ആ സിനിമയില്‍ മുഴുവനും എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല, അതിന്റെ കാരണം അനിഘയാണ്: ആസിഫ് അലി
Entertainment news
ആ സിനിമയില്‍ മുഴുവനും എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല, അതിന്റെ കാരണം അനിഘയാണ്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd February 2023, 2:55 pm

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സിനിമയാണ് കഥ തുടരുന്നു. ജയറാം, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയില്‍ മംമ്ത മോഹന്‍ദാസിന്റെ പങ്കാളിയായെത്തിയത് നടന്‍ ആസിഫ് അലിയായിരുന്നു. ഇരുവരുടെയും മകളായി അഭിനയിച്ചത് അനിഘ സുരേന്ദ്രനായിരുന്നു.

ഭാവിയില്‍ അനിഘ തന്റെ നായികയായി അഭിനയിക്കുമെന്ന് താന്‍ അന്ന് പറഞ്ഞിരുന്നു എന്ന് പറയുകയാണ് ആസിഫ് അലി. അന്ന് അത് തമാശയായി പറഞ്ഞതാണെന്നും എന്നാല്‍ ഇപ്പോള്‍ പലരും അനിഘയെ തന്റെ നായികയായി സജസ്റ്റ് ചെയ്യാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

‘ഞാന്‍ കഥ തുടരുന്നു സിനിമ തിയേറ്ററില്‍ കണ്ടിറങ്ങിയ ശേഷം എനിക്ക് തോന്നിയ അതേ ചിന്ത തന്നെയാണ് എന്റെ സുഹൃത്തിനും തോന്നിയത്. ആ കൊച്ചിന് മാങ്ങ ചോദിക്കാന്‍ കണ്ട നേരമെന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ സിനിമയില്‍ മുഴുവന്‍ ഉണ്ടാകുമായിരുന്നു.

ഇപ്പോഴും എന്റെ മോള്‍ ഹയ ആ സിനിമയിലെ പാട്ട് കാണുമ്പോള്‍ ചോദിക്കും എന്റെ മടിയിലിരിക്കുന്ന കുട്ടിയാരാണെന്ന്. അന്ന് അനിഘയെ മടിയിലിരുത്തി കീ ബോര്‍ഡ് വായിച്ച് കൊടുക്കുമ്പോള്‍ ഞാന്‍ അവളോട് തമാശക്ക് പറഞ്ഞിട്ടുണ്ട് നീ ഭാവിയില്‍ എന്റെ ഹീറോയിനായി അഭിനയിക്കുമെന്ന്.

അന്ന് ഞാനത് തമാശക്ക് പറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ പല സിനിമയിലും കഥ കേള്‍ക്കുമ്പോള്‍ നായികയുട കാര്യം പറയുമ്പോള്‍ അനിഖയെ പലരും എനിക്ക് സജസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്,’ ആസിഫ് അലി പറഞ്ഞു.

ഇടവേളക്ക് ശേഷം ആസിഫലിയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയാണ് മഹേഷും മാരുതിയും. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും. മാരുതി കാറിനെയും ഗൗരിയെന്ന പെണ്‍കുട്ടിയേയും ഒരേസമയം പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.

content highlight: asif ali about kadha thudarunnu maovie and anikha