എഡിറ്റര്‍
എഡിറ്റര്‍
ആവര്‍ത്തിക്കുന്ന ദുരന്തം; ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസത്തിനിടെ മരണപ്പെട്ടത് 42 കുഞ്ഞുങ്ങള്‍
എഡിറ്റര്‍
Wednesday 30th August 2017 9:37am

ലഖ്‌നൗ: ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ നിലച്ചതുമൂലം അറുപതിലേറെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടതിന്റെ ആഘാതം മാറുംമുന്‍പേ വീണ്ടും ദുരന്തവാര്‍ത്ത.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ 42 കുഞ്ഞുങ്ങള്‍ മരണപ്പെട്ടതെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിയോ നേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലും പീഡിയാട്രിക് ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളാണ് മരണപ്പെട്ടത്.

ഇതില്‍ ഏഴ് കുഞ്ഞുങ്ങളുടെ മരണം മസ്തിഷ്‌കവീക്കത്തെ തുടര്‍ന്നാണെന്ന് ആശുപത്രിയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വ്യത്യസ്ത അസുഖങ്ങള്‍ മൂലമാണ് മറ്റ് മരണങ്ങള്‍ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 200 കുട്ടികളാണ് ഈ മാസം മാത്രം മരണപ്പെട്ടതെന്ന് ആശുപത്രിവൃത്തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


 Dont Miss ആധാര്‍ വിവരങ്ങള്‍ ഒരു വിദേശ കമ്പനിക്കും ലഭ്യമല്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് വിവരാവകാശ രേഖ


ഓഗസ്റ്റ് 27 ന് പീഡിയാട്രിക് ഡിപാര്‍മെന്റില്‍ 342 കുഞ്ഞുങ്ങളായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ 17 പേര്‍ മരണപ്പെട്ടു. ഓഗസ്റ്റ് 28 ന് 344 കുഞ്ഞുങ്ങളില്‍ 25 പേരും മരണപ്പെടുകയായിരുന്നെന്ന് ഒഫീഷ്യേറ്റിങ് പ്രിന്‍സിപ്പില്‍ പി.കെ സിങ് പറഞ്ഞു.

ഞായറാഴ്ച മാത്രം മരണപ്പെട്ടത് 17 കുഞ്ഞുങ്ങളാണ്. എന്‍.ഐ.സി.യുവില്‍ കഴിഞ്ഞ 6പേരും പി.ഐ.സി.യുവില്‍ കഴിഞ്ഞ 11 കുഞ്ഞുങ്ങളുമാണ് മരണപ്പെട്ടത്.

ഗോരഖ്പൂര്‍ ദുരന്തത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലെയും ഭാര്യയെയും പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവെ കാണ്‍പൂരില്‍ വെച്ചാണ് ഡോക്ടര്‍ രാജീവ് മിശ്രയെയും ഭാര്യ ഡോക്ടര്‍ പൂര്‍ണിമ ശുക്ഷയെയും അറസ്റ്റുചെയ്തത്.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് പിന്നാലെ രാജീവ് മിശ്രയും ഭാര്യയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ എഫ്.ഐ.ആറഉം റജിസ്റ്റര്‍ ചെയ്തു.

അഴിമതി, കെടുകാര്യസ്ഥത എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഓക്‌സിജന്‍ വിതരണ കമ്പനിയായ പുഷ്പാ സെല്‍സ് എം.ഡിയെയും പ്രതിചേര്‍ത്തിട്ടുണ്ട്. ശിശുരോഗ വിഭാഗം മുന്‍ മേധാവി കൂടിയായ ഡോക്ടര്‍ കഫീല്‍ ഖാനെയും ഉടന്‍ അറസ്റ്റുചെയ്‌തേക്കുമെന്നാണ് സൂചന.

Advertisement