സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; രോഹിതിന്റെ സെഞ്ച്വറി പാഴായി
Cricket
സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; രോഹിതിന്റെ സെഞ്ച്വറി പാഴായി
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 4:20 pm

സിഡ്‌നി: ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിന് മുമ്പില്‍ ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി. രോഹിത് ശര്‍മ്മയുടെ (133) സെഞ്ച്വറി മികവില്‍ ഇന്ത്യയ്ക്ക് 254 റണ്‍സെടുക്കാന്‍ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയ ആധിപത്യം നേടിയിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ശിഖാര്‍ ധവാന്‍, അമ്പാട്ടി റായ്ഡു, വിരാട് കോഹ്‌ലി എന്നിവരെ പെട്ടെന്ന് നഷ്ടമായി. പെട്ടെന്ന് മൂന്നു വിക്കറ്റുകള്‍ നഷ്ടമാക്കിയ ഇന്ത്യയെ രോഹിത് ശര്‍മയും എം.എസ് ധോണിയും ചേര്‍ത്ത 137 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

96 പന്തില്‍ നിന്ന് ധോണി 51 റണ്‍സാണെടുത്തത്. ധോണി പുറത്തായതിന് ശേഷം പിന്നാലെ എത്തിയ ദിനേഷ് കാര്‍ത്തിക്ക് (12), ജഡേജ (8) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായി.

അവസാന ഓവറുകളില്‍ 23 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ഭൂവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്.

ഓസീസിന് വേണ്ടി പീറ്റര്‍ഹാന്‍ഡ്‌സ്‌കോബ് (73) ഷോണ്‍ മാര്‍ഷ് ( 54) ഉസ്മാന്‍ ഖ്വാജ (59) എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്.