ശബരിമല ദര്‍ശനത്തിനൊരുങ്ങിയ യുവതികളുടെ വീടിന് നേരെ ആക്രമണം പതിവാകുന്നു; നിഷ്ക്രിയരായി  പൊലീസ്
Sabarimala women entry
ശബരിമല ദര്‍ശനത്തിനൊരുങ്ങിയ യുവതികളുടെ വീടിന് നേരെ ആക്രമണം പതിവാകുന്നു; നിഷ്ക്രിയരായി പൊലീസ്
ന്യൂസ് ഡെസ്‌ക്
Monday, 24th December 2018, 4:15 pm

കോഴിക്കോട്: ശബരമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധി മുന്‍ നിര്‍ത്തി ശബരിമല ദര്‍ശനത്തിന് പോകുന്ന യുവതികള്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധവും ആക്രമണവും ഉണ്ടാകുന്നത് സ്വാഭാവികമായി മാറുകയാണിപ്പോള്‍. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് ശബരിമല ദര്‍ശനത്തിന് പോയ കൊയിലാണ്ടി സ്വദേശിനി ബിന്ദുവിന്റെ വീടിന് മുന്നിലും മലപ്പുറം സ്വദേശി കനകദുര്‍ഗയുടെ വീടിന് മുന്നിലും നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും കനകദുര്‍ഗയും പൊലീസ് സുരക്ഷയോടെ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം സാധ്യമാകാതെ ഇവര്‍ക്ക് മടങ്ങേണ്ടി വന്നു. തുടര്‍ന്ന് യുവതികളെ പൊലീസ് വാഹനത്തില്‍ പമ്പയില്‍ എത്തിച്ച് പിന്നീട് കോട്ടയത്തേക്ക് കൊണ്ടുപോകുകയാണുണ്ടായത്.

യുവതികള്‍ ദര്‍ശനത്തിനെത്തുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് പ്രതിഷേധക്കാര്‍ ഇവരുടെ വീട് വളഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടങ്ങിയത്. മണിക്കൂറോളം നീണ്ടു നിന്ന പ്രതിഷേധം ഇവര്‍ തിരിച്ചിറങ്ങിയിട്ടും അവസാനിപ്പിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നും ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിന് നേരെയും സംഘപരിവാറിന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. മനീതി സംഘം സഞ്ചരിക്കുന്ന ട്രെയിനിന് നേരെ പലയിടത്തും ചീമുട്ടയേറും കല്ലേറും നടത്തി. തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങിയ സംഘം സഞ്ചരിക്കുന്ന ട്രെയിനിന് നേരെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. ഇതേതുടര്‍ന്ന് തങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കണമെന്ന് മനീതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ മുഖ്യമന്ത്രിയെ കാണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശനം നടന്നിരുന്നില്ല. ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് തിരിച്ചു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘത്തിന് നേരെ ബി.ജെ.പി – യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

നേരത്തേയും ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളുടെ വീടിന് നേരെയും അവര്‍ക്ക് നേരെയും വ്യാപക അക്രമങ്ങള്‍ ഉണ്ടായിരുന്നു. ശബരിമല വിധിയേയും സുരക്ഷയൊരുക്കാമെന്ന സര്‍ക്കാറിന്റെ വാക്കും വിശ്വസിച്ച് സന്നിധാനത്തേക്ക് പോയ യുവതികള്‍ക്ക് നേരെയും പോകാന്‍ തയ്യാറെടുക്കന്നവര്‍ക്ക് നേരെയും അക്രമണം ഉണ്ടാകുമ്പോള്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കാതെ യുവതികളെ സംഘപരിവാര്‍ അക്രമിക്കൂട്ടങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിരുന്നു.

Image result for vs achuthanandan

സര്‍ക്കാറിനുള്ളില്‍ നിന്നു തന്നെ ഇത്തരത്തിലുള്ള വിമര്‍ശനവുമായി പലരും രംഗത്തെത്തിയിരുന്നു.  സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാണ് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറയുന്നത്. ഇത്തരം ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്നും വി.എസ് പറയുന്നു.

Image result for അപര്‍ണ ശിവകാമി

പോലീസ് സംരക്ഷണം നല്‍കിയാല്‍ ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്ന് കാണിച്ചു കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് നേരത്തെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂര്‍ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്.

തുലാ മാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ സന്നിധാനത്തെത്തിയ രഹ്ന ഫാത്തിമയുടെ വീടിന് നേരെയായിരുന്നു സംഘപരിവാറിന്റെ ആദ്യത്തെ ആക്രമണം. കൊച്ചി പനമ്പള്ളി നഗറിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമികള്‍ വീട് തല്ലിത്തകര്‍ക്കുകയായിരുന്നു. രഹന ശബരിമലയിലെത്തിയതായി വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയായിരുന്നു ആക്രമണം. വീട് തല്ലിത്തകര്‍ക്കുകയും സാധനസാമഗ്രികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.

Image result for rehna fathima

സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് പുറപ്പെടുന്ന യുവതികളുടെ വീടിനും അവരുടെ തൊഴിലിനും നേരെ നിരന്തരം ഭീഷണികളുയരുന്ന സാഹചര്യത്തില്‍ പൊലീസ് നിഷ്‌ക്രിയരാകുന്നു എന്നതാണ് ഉയരുന്ന വിമര്‍ശനം.