ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
’15 ദിവസത്തിനകം പാര്‍ട്ടി വിടണം; ഇല്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കോളൂ’: ആസ്സാമിലെ ബി.ജെ.പി എം.എല്‍.എയ്ക്ക് തോക്കിന്‍തിര അടങ്ങിയ ഭീഷണിക്കത്ത്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 9:59am

ഗുവാഹത്തി: ആസ്സാമിലെ ബി.ജെ.പിയുടെ ഏക മുസ്‌ലീം എം.എല്‍.എയായ അമിനുല്‍ ഹഖ് ലസ്‌ക്കറിന് ഭീഷണിക്കത്ത്. 15 ദിവസത്തിനകം പാര്‍ട്ടി വിടണമെന്നും ഇല്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കോളൂ എന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

കത്തിനൊപ്പം രണ്ട് വെടിയുണ്ടകള്‍ കൂടി ഉണ്ടായിരുന്നു. സേവ് സെക്വയര്‍ ഏന്‍ഡ് ഡെവലപ്‌മെന്റ് പ്രൊട്ടക്ഷന്‍ ഓഫ് മുസ്‌ലീം എന്ന സംഘടനയാണ് കത്ത് അയച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കത്തിന്റെ ഉറവിടം സംബന്ധിച്ച് തനിക്ക് സംശയമുണ്ടെന്നാണ് എം.എല്‍.എയുടെ പ്രതികരണം.

കച്ചാര്‍ജില്ലയിലെ സൊനായ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് അമിനുല്‍. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കത്തിനൊപ്പം .32 തിരയായിരുന്നു ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.


Dont Miss സമരം തുടര്‍ന്ന് കെജ്‌രിവാളും സംഘവും; രാജ് നിവാസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആം ആദ്മി


പോസ്റ്റല്‍ വഴിയാണ് തനിക്ക് കത്ത് ലഭിച്ചതെന്നും ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയ സംഘടനയാണെന്നും മുസ്‌ലീങ്ങള്‍ക്കെതിരായ പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നെന്ന് എം.എല്‍.എ പറഞ്ഞു. ഒരു മുസ്‌ലീമായിരിക്കുന്ന താന്‍ ബി.ജെ.പിയില്‍ നില്‍ക്കരുതെന്നാണ് കത്തില്‍ പറയുന്നത്.

എന്നാല്‍ ഈ കത്തിന്റെ ഉറവിടം സംബന്ധിച്ച് തനിക്ക് ചില സംശയങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. മദ്യം, മയക്കുമരുന്ന്, അനധികൃത ഭൂമിയിടപാട് തുടങ്ങി വമ്പന്‍ മാഫിയകള്‍ക്കെതിരെ താന്‍ ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചിട്ടുണ്ട്. അവരാവാം ഇത്തരമൊരു കത്തിന് പിന്നിലെന്നാണ് തന്റെ സംശയം. മാത്രമല്ല കത്തില്‍ പറഞ്ഞിരിക്കുന്ന സംഘടനയുടെ പേര് വ്യാജമാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യവിരുദ്ധര്‍ക്കെതിരായ തന്റെ പ്രവര്‍ത്തനം സശക്തം തുടരുമെന്നും പൊലീസ് സമഗ്രമായ അന്വേഷണം തന്നെ നടത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു

Advertisement