അയോധ്യയിലെ തര്‍ക്കഭൂമി 2.27 ഏക്കര്‍ അല്ല, വെറും 30 സെന്റ്; വാസ്തവം ഇങ്ങനെ
India
അയോധ്യയിലെ തര്‍ക്കഭൂമി 2.27 ഏക്കര്‍ അല്ല, വെറും 30 സെന്റ്; വാസ്തവം ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 4:23 pm

ന്യൂദല്‍ഹി: ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഇന്നലെയാണ് അവസാനമായത്.

2.27 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം യഥാര്‍ത്ഥത്തില്‍ തര്‍ക്കഭൂമി 2.27 ഏക്കര്‍ അല്ല. വെറും 30 സെന്റ് മാത്രമാണ്.

അയോധ്യയിലെ തര്‍ക്ക സ്ഥലവുമായി ബന്ധപ്പെട്ട് അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണ ഘടനാ ബെഞ്ച്, വളരെ ചെറിയ ഒരു സ്ഥലത്തെ കുറിച്ചുള്ള തര്‍ക്കത്തിലാണ് വിധി പറയുന്നതെന്ന് വിശദമായ വിധിന്യായത്തിന്റെ പ്രാരംഭ ഖണ്ഡികയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതി ശനിയാഴ്ച പുറപ്പെടുവിച്ച വിധിയിൽ നിന്നും

”അയോധ്യ നഗരത്തില്‍ 1,500 ചതുരശ്രയടി (0.309 ഏക്കര്‍) വിസ്തീര്‍ണ്ണമുള്ള ഒരു ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ടുകൊണ്ട് രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് വിധി പറയുന്നത്”- എന്നാണ് 1045 പേജുള്ള വിധിന്യായത്തിന്റെ പ്രാരംഭ വാചകത്തില്‍ പറഞ്ഞിരിക്കുന്നത്.

ഈ 0.309 ഏക്കറില്‍ അകത്തെ മുറ്റവും പുറത്തെ മുറ്റവും, ‘സീത കി റാസോയി’ എന്നീ ഭാഗങ്ങളാണ് ഉള്‍പ്പെടുന്നത്. ബാബറി മസ്ജിദ് പൊളിക്കുന്നതിനിടെ രാം ചബുത്ര ഭാഗവും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി വിധിയില്‍ പറയുന്നു.

0.309 ഏക്കറും സമീപ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന 2.77 ഏക്കര്‍ ഭൂമി കല്യാണ്‍ സിംഗ് സര്‍ക്കാര്‍ 1991 ല്‍ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അയോധ്യയിലെ തീര്‍ഥാടകര്‍ക്കുമായി ഏറ്റെടുത്തിരുന്നു.

ഈ ഏറ്റെടുക്കലിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ബാബ്‌റി പള്ളി പൊളിച്ച് അഞ്ച് ദിവസത്തിന് ശേഷം 1992 ഡിസംബര്‍ 11 ന് വന്ന വിധിന്യായത്തില്‍ ഈ ഹരജി മാറ്റിവെച്ചു.

സുപ്രീം കോടതി ശനിയാഴ്ച പുറപ്പെടുവിച്ച വിധിയിൽ നിന്നും

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്ക് ശേഷം പ്രസിദ്ധീകരിച്ച രണ്ട് മാധ്യമ റിപ്പോര്‍ട്ടുകളിലാണ് 2.27 ഏക്കര്‍ എന്ന കണക്ക് വന്നത്. നിരവധി അഭിഭാഷകരും ഈ കണക്ക് പറഞ്ഞു തുടങ്ങി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘2.27 ഏക്കര്‍ എന്ന കണക്ക് അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് വന്നത്. ഇത് ഒരിക്കലും ആരും തിരുത്തിയില്ല. തര്‍ക്കഭൂമി വെറും 1,500 ചതുരശ്ര യാര്‍ഡിന് വേണ്ടി മാത്രമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് 0.3 ഏക്കര്‍, അല്ലാതെ 2.77 ഏക്കറല്ല -‘കേസില്‍ ഹിന്ദു പാര്‍ട്ടികള്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകരിലൊരാളായ വിഷ്ണു ജെയിന്‍ ന്യൂസ് 18 നോട് പറഞ്ഞു,

ഇന്നലെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യയിലെ 0.309 ഏക്കര്‍ (30 സെന്റ്) ഭൂമിയുടെ അവകാശം രാം ലല്ലയ്ക്ക് നല്‍കിയത്. മുസ്‌ലീങ്ങള്‍ക്ക് പകരം ഭൂമിയായി അഞ്ച് ഏക്കര്‍ സ്ഥലം അയോധ്യയില്‍ തന്നെ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.