ലോകശ്രദ്ധ നേടി മിന്നല്‍ മുരളി; ആശംസകള്‍ നേര്‍ന്ന് ഓസ്‌കാര്‍ ജേതാവ് എലന്‍ സില്‍വെസ്ട്രി
Film News
ലോകശ്രദ്ധ നേടി മിന്നല്‍ മുരളി; ആശംസകള്‍ നേര്‍ന്ന് ഓസ്‌കാര്‍ ജേതാവ് എലന്‍ സില്‍വെസ്ട്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th December 2021, 1:09 pm

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രം ഇതിനോടകം തന്നെ രാജ്യശ്രദ്ധ നേടികഴിഞ്ഞു. ഇപ്പോഴിതാ മിന്നല്‍ മുരളി ലോക ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

ഒരു വര്‍ഷം മുമ്പ് ‘എക്ട്രാക്ഷന്‍’ സിനിമയുടെ സംവിധായകന്‍ സാം ഹാര്‍ഗ്രേവ് മിന്നല്‍ മുരളിയുടെ ടീസര്‍ വെച്ചിരുന്നു. ഹോളിവുഡ് സംഗീത സംവിധായകനായ എലന്‍ സില്‍വെസ്ട്രിയും മിന്നല്‍ മുരളിക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

‘ഫോറസ്റ്റ് ഗംപ്’, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്സ്’, ‘അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍’, ‘അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ എലന്‍ സില്‍വെസ്ട്രി ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് കൂടിയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആശംസകളറിയിച്ച എലന്‍ മിന്നല്‍ മുരളിയുടെ ട്രെയ്ലറും പങ്കുവെച്ചിരുന്നു. ‘ഈ മനോഹരമായ സിനിമയ്ക്ക് ആശംസകള്‍ നേരുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി ഡിസംബര്‍ 24 നാണ് നെറ്റ്ഫ്ളിക്സിലൂടെ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുക.
കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, സുഷില്‍ ശ്യാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: avengers-composer-alan-silvestri-extends-his-best-wishes-to-tovino-thomass-minnal-murali