Administrator
Administrator
തര്‍ക്ക ഭൂമി വിഭജിക്കും; വഖഫ് ബോര്‍ഡ് അപ്പീലിന്
Administrator
Friday 1st October 2010 11:15am

ലക്‌നൗ: ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.7 ഏക്കര്‍ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ്. രാമവിഗ്രഹം കണ്ടെത്തിയ പള്ളിയുടെ പ്രധാന താഴികക്കുടത്തിന് താഴെയുള്ള സ്ഥലമുള്‍പ്പെടെയുള്ള പ്രദേശമാണ് ഹിന്ദു മഹാസഭക്ക് നല്‍കുക. അവിടെ ക്ഷേത്രം നിര്‍മ്മിക്കനും അനുമതി നല്‍കിയിട്ടുണ്ട്. തൊട്ടടുത്തുള്ള പ്രദേശമാണ് ബാബരി മസ്ജിദ് കമ്മിറ്റിക്ക് നല്‍കിയത് അവിടെ പള്ളി നിര്‍മ്മിക്കാനും അനുമതിയുണ്ട്. സീതാദേവി രസൂയ നിലനിന്ന സ്ഥലമാണ് സന്യാസി സഭയായ നിര്‍മോഹി അഖാഡക്ക് നല്‍കും.

സ്ഥലം പൂര്‍ണമായി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന നിര്‍മോഹി അഖാഡയുടെയും സുന്നി വഖഫ് ബോര്‍ഡിന്റെയും ഹരജി കോടതി തള്ളി. ഹൈക്കോടതിയുടെ ലക്‌നോ ബഞ്ചിലെ ജസ്റ്റീസുമാരായ എസ്.യു. ഖാന്‍, സുധീര്‍ അഗര്‍വാള്‍, ഡി.വി. ശര്‍മ എന്നിവരാണ് 60 വര്‍ഷം പഴക്കമുള്ള കേസില്‍ വിധി പ്രഖ്യാപിച്ചത്.

പള്ളി നിന്നിരുന്ന സ്ഥലം രാമന്‍ ജനിച്ച സ്ഥലമാണെന്ന ഹിന്ദുമഹാസഭയുടെയും നിര്‍മോഹി അഖാഡയുടെയും വാദം ജസ്റ്റിസുമാരായ സുധീര്‍ അഗര്‍വാള്‍, ഡി വി ശര്‍മ എന്നിവര്‍ അംഗീകരിച്ചപ്പോള്‍ എസ് യു ഖാന്‍ ഇതിനെ എതിര്‍ത്തു. രാമക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഖാന്‍ പള്ളി നിര്‍മിക്കുന്നതിന് ഏറെക്കാലം മുമ്പ് തകര്‍ന്നു പോയ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പള്ളി നിര്‍മിക്കാന്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. പള്ളി നിര്‍മിച്ചത് ബാബറോ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമോ ആണ്. 1949 ഡിസംബര്‍ 23ന് ഇവിടെ വിഗ്രഹം സ്ഥാപിക്കുകയായിരുന്നുവെന്നും ഖാന്‍ ചൂണ്ടിക്കാട്ടി.
കോടതി കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍

1. ഹിന്ദു വിശ്വാസപ്രകാരം അയോധ്യയിലെ തര്‍ക്ക ഭൂമി രാമജന്മസ്ഥലമാണ്.

2. പൊളിക്കപ്പെട്ട കെട്ടിടം പള്ളിയാണെന്നാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അത് ബാബര്‍ 1528ല്‍ നിര്‍മ്മിച്ചതാണെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.

3. ഹിന്ദു ക്ഷേത്രം പോലുള്ള ഇസ്‌ലാമികമല്ലാത്ത ഒരു ആരാധനാലയം തകര്‍ത്താണ് അവിടെ പള്ളി നിര്‍മ്മിച്ചത്.

4. പള്ളിക്കുള്ളില്‍ കണ്ടെടുത്തതെന്ന് പറയുന്ന രാമവിഗ്രഹം 1949 ഡിസംബര്‍ 22,23 തീയതികളില്‍ പുറത്ത് നിന്ന് ആരോ അവിടെ കൊണ്ടുവെച്ചതാണ്.

5. പള്ളി മുസ്‌ലിംകള്‍ പ്രാര്‍ഥനക്കായി ഉപയോഗിച്ചിരുന്നില്ല. മുസ്‌ലിം മത വിശ്വാസങ്ങള്‍ക്ക് എതിരായാണ് പള്ളി നിര്‍മ്മിച്ചത്.

6. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നടപടിയെടുക്കണം.

വിധി സ്വാഗതാര്‍ഹമെന്നാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭഗവത് പ്രതികരിച്ചത്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. വിധി രാജ്യ താല്‍പര്യത്തെ പരിഗണിച്ചുള്ളതാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

അറുപത് വര്‍ഷം നീണ്ട തര്‍ക്കത്തിനാണ് അലഹബാദ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. തര്‍ക്കസ്ഥലത്ത് പൂജക്ക് അനുമതി തേടി 1950ല്‍ ഗോപാല്‍സിങ് വിശാരദ് എന്നയാളാണ് ആദ്യ ഹരജി നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് 1950ല്‍ത്തന്നെ മറ്റൊരാള്‍കൂടി ഹരജി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. റിസീവറില്‍നിന്ന് തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുതരണമെന്നാവശ്യപ്പെട്ട് 1959ല്‍ നിര്‍മോഹി അഖാഡ ഹര്‍ജി ഫയല്‍ ചെയ്തു. 1961ല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് യു.പി. സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖഫ് ഫയല്‍ ചെയ്തതാണ് നാലാമത്തെ ഹരജി.

1989ല്‍ ഭൂമിയില്‍ അവകാശം ഉന്നയിച്ച് ഒഹിന്ദു മഹാസഭയും ഹരജി ഫയല്‍ ചെയ്തു. അങ്ങിനെ ഫൈസാബാദ് സിവില്‍ കോടതിയില്‍ 1989 വരെ നാലു ഹരജികളാണ് അവശേഷിച്ചിരുന്നത്. 1989ല്‍ യു.പി.യിലെ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ അപേക്ഷപ്രകാരം ഈ ഹരജികളെല്ലാം ഒരു ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.

അയോധ്യ വിധിയുടെ പൂര്‍ണരൂപം
അയോധ്യ: കാലവും ചരിത്രവും

Advertisement