മാര്‍ക്‌സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്ത് രക്ഷിതാക്കള്‍ അവളെ വിളിച്ചു 'അതിഷി മര്‍ലെന'; ബി.ജെ.പി ക്രിസ്ത്യാനിയെന്നും കോണ്‍ഗ്രസ് ജൂതയെന്നും അവളെ വിളിച്ചു
national news
മാര്‍ക്‌സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്ത് രക്ഷിതാക്കള്‍ അവളെ വിളിച്ചു 'അതിഷി മര്‍ലെന'; ബി.ജെ.പി ക്രിസ്ത്യാനിയെന്നും കോണ്‍ഗ്രസ് ജൂതയെന്നും അവളെ വിളിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2020, 6:48 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടി ആംആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലെത്തുമ്പോള്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം ചര്‍ച്ചയാകുന്ന ഒരു പേര് അതിഷി മര്‍ലെനയുടേതാണ്. കല്‍ക്കാജിയില്‍ നിന്നും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി വിജയിച്ച അതിഷി ആംആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളാണ്. അതിഷിയുടെ ‘മര്‍ലെന’ എന്ന ഉപനാമം അവര്‍ രാഷ്ട്രീയത്തിലിറങ്ങിയ സമയം മുതല്‍ വലിയ ചര്‍ച്ചയായിരുന്നു.

മര്‍ലെന എന്ന ഉപനാമമായിരുന്നു പ്രധാനമായും ബി.ജെ.പിയും കോണ്‍ഗ്രസും അതിഷിക്കെതിരെ പ്രധാന ആയുധമാക്കിയത്. മര്‍ലെന ഭാരതീയമല്ലെന്ന് ആരോപിച്ച ബി.ജെ.പി ഇത് ക്രിസ്ത്യന്‍ പേരാണെന്നാണ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. ജൂതപ്പേരാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതൊന്നുമല്ല മര്‍ലെന എന്ന പേരിന് പിന്നിലെ സത്യം.

ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളാണ് അതിഷി. ഇടതുപക്ഷ പ്രവര്‍ത്തകരും മിശ്രവിവാഹിതരുമായിരുന്ന അതിഷിയുടെ അച്ഛനമ്മമാര്‍ മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി പകരം ചേര്‍ത്തതാണ് മര്‍ലെനയെന്ന പേര്. മാര്‍കിസ്റ്റ് സൈദ്ധാന്തികരായ മാര്‍ക്സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്തുവെച്ചാണ് മാര്‍ലെന എന്ന പേര് നിര്‍ദേശിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ വിദേശിയാണെന്നും ക്രിസ്ത്യനാണെന്നും പ്രചാരണം നടത്തി വോട്ട് മറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് മര്‍ലെന എന്ന ഉപനാമം അതിഷി ഉപേക്ഷിച്ചിരുന്നു. പേരിന്റെ പിറകെ നടന്ന സമയം കളയാന്‍ തനിക്ക് സമയമില്ലെന്നും തന്റെ രജപുത്ര വംശത്തെ സൂചിപ്പിക്കുന്ന സിംഗ് എന്ന നാമം പോലും പണ്ടേക്കുപണ്ടേ ഉപേക്ഷിച്ചതാണെന്നും അവര്‍ പറഞ്ഞു. ‘എന്റെ ജാതിയോ മതമോ അല്ല, എന്റെ പ്രവര്‍ത്തനം നോക്കിയായിരിക്കണം ആളുകള്‍ എനിക്ക് വോട്ട് ചെയ്യേണ്ടത്.’ അതിഷി പറഞ്ഞു.

1981 ജൂണ്‍ എട്ടിന് ദല്‍ഹിയില്‍ ജനിച്ച അതിഷി, സ്പ്രിങ് ഡെയില്‍ സ്‌ക്കൂളില്‍ നിന്ന് ഹൈസ്‌ക്കുള്‍ വിദ്യഭ്യാസവും സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥികളുടെ സ്വപ്നകേന്ദ്രമായ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദംപൂര്‍ത്തിയാക്കി അവിടെ തന്നെ ഗവേഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അധ്യാപനത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനവും തുടര്‍ന്നുപോന്നു. 2013 ലായിരുന്നു ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. നിര്‍ഭയ സംഭവത്തിലുള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന അതീഷി ദല്‍ഹിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും തലസ്ഥാനത്ത സ്‌ക്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിലും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമായി പങ്ക് വഹിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനെതിരേയും കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിംഗ് ലവ്‌ലിയോടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അതിഷി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ഒട്ടും പിന്നോട്ട് പോയിരുന്നില്ല.

ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ആംആദ്മി പാര്‍ട്ടിയുടെ തന്നെ മുഖമായി മാറിയിരിക്കുകയാണ് അതിഷി.