മമതയ്ക്ക് ഉവൈസിയുടെ മറുപടി; 'ബംഗാളിലെ മുസ്‌ലിങ്ങള്‍ വികസന സൂചികകളില്‍ താഴെയാണ് എന്ന് പറയുന്നത് മതതീവ്രവാദമല്ല'
national news
മമതയ്ക്ക് ഉവൈസിയുടെ മറുപടി; 'ബംഗാളിലെ മുസ്‌ലിങ്ങള്‍ വികസന സൂചികകളില്‍ താഴെയാണ് എന്ന് പറയുന്നത് മതതീവ്രവാദമല്ല'
ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2019, 11:08 pm

ഹൈദരാബാദില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്കിടയിലെ തീവ്രവാദികള്‍ എന്ന് തന്നെ വിശേഷിപ്പിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രംഗത്തെത്തി അസദുദ്ദീന്‍ ഉവൈസി. മനുഷ്യ വികസ സൂചികകള്‍ വച്ച് പരിശോധിച്ചാല്‍ ബംഗാളിലെ മുസ്‌ലിംങ്ങള്‍ മറ്റേത് ന്യൂനപക്ഷങ്ങളേക്കാളും താഴെയാണെന്ന് പറയുന്നത് മതതീവ്രവാദമല്ല എന്നാണ് ഒവൈസിയുടെ പ്രതികരണം.

കുച്ച് ബെഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിലാണ് മമത ബാനര്‍ജി ഒവൈസിയെയും പാര്‍ട്ടിയെയും തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എങ്ങനെയാണ് ബി.ജെ.പി 18 ലോക്‌സഭ സീറ്റുകളില്‍ വിജയിച്ചതെന്ന് മമത പറയണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ നിന്നുള്ള കുറച്ചു പേരെ കുറിച്ചാണ് ദീദിയുടെ ആശങ്കയെങ്കില്‍ പറയണം ബി.ജെ.പിയെങ്ങനെയാണ് ബംഗാളില്‍ 18 സീറ്റില്‍ വിജയിച്ചതെന്ന് അവര്‍ പറയണമെന്നായിരുന്നു ഉവൈസിയുടെ വാക്കുകള്‍.

ഞങ്ങള്‍ക്ക് ഉന്നമനം വേണം. അതിന് വേണ്ടി മമതയെന്താണ് ചെയ്തത്. കുറെ വര്‍ഷങ്ങളായി നിങ്ങള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന ബംഗാളില്‍ ബി.ജെ.പി 18 സീറ്റില്‍ വിജയിച്ചു. ഞാന്‍ ഒരു റാലി പോലും അവിടെ നടത്തിയിട്ടില്ല. എന്നിട്ടും എനിക്കെതിരെ നിങ്ങള്‍ രോഷം കൊള്ളുന്നുവെന്നും ഉവൈസി പറഞ്ഞു.