ലാലേട്ടന്റെ ഈ തകര്‍ച്ചക്ക് മമ്മൂക്കയുമായി ബന്ധമില്ല; ലാലേട്ടന് ഏത് സമയത്തും തിരിച്ചു വരാം: അശ്വന്ത് കോക്ക്
Film News
ലാലേട്ടന്റെ ഈ തകര്‍ച്ചക്ക് മമ്മൂക്കയുമായി ബന്ധമില്ല; ലാലേട്ടന് ഏത് സമയത്തും തിരിച്ചു വരാം: അശ്വന്ത് കോക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th November 2023, 6:38 pm

മോഹന്‍ലാല്‍ സിനിമയില്‍ ഡൗണാകാന്‍ കാരണം അദ്ദേഹം ഔട്ട്ഡേറ്റഡ് ആയിട്ടുള്ള സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തത് കൊണ്ടാണെന്ന് അശ്വന്ത് കോക്ക്. മോഹന്‍ലാലിന്റെ ആറാട്ടും മോണ്‍സ്റ്ററും എലോണും മരക്കാറുമെല്ലാം അത്തരത്തിലുള്ള സിനിമയാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെ അദ്ദേഹത്തെ താഴേക്ക് കൊണ്ടുപോയതെന്നും അശ്വന്ത് കോക്ക് പറയുന്നു.

മോഹന്‍ലാലിന്റെ ഈ തകര്‍ച്ചക്ക് മമ്മൂട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും മോഹന്‍ലാലിന് ഏത് സമയത്തും തിരിച്ചു വരാവുന്നതേയുള്ളൂവെന്നും അശ്വന്ത് കോക്ക് പറയുന്നുണ്ട്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വന്ത് കോക്ക്.

കോവിഡിന് ശേഷം മമ്മൂട്ടിയുടെ സിനിമകള്‍ മാറി. അദ്ദേഹം സിനിമകള്‍ തെരഞ്ഞെടുക്കുന്നതും സിനിമകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ വേണ്ടി അദ്ദേഹം ചെയ്യുന്ന മാര്‍ക്കറ്റിങ്ങും എല്ലാം മാറിയിട്ടുണ്ട്. പ്രൊഡക്ഷന്‍ ഹൌസ് തുടങ്ങിയതും എല്ലാം അങ്ങനെയാണ്. അത്തരത്തില്‍ മമ്മൂക്ക വളര്‍ന്നപ്പോള്‍ മോഹന്‍ലാല്‍ തളര്‍ന്നുവെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മോഹന്‍ലാലിന്റെ ഈ തകര്‍ച്ചക്ക് മമ്മൂട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞത്.

‘ലാലേട്ടന്‍ സിനിമയില്‍ ഡൗണാകാന്‍ കാരണം ഒന്ന് അദ്ദേഹത്തിന്റെ മുഖത്ത് വന്ന മാറ്റങ്ങളാണ്. പിന്നെയുള്ളത് അദ്ദേഹം ഔട്ട്ഡേറ്റഡ് ആയിട്ടുള്ള സംവിധായകര്‍ക്കാണ് പലപ്പോഴും ഡേറ്റ് കൊടുത്തതെന്ന കാര്യമാണ്.

ഓരോ സിനിമ കഴിയുംതോറും അദ്ദേഹം ഡൗണാകുകയായിരുന്നു. ആറാട്ടാണെങ്കിലും മോണ്‍സ്റ്ററാണെങ്കിലും എലോണാണെങ്കിലും അതിന് മുമ്പ് ഇറങ്ങിയ ഏത് സിനിമകളുമെടുത്ത് നോക്കാം. മരക്കാര്‍ എന്ന സിനിമയാണെങ്കിലും അങ്ങനെയാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെ അദ്ദേഹത്തെ താഴേക്ക് കൊണ്ടുപോകുകയായിരുന്നു.

അതിന് മമ്മൂക്കയുമായി യാതൊരു ബന്ധവുമില്ല. മമ്മൂക്ക മമ്മൂക്കയുടെ സിനിമകളുമായി സൈഡിലൂടെ പോകുന്നു, ലാലേട്ടന്‍ ലാലേട്ടന്റെ സിനിമയുമായി പോകുന്നു. പക്ഷെ ലാലേട്ടന് ഏത് സമയത്തും തിരിച്ചു വരാവുന്നതേയുള്ളൂ,’ അശ്വന്ത് കോക്ക് പറയുന്നു.

സിനിമ റിവ്യൂകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്ന സമയമാണ് ഇത്. നിലവില്‍ സിനിമ നിരൂപണത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വന്ത് കോക്ക്.

Content Highlight: Aswanth Kok Talks About Mammootty And Mohanlal