്ന അതേയിടത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം: ബി.ജെ.പിയോട് കോണ്‍ഗ്രസ് നേതാവ് വീരഭദ്ര സിങ്
national news
ബാബറി മസ്ജിദ് നിലനിന്നിരുന്ന അതേയിടത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം: ബി.ജെ.പിയോട് കോണ്‍ഗ്രസ് നേതാവ് വീരഭദ്ര സിങ്
ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2019, 12:31 pm

 

ഷിംല: അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന അതേയിടത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീര്‍ഭദ്ര സിങ്. ഷിംലയിലെ ഹോളി ലോഡ്ജിലുള്ള വസതിയില്‍ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ കടന്നുവന്നത് വൈകിയാണ്. അയോധ്യയിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്തതിനുശേഷമാണ് അവിടെ പള്ളി നിര്‍മ്മിച്ചത്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ ഭഗവാന്‍ രാമന്റെ തലസ്ഥാനമാണ് അയോധ്യ. ബാബറി മസ്ജിദ് തകര്‍ത്തു കഴിഞ്ഞില്ലേ, ഇനി ക്ഷേത്രം നിര്‍മ്മിക്കൂ.’ എന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം നിര്‍മ്മിക്കാനുള്ള ധൈര്യം ബി.ജെ.പിക്ക് ഇല്ലെന്നും വീര്‍ഭദ്ര സിങ് പറഞ്ഞു. ‘അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അവര്‍ ക്ഷേത്രം നിര്‍മ്മിക്കുമായിരുന്നു. അവിടെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള വഴിയൊരുക്കണം.’ അദ്ദേഹം പറഞ്ഞു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട തന്റെ നിലപാട് തീര്‍ത്തും വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള വില്‍ പവര്‍ ബി.ജെ.പിക്ക് ഇല്ലെന്ന് സിങ്ങിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവ് മുകേഷ് അഗ്നിഹോത്രി പറഞ്ഞു.