സമുദ്ര ലോകത്തെ മായകാഴ്ചകളുമായി അവതാര്‍ 2 നാളെ തിയേറ്ററുകളിലേക്ക്
Entertainment news
സമുദ്ര ലോകത്തെ മായകാഴ്ചകളുമായി അവതാര്‍ 2 നാളെ തിയേറ്ററുകളിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th December 2022, 8:59 pm

 

സമുദ്ര ലോകത്തെ മായകാഴ്ചകള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ജെയിംസ് കാമറൂണിന്റെ അവതാര്‍ രണ്ടാം ഭാഗം നാളെ(ഡിസംബര്‍ 16) തിയേറ്ററുകളിലെത്തും. കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. അവതാറില്‍ നിന്നും വ്യത്യസ്തമായി എന്ത് മാജിക്കായിരിക്കും അവതാര്‍ 2ല്‍ കാമറൂണ്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്നറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

ജയ്ക് സുള്ളി, നെയ്‌തേരി, എയ്വ, ഗ്രേസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പാന്‍ഡോറ എന്ന ഗ്രഹത്തിലെ മനുഷ്യനോട് രൂപ സാദൃശ്യമുള്ള നാവി എന്ന് പേരുള്ള ഒരു ജീവി സമൂഹത്തിന്റെ കഥയാണ് അവതാര്‍ പറഞ്ഞത്. ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ് പന്‍ഡോറയുടെ അത്ഭുത കാഴ്ചകള്‍.

പാന്‍ഡോറയിലേക്ക് ഒരു ഖനനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ എത്തുന്നതും പിന്നീട് നടക്കുന്ന കഥകളുമാണ് അവതാര്‍ ഒന്നാം ഭാഗത്തിന്റെ ഇതിവൃത്തം. അവതാര്‍ ആദ്യ ഭാഗമെത്തി കൃത്യം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒന്നാം ഭാഗം പോലെ തന്നെ അല്ലെങ്കില്‍ അതിനേക്കാളേറെ ആരും കണ്ടിരുന്നു പോകുന്ന ദൃശ്യ വിരുന്നാകും ചിത്രമെന്നാണ് കാമറൂണ്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഏതൊരു പ്രേക്ഷകനേയും എഴുന്നേറ്റ് നിന്ന് കൈയ്യടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പല ദൃശ്യങ്ങളും ചിത്രത്തിലുണ്ടാകുമെന്നും,ഇന്നോളം ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള പുതിയ ജീവികളെയാണ് സംവിധായകന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നത്.

നീണ്ട പതിനഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കാമറൂണ്‍ അവതാര്‍ ഒന്നാം ഭാഗമൊരുക്കിയത്. സ്‌ക്രിപ്റ്റ് തയ്യാറാക്കാന്‍ മാത്രം കാമറൂണിന് വേണ്ടി വന്നത് ആറ് വര്‍ഷമായിരുന്നു. പ്രൊഡക്ഷനു വേണ്ടി 9 വര്‍ഷവും.

ലോകത്തില്‍ വെച്ച് ഇന്നോളം പുറത്തിറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ ചിത്രവും അവതാര്‍ തന്നെയാണ്. ടൈറ്റാനികിലെ നായികയായ കെയ്റ്റ് വിന്‍സ്ലെറ്റ് അവതാര്‍ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നതും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്. എന്തായാലും കടലിനടിയിലെ വിസ്മയങ്ങള്‍ക്കായി സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

content highlight: avatar the way of water releasing tomorrow