എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രി സന്ദര്‍ശിക്കാനിരിക്കെ കശ്മീരില്‍ വെടിവെപ്പ്; എട്ട് സൈനികര്‍ മരിച്ചു
എഡിറ്റര്‍
Tuesday 25th June 2013 12:30am

kashmir-fire

ശ്രീനഗര്‍: ശ്രീനഗറില്‍ സേനാ വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു.

പ്രധാനമന്ത്രിയുടെയും യു.പി.എ. അധ്യക്ഷയുടെയും സന്ദര്‍ശനത്തലേന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

Ads By Google

ഇന്ന് മുതല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും ജമ്മുകശ്മീരിലെത്തുന്നത്.

ഭീകരാക്രമണമുണ്ടാ യെങ്കിലും സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ സേന ശ്രീനഗറില്‍ പരിശോധന കര്‍ശനമാക്കി.

നിരവധി വിഘടനവാദികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങളും കര്‍ശന പരിശോധന നടത്തിയാണ് കടത്തിവിടുന്നത്.

മൂന്നുദിവസത്തിനിടെ രണ്ടാമത്തെ ഭീകരാക്രമണമാണ് തിങ്കളാഴ്ചയുണ്ടായത്. ശനിയാഴ്ച ഭീകരര്‍ രണ്ടു പൊലീസുകാരെ കൊലപ്പെടുത്തിയിരുന്നു.

ശ്രീനഗര്‍ നഗരപ്രാന്തത്തില്‍, വടക്കന്‍ കശ്മീരിലേക്കുള്ള പന്താചൗക് – പരിമ്പോറ ദേശീയപാതയില്‍ ഇന്നലെ വൈകിട്ട് 4.35-നായിരുന്നു ആക്രമണം.

രണ്ടു വിദ്യാര്‍ഥികളില്‍നിന്നു ബൈക്ക് തട്ടിയെടുത്താണു ഭീകരര്‍ എത്തിയത്. ബഡ്ഗാമിലെ ബേസ്‌ക്യാംപിലേക്ക് പോവുകയായിരുന്ന 35 രാഷ്ട്രീയ റൈഫിള്‍സ് സംഘമാണ് ആക്രമണത്തിനിരയായത്. എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകള്‍ ഉപയോഗിച്ചു വാഹനത്തിന്റെ മുന്നില്‍നിന്നും പിന്നില്‍നിന്നും വെടിവയ്പ് നടത്തി.

സൈനികര്‍ മേഖല വളയുമ്പോഴേക്കും ഇവര്‍ ബൈക്കില്‍ കടന്നുകളഞ്ഞു. തൊട്ടടുത്ത ബര്‍സുല്ല ചെക്ക്‌പോസ്റ്റില്‍ സിആര്‍പിഎഫ് – പൊലീസ് സംഘം തടഞ്ഞുനിര്‍ത്തിയെങ്കിലും ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു.

ഈ ആക്രമണത്തില്‍ സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് കോണ്‍സ്റ്റബിളിനും ഒരു വഴിയാത്രക്കാരിക്കും പരുക്കേറ്റു. ഇവിടെനിന്നു കടന്ന ഭീകരര്‍ പിന്നീട് ഒരു കറുത്ത കാറില്‍ കയറിയാണു സ്ഥലം വിട്ടത്. ഭീകരര്‍ക്കായി ശക്തമായ തിരച്ചില്‍ ആരംഭിച്ചു. കാര്‍ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചും അന്വേഷണം നടത്തുന്നുണ്ട്.

ഇന്നലത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്‍ മുജാഹിദീന്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും സൂത്രധാരന്മാര്‍ ലഷ്‌കറെ തയിബ ആയിരിക്കുമെന്നാണു സുരക്ഷാ ഏജന്‍സികളുടെ നിഗമനം.

12 റൗണ്ട് വെടിയുതിര്‍ത്ത ഭീകരര്‍ കാറില്‍ രക്ഷപ്പെട്ടുവെന്ന് പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം പാടെ തകര്‍ന്നു.

ഭീകരര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ആക്രമണത്തിന് പിന്നാലെ പ്രദേശം വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisement