അതിഷി മെര്‍ലിനയെ കല്‍ക്കാജിയില്‍ മത്സരത്തിനിറക്കി ആംആദ്മി; സിസോദിയ പദ്പര്‍ഗജില്‍ മല്‍സരിക്കും
national news
അതിഷി മെര്‍ലിനയെ കല്‍ക്കാജിയില്‍ മത്സരത്തിനിറക്കി ആംആദ്മി; സിസോദിയ പദ്പര്‍ഗജില്‍ മല്‍സരിക്കും
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 10:33 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അതിഷി മെര്‍നല മത്സരിക്കും. കല്‍ക്കാജി നിയോജകമണ്ഡലത്തിലാണ് അതിഷി മല്‍സരിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വീണ്ടും അതിഷിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഇത്തവണ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള മൂന്നംഗ കമ്മറ്റിയെ നയിച്ചത് പാര്‍ട്ടിയുടെ ദേശീയ വക്താവായ അതിഷി മാര്‍ലെന തന്നെയായിരുന്നു.

ക്രിസ്തുമത വിശ്വാസിയായ വിദേശിയെന്ന് ബി.ജെ.പി പരിഹസിക്കുകയും തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയെന്ന് കോണ്‍ഗ്രസ് മുദ്രകുത്തുകയും ചെയ്ത അതീഷി മര്‍ലേനയെയായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ആംആദ്മി ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ബി.ജെ.പി കുപ്രചരണങ്ങള്‍ ആദ്യം ആരംഭിച്ചത് അതീഷിയുടെ പേരില്‍ നിന്നായിരുന്നു. മാര്‍ലെന എന്ന പേര് ഭാരതീയമല്ലയെന്നതായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. എന്നാല്‍ അതീഷിയുടെ പേരിന്റെ രാഷ്ട്രീയം മറ്റൊന്നായിരുന്നു.

ഇടതുപക്ഷ പ്രവര്‍ത്തകരും മിശ്രവിവാഹിതരുമായിരുന്ന അതിഷിയുടെ അച്ഛനമ്മമാര്‍ മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി പകരം ചേര്‍ത്തതാണ് മര്‍ലേനയെന്ന പേര്. മാര്‍കിസ്റ്റ് സൈദ്ധാന്തികരായ മാര്‍ക്സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്തുവെച്ചാണ് മാര്‍ലെന എന്ന പേര് നിര്‍ദേശിച്ചത്. അതിഷിക്ക് നേരെ ബി.ജെ.പി ഇന്നും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു ആയുധവും ഇത് തന്നെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1981 ജൂണ്‍ എട്ടിന് ദല്‍ഹിയില്‍ ജനിച്ച അതിഷി, സ്പ്രിങ് ഡെയില്‍ സ്‌ക്കൂളില്‍ നിന്ന് ഹൈസ്‌ക്കുള്‍ വിദ്യഭ്യാസവും സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥികളുടെ സ്വപ്നകേന്ദ്രമായ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി അവിടെ തന്നെ ഗവേഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു.

ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അധ്യാപനത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനവും തുടര്‍ന്നുപോന്നു. 2013 ലായിരുന്നു ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. നിര്‍ഭയ സംഭവത്തിലുള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന അതീഷി ദല്‍ഹിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും തലസ്ഥാനത്ത സ്‌ക്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിലും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമായി പങ്ക് വഹിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനെതിരേയും കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിംഗ് ലവ്‌ലിയോടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അതിഷി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ഒട്ടും പിന്നോട്ട് പോയിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂദല്‍ഹിയില്‍ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്പര്‍ഗജില്‍ നിന്നുമാണ് ജനവിധി തേടുക.