പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇവിടെ ആരുമില്ല എന്ന കാര്യമാണ് എന്റെ ആ സിനിമ പറയുന്നത്, ആ പ്രൊജക്ടില്‍ എക്‌സൈറ്റഡാണ് ഞാന്‍: ആസിഫ് അലി
Entertainment
പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇവിടെ ആരുമില്ല എന്ന കാര്യമാണ് എന്റെ ആ സിനിമ പറയുന്നത്, ആ പ്രൊജക്ടില്‍ എക്‌സൈറ്റഡാണ് ഞാന്‍: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th February 2025, 9:51 am

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം വിജയങ്ങളുടെ ട്രാക്കില്‍ കയറിയ ആസിഫ് അലിയെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത തലവനാണ് ഒരിടവേളക്ക് ശേഷം ആസിഫിന് ഗംഭീരതിരിച്ചുവരവൊരുക്കിയത്. പിന്നാലെ വന്ന ലെവല്‍ക്രോസ്, അഡിയോസ് അമിഗോ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കിഷ്‌കിന്ധാ കാണ്ഡം ഗംഭീരവിജയം സ്വന്തമാക്കി. 70 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്.

ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രവും 50 കോടിക്കുമുകളില്‍ നേടിയതോടെ ആസിഫിന്റെ തിരിച്ചുവരവ് അതിഗംഭീരമായി മാറി. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ കൂടിയാണ് രേഖാചിത്രം. തന്റെ അടുത്ത പ്രൊജക്ടുകളെപ്പറ്റി സംസാരിക്കുകയാണ് ആസിഫ് അലി. സേതുനാഥ് പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളിയാണ് തന്റെ അടുത്ത ചിത്രമെന്ന് ആസിഫ് അലി പറഞ്ഞു.

ആ പ്രൊജക്ടില്‍ തനിക്ക് കുറച്ച് ടെന്‍ഷനുണ്ടെന്നും ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന ഒരു അവസ്ഥയാണ് ചിത്രത്തില്‍ കാണിക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇന്നാട്ടില്‍ ആരുമില്ലെന്ന കാര്യമാണ് സിനിമയുടെ പറഞ്ഞുവെക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു. ആ പ്രൊജക്ടില്‍ താന്‍ ഒരുപാട് എക്‌സൈറ്റഡാണെന്നും അതിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നും ആസിഫ് അലി പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘എന്റെ അടുത്ത റിലീസെന്ന് പറയുന്നത് ആഭ്യന്തര കുറ്റവാളിയാണ്. സേതുനാഥ് പദ്മകുമറാണ് അതിന്റെ ഡയറക്ടര്‍. ആ സിനിമയുടെ റിലീസ് അടുത്ത് വരുമ്പോള്‍ എനിക്ക് അത്യാവശ്യം ടെന്‍ഷനൊക്കെയുണ്ട്. കാരണം, കറന്റായിട്ടുള്ള കാര്യമാണ് ആ സിനിമ പറയുന്നത്. അതായത്, പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇന്നാട്ടില്‍ ആരുമില്ല എന്നുള്ള കാര്യമാണ് പടം പറയുന്നത്. ആ പ്രൊജക്ടില്‍ ഞാന്‍ എക്‌സൈറ്റഡാണ്,’ ആസിഫ് അലി പറയുന്നു.

ഈദ് റിലീസായാണ് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തുന്നത്. എമ്പുരാനൊപ്പം ക്ലാഷ് പ്രഖ്യാപിച്ച ഒരേയൊരു മലയാളചിത്രമാണ് ആഭ്യന്തര കുറ്റവാളി. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ എത്തുമ്പോള്‍ മറ്റ് ചിത്രങ്ങള്‍ക്ക് എത്ര സ്‌ക്രീന്‍ കിട്ടുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലേകം.

ആയിരത്തൊന്ന് നുണകള്‍ക്ക് ശേഷം തമര്‍ സംവിധാനം ചെയ്യുന്ന സര്‍ക്കീട്ട്, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ്, രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്നിവയാണ് ആസിഫിന്റെ അപ്കമിങ് പ്രൊജക്ടുകള്‍. തിരിച്ചുവരവില്‍ നേടിയ വിജയങ്ങള്‍ ഇനിയങ്ങോട്ടും ആസിഫ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.

Content Highlight: Asif Ali saying he is exited on his next project Abhyanthara Kuttavali movie