3500 മണിക്കൂറിലധികം ചൂഷണവും പീഡനവും, എന്നെ ഭ്രാന്തിന്റെ വക്കിലെത്തിച്ചു; ഇറാന്‍ തൂക്കിലേറ്റുന്നതിന് മുമ്പുള്ള അലിരേസ അക്ബരിയുടെ ഓഡിയോ
World News
3500 മണിക്കൂറിലധികം ചൂഷണവും പീഡനവും, എന്നെ ഭ്രാന്തിന്റെ വക്കിലെത്തിച്ചു; ഇറാന്‍ തൂക്കിലേറ്റുന്നതിന് മുമ്പുള്ള അലിരേസ അക്ബരിയുടെ ഓഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2023, 1:24 pm

ടെഹ്‌റാന്‍: ബ്രിട്ടന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് -ഇറാനിയന്‍ പൗരനും ഇറാന്റെ മുന്‍ പ്രതിരോധ സഹമന്ത്രിയുമായ അലിരേസ അക്ബരിയെ (Alireza Akbari) തൂക്കിലേറ്റിയതില്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ബ്രിട്ടനടക്കമുള്ള രാജ്യങ്ങളാണ് ഇറാന്റെ നടപടിയെ അപലപിച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതിനിടെ മരിക്കുന്നതിന് മുമ്പ് ജയിലില്‍ നിന്നുള്ള അക്ബരിയുടെ ഒരു ഓഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. താന്‍ ജയിലില്‍ ഇറാനിയന്‍ അധികൃതരില്‍ നിന്നും നേരിട്ട സമ്മര്‍ദ്ദത്തെയും ചൂഷണങ്ങളെയും കുറിച്ച് അക്ബരി പറയുന്ന ഓഡിയോയാണ് ബി.ബി.സിയുടെ ഫാര്‍സി ലാംഗ്വേജ് സര്‍വീസ് ബുധനാഴ്ച പുറത്തുവിട്ടത്.

”3,500 മണിക്കൂറിലധികം നീണ്ടുനിന്ന പീഡനങ്ങള്‍, സൈക്കഡെലിക് മരുന്നുകള്‍ (psychedelic drugs), ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദ രീതികള്‍ എന്നിവ ഉപയോഗിച്ച് അവര്‍ എന്റെ ആഗ്രഹങ്ങളെ എടുത്തുകളഞ്ഞു.

അവരെന്നെ ഭ്രാന്തിന്റെ വക്കിലെത്തിച്ചു… ആയുധമുപയോഗിച്ചും വധഭീഷണി മുഴക്കിയും ചെയ്യാത്ത തെറ്റിന്റെ കുറ്റസമ്മതം നടത്താന്‍ എന്നെ നിര്‍ബന്ധിച്ചു,” എന്നാണ് അക്ബരി ഓഡിയോയില്‍ പറയുന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്ബരിയെ വധിച്ചതായി ഇറാനിയന്‍ ജുഡീഷ്യറി ശനിയാഴ്ചയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ചാരപ്രവര്‍ത്തി ആരോപണത്തില്‍
നേരത്തെ അക്ബരിക്ക് വധശിക്ഷ വിധിച്ചിരുന്നു. അക്ബരിയെ മോചിപ്പിക്കണമെന്ന ബ്രിട്ടന്റെ ആഹ്വാനങ്ങളെ തള്ളിയാണ് ഇറാന്‍ ഇത് നടപ്പാക്കിയത്.

അക്ബരിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതികരിച്ച ബ്രിട്ടന്‍ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയതിനെ അപലപിക്കുകയും ചെയ്തു.

”സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ പോലും മാനിക്കാത്ത ഒരു പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ പ്രവര്‍ത്തി” എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അലിരേസ അക്ബരിയെ തൂക്കിലേറ്റിയ ഇറാന്റെ നടപടിയോട് പ്രതികരിച്ചത്.

”ബ്രിട്ടീഷ്-ഇറാന്‍ പൗരനായ അലിരേസ അക്ബരിയെ ഇറാന്‍ വധിച്ചുവെന്ന വാര്‍ത്ത തീര്‍ത്തും ഞെട്ടിപ്പിക്കുന്നതാണ്. എന്റെ ചിന്തകള്‍ അലിരേസയുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ്,” ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇറാനിയന്‍ ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സിയാണ് (Mizan news agency) അക്ബരിയുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കിയതായി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

”അഴിമതി ആരോപണത്തിലും ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനായി ചാരവൃത്തിയിലൂടെ ഇറാന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷക്കെതിരായി പ്രവര്‍ത്തിച്ചതിനും വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന അലിരേസ അക്ബരിയെ തൂക്കിലേറ്റി,” മിസാന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2019ലായിരുന്നു അക്ബരി ഇറാനില്‍ അറസ്റ്റിലായത്. 1,805,000 യൂറോ, 2,65,000 പൗണ്ട്, 50,000 ഡോളര്‍ എന്നിവ ചാരവൃത്തിക്ക് പ്രതിഫലമായി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

നേരത്തെ, അക്ബരിയുടെ വധശിക്ഷാ വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു. അമേരിക്കയും ഈ ആവശ്യത്തെ പിന്താങ്ങിയിരുന്നു.

ബ്രിട്ടന് വേണ്ടി ഇറാന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ഇതിന്റെ പ്രതിഫലമായാണ് ബ്രിട്ടീഷ് പൗരത്വം നേടിയതെന്നുമായിരുന്നു അക്ബരിക്കെതിരായ ആരോപണം.

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ശക്തമായി ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുകയും സമരക്കാര്‍ക്കെതിരെ ഇറാനിയന്‍ ഭരണകൂടം പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് അക്ബരിയുടെ വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്. ഇത് ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.

Content Highlight: audio message from Alireza Akbari before he was executed in Iran