ഹൃദയം കാക്കാം ആപ്പിലൂടെ
Health
ഹൃദയം കാക്കാം ആപ്പിലൂടെ
ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 8:56 pm

സാധാരണയായി എല്ലാവരിലും കണ്ടുവരുന്ന ഹൃദ്രോഗമായ ആട്രിയല്‍ ഫൈബ്രില്ലേഷന്‍ (ക്രമമല്ലാത്ത ഹൃദയമിടിപ്പ്) കണ്ടുപിടിക്കുന്നതിനായ് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു.

ബെല്‍ജിയം ഹസ്സല്‍ട്ട് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഹൃദയസംരക്ഷണത്തിനായുള്ള പുതിയ ആപ്പ് കണ്ടെത്തിയിരിക്കുന്നത്. ക്രമമല്ലാത്ത ഹൃദയമിടിപ്പ് രക്തത്തിന്റെ ഒഴുക്കിനെ സാരമായി ബാധിക്കുമെന്നും 20 മുതല്‍ 30 ശതമാനം വരെയുള്ള എല്ലാത്തരം പക്ഷാഘാതങ്ങള്‍ക്കും പ്രധാന കാരണം ക്രമമല്ലാത്ത ഹൃദയമിടിപ്പാണെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് അകാലമരണത്തിന് വരെ കാരണമാകുന്നുവെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഹൃദയമിടിപ്പ്, ശ്വാസോച്ഛാസത്തിലെ ദൈര്‍ഘ്യകുറവ്, ക്ഷീണം എന്നിവ നിരീക്ഷിച്ച് ഹൃദയമിടിപ്പിന്റെ കണക്ക് ഈ ആപ്പ് അളക്കും. ഇടതുകൈയുടെ ചൂണ്ട് വിരല്‍ സ്മാര്‍ട്ട് ഫോണിന്റെ ക്യാമറയ്ക്ക് മുന്നില്‍ ഒരു നേരം പിടിക്കുക. അതിന് ശേഷം ഹൃദയമിടിപ്പും ഒപ്പം ഹൃദയാരോഗ്യവും സംബന്ധിച്ച എല്ലാ വിവരങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് ആപ്പില്‍ നിന്നും ലഭിക്കും.

ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിനായി വളരെ ചിലവ് കുറഞ്ഞ മാര്‍ഗ്ഗമാണിത്. ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാവുന്ന ഈ രോഗം തിരിച്ചറിയുന്നതിനും ഈ ആപ്പ് സഹായകരമാകുമെന്നും ഹസ്സല്‍ട്ട് സര്‍വ്വകലാശാലയിലെ പ്രൊഫസറും ശാസ്ത്രജ്ഞനുമായ പീറ്റര്‍ വാണ്ടര്‍വൂര്‍ട് പറയുന്നു.

ആര്‍ട്ടിയല്‍ ഫൈബ്രില്ലേഷന്‍ തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്ക് രോഗം തിരിച്ചറിഞ്ഞ് നേരത്തെ തന്നെ ചികില്‍സ തുടങ്ങുന്നതിനായ് ഈ ആപ്പ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.