ജോലിയെവിടെ സര്‍ക്കാരേ... ഉത്തര്‍പ്രദേശില്‍ രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി ഉദ്യോഗാര്‍ത്ഥികള്‍
national news
ജോലിയെവിടെ സര്‍ക്കാരേ... ഉത്തര്‍പ്രദേശില്‍ രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി ഉദ്യോഗാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th February 2022, 10:57 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും, ഒഴിവുകള്‍ നികത്തണമെന്നുമാവശ്യപ്പെട്ടാണ് രാജ്‌നാഥ് സിംഗിന്റെ പ്രസംഗം ഇവര്‍ തടസപ്പെടുത്തിയത്.

നടന്നുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായി ക്യാമ്പെയ്‌നെത്തിയപ്പോഴാണ് രാജ്‌നാഥ് സിംഗിനെതിരെ ഉദ്യാഗാര്‍ത്ഥികള്‍ തിരിഞ്ഞത്. വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന രാജ്‌നാഥ് സിംഗിനോട് തങ്ങള്‍ക്ക് ജോലി വേണമെന്നാവശ്യെപ്പെട്ടുകൊണ്ട് ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു.

സൈന്യത്തില്‍ ഒഴിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കുന്നില്ലെന്നും എത്രയും പെട്ടന്ന് തന്നെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കണമെന്നുമായിരുന്നു അവരുടെ പ്രധാന ആവശ്യം.

‘സേനാ ഭാര്‍തി ചാലു കരോ, ഹമാരി മാംഗി പൂരി കരോ (സൈന്യത്തില്‍ റിക്രൂട്ടമെന്റുകള്‍ നടത്തൂ, ഞങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കൂ) എന്ന മുദ്രാവാക്യങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രധാനമായും ഉയര്‍ത്തിയത്.

എന്നാല്‍ അക്കാര്യം എന്തായാലും നടക്കുമെന്നും ആശങ്കപ്പെടേണ്ടതില്ല എന്നുമായിരുന്നു രാജ്‌നാഥ് സിംഗിന്റെ മറുപടി. കൊവിഡ് കാരണമാണ് റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നത് എന്നും അദ്ദേഹം ‘വിശദീകരണം’ നല്‍കി.

രാജ്യത്തും സംസ്ഥാനത്തും തൊഴിലില്ലായ്മ നിരക്ക് കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

Unemployment rate in India falls in May, but decent jobs a distant dream

കഴിഞ്ഞ വര്‍ഷാവസാനം പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കായി ക്ഷണിച്ച പ്യൂണ്‍/ സ്വീപ്പര്‍ തസ്‌കിതയിലേക്ക് ബിരുദാനന്തര ബിരുദധാരികളും പി.എച്ച്.ഡിക്കാരും എത്തിയത് സംസ്ഥാനത്തെയും രാജ്യത്തെയും തൊഴിലില്ലായ്മയുടെ ഭീകരമുഖമായിരുന്നു വ്യക്തമാക്കിയത്. തൊട്ടടുത്ത സംസ്ഥാനങ്ങലില്‍ നിന്നുപോലും ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷയുമായെത്തിയിരുന്നു.

2017ല്‍ യോഗി അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശിലെ തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനത്തില്‍ നിന്നും ഇരട്ടിയോളമായി 13.34ലാണ് എത്തിനില്‍ക്കുന്നത്.

കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലിയോ സ്വയം തൊഴില്‍ അവസരങ്ങളോ നല്‍കുമെന്നുള്ള പ്രഖ്യാപനമായിരുന്നു ബി.ജെ.പിയുടെ 2022ലെ തെരഞ്ഞെടുപ്പ് പത്രികയില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ സ്വകാര്യമേഖലയില്‍ സര്‍ക്കാര്‍ കോടിക്കണക്കിന് ജോലി നല്‍കിയിട്ടുണ്ടെന്നായിരുന്നു യോഗി നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നത്.

50 Lakh Men Lost Their Jobs After Demonetisation: Report | HuffPost null

സംസ്ഥാനത്തെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളുയര്‍ത്തിയാണ് ഇത്തവണ സമാജ്‌വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സംസ്ഥാനത്ത് അഭ്യസ്ഥവിദ്യരായവര്‍ക്കടക്കം എല്ലാവര്‍ക്കും തൊഴില്‍ നല്‍കുമെന്നായിരുന്നു എസ്.പിയുടെ വാഗ്ദാനം.

തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ബി.ജെ.പി ക്യാമ്പ് ആത്മവിശ്വാസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 20നാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. എസ്.പി നേതാവായ അഖിലേഷ് യാദവ്, അമ്മാവന്‍ ശിവപാല്‍ യാദവ് എന്നിവരുടെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Content Highlight: At BJP Rally In UP, Rajnath Singh Faces Angry Slogans Over Jobs