'ആ സീനില്‍ ഞാന്‍ ചെയ്യുന്നതെല്ലാം നീ അതുപോലെ അനുകരിക്കണം'; ലാലേട്ടന്‍ ആ പറഞ്ഞതിന്റെ ഉദ്ദേശം മനസിലായത് റിലീസിന് ശേഷം: ഹരിശ്രീ അശോകന്‍
Film News
'ആ സീനില്‍ ഞാന്‍ ചെയ്യുന്നതെല്ലാം നീ അതുപോലെ അനുകരിക്കണം'; ലാലേട്ടന്‍ ആ പറഞ്ഞതിന്റെ ഉദ്ദേശം മനസിലായത് റിലീസിന് ശേഷം: ഹരിശ്രീ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st November 2023, 2:00 pm

ബാലേട്ടൻ സിനിമയിൽ മോഹൻലാലുമായി അഭിനയിച്ചപ്പോൾ തനിക്ക് പഠിക്കാൻ പറ്റിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകൻ. സിനിമയിൽ തനിക്ക് ഡയലോഗൊന്നും ഇല്ലാത്ത ഒരു സീനിൽ മോഹൻലാൽ തന്നോട് അദ്ദേഹം കാണിക്കുന്നതെല്ലാം അതുപോലെ ചെയ്യാൻ പറഞ്ഞെന്ന് അശോകൻ പറഞ്ഞു.

മോഹൻലാൽ മുണ്ടിന്റെ കുത്ത് അഴിച്ചിടുമ്പോഴും മടക്കി കുത്തുന്നതെല്ലാം അതുപോലെ ചെയ്യാൻ പറഞ്ഞെന്നും ഷൂട്ട് ചെയ്യുമ്പോൾ അത് എന്തിനാന്നെന്ന് കരുതിയിരുന്നെന്നും അശോകൻ പറഞ്ഞു. എന്നാൽ തിയേറ്ററിൽ പോയി പടം കണ്ടപ്പോൾ അത് ചെയ്തതിന്റെ ഇമ്പാക്ട് മനസിലായെന്നും അശോകൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ മോഹൻലാലുമായുള്ള അശോകൻ പങ്കുവെച്ചത്.

‘ബാലേട്ടനിലെ ഒരു സീനിൽ ആൽത്തറയിൽ നിന്ന് സംസാരിക്കുമ്പോൾ ലാലേട്ടനാണ് ഡയലോഗ് പറയേണ്ടത്. അപ്പോൾ ലാലേട്ടൻ എന്റെ അടുത്ത് പറഞ്ഞു ‘ഞാൻ മുണ്ട് അഴിച്ചിടുമ്പോൾ നീയും മുണ്ടിന്റെ കുത്ത് അഴിച്ചിടണം. പിന്നെ മുണ്ട് ഉടുക്കുമ്പോൾ നീയും ഉടുക്കണം. ഞാൻ എന്ത് ചെയ്യുമ്പോഴും അതൊക്കെ ചെയ്തോ’ എന്ന് പറഞ്ഞു.

ലാലേട്ടൻ മുണ്ടിന്റെ കുത്തഴിച്ചപ്പോൾ ഞാനും അഴിച്ചിട്ടു. ലാലേട്ടനാണ് പെർഫോം ചെയ്യുന്നതും ഡയലോഗ് പറയുന്നതും. പിന്നെ മുണ്ട് മടക്കി കുത്തിയപ്പോൾ അതുപോലെ ചെയ്തു. ഞാൻ ഇതെന്താ ഇങ്ങനെ എന്നൊക്കെ കരുതിയിരുന്നു. എന്നാൽ തിയേറ്ററിൽ വന്നപ്പോഴാണ് അതിന്റെ ഇമ്പാക്ട് മനസിലായത്. അങ്ങനെ കുറെ കാര്യങ്ങൾ ഇവരുടെ കൂടെ അഭിനയിക്കുമ്പോൾ പഠിക്കാൻ പറ്റും,’ ഹരിശ്രീ അശോകൻ പറഞ്ഞു.

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’യാണ് ഹരിശ്രീ അശോകന്റെ പുറത്തിനിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, ശ്രുതി ജയൻ, ജോണി ആന്റണി, നിഷ, ജാഫർ ഇടുക്കി, പ്രമോദ് വെളിയനാട്, ബാലു വർഗീസ്, അപ്പുണ്ണി ശശി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബർ 24ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

Content Highlight: Ashokan about a scene in balettan movie