പാണ്ഡ്യയുടെ മുന്നിലേക്ക് നേഗിയെ പറഞ്ഞയച്ചത് കോഹ്‌ലിയല്ല; നിര്‍ദേശം കൊടുത്തത് നെഹ്‌റ - വീഡിയോ
Cricket
പാണ്ഡ്യയുടെ മുന്നിലേക്ക് നേഗിയെ പറഞ്ഞയച്ചത് കോഹ്‌ലിയല്ല; നിര്‍ദേശം കൊടുത്തത് നെഹ്‌റ - വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th April 2019, 1:07 pm

മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ തുടര്‍ച്ചയായ തോല്‍വികളില്‍ പൊറുതി മുട്ടിയ ബാംഗ്ലൂര്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരുന്നു.  എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോട് അഞ്ചു വിക്കറ്റിന് പരാജയപ്പെട്ടതോടെ ബാംഗ്ലൂര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ജയം ഉറപ്പിച്ച മത്സരമാണ് അവസാന നിമിഷം തകര്‍ന്നടിഞ്ഞത്.

172 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 22 റണ്‍സായിരുന്നു. സ്പിന്നര്‍ പവന്‍ നേഗിയെയാണ് പന്തെറിയാന്‍ ഏല്‍പ്പിച്ചത്. ക്രീസിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യ നേഗിയുടെ ഓവറില്‍ രണ്ട് വീതം സിക്സും ഫോറും അടിച്ചു. ആ ഓവറിലെ അവസാന പന്തില്‍ ഒരു സിംഗിളുമെടുത്ത് മുംബൈയെ വിജയതീരത്തെത്തിച്ചു.

എന്നാല്‍ മത്സരശേഷം കോഹ്‌ലിയുടെ തീരുമാനത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി. ഡെത്ത് ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ഒരു ബാറ്റ്സ്മാന്റെ മുന്നിലേക്ക് പന്തുമായി ഒരു സ്പിന്നറെ എന്തിന് പറഞ്ഞയച്ചു എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഈ ക്യാപ്റ്റന്‍സിയും വെച്ച് കൊണ്ടാണോ ടീം ഇന്ത്യയുമായി ലോകകപ്പ് കളിക്കാന്‍ പോകുന്നത് എന്ന പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്ന വിരാട് കോഹ്‌ലിക്ക്.

 

എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോലി ആയിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ബൗളിങ് കോച്ച് ആശിഷ് നെഹ്റയുടെ തീരുമാനമായിരുന്നത്രേ അത്. ഡഗ് ഔട്ടില്‍ നിന്ന് നേഗിക്ക് ഓവര്‍ നല്‍കാന്‍ നെഹ്റ നിര്‍ദേശം നല്‍കുകയായിരുന്നു. കോഹ്‌ലി അത് അനുസരിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് എടുത്തത്. മോയിന്‍ അലി, യുസ്വേന്ദ്ര ചാഹല്‍ എന്നിവരുടെ കുത്തിത്തിരിയുന്ന പന്തുകള്‍ക്കു മുന്‍പില്‍ പതറിയെങ്കിലും ഒരു ഓവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. 16 പന്തില്‍ 37 റണ്‍സുമായി തകര്‍ത്തടിച്ച് ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയ്ക്കു വിജയം സമ്മാനിച്ചത്.