'ഇതൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ തെറ്റ് സമ്മതിച്ചാല്‍ അത് മഹത്തരമാണ്; കുറ്റമേറ്റുപറഞ്ഞ ഓസീസ് താരങ്ങളെ അഭിനന്ദിച്ച് ആശിഷ് നെഹ്‌റ
Australian Cricket
'ഇതൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ തെറ്റ് സമ്മതിച്ചാല്‍ അത് മഹത്തരമാണ്; കുറ്റമേറ്റുപറഞ്ഞ ഓസീസ് താരങ്ങളെ അഭിനന്ദിച്ച് ആശിഷ് നെഹ്‌റ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th March 2018, 8:22 am

ന്യൂദല്‍ഹി: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തില്‍ ഓസീസ് നായകന്‍ സ്റ്റവ് സ്മിത്തിനെയും താപം ബെന്‍ക്രോഫ്ടിനെയും അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റ. സംഭവം വിവാദമാവുകയും ഓസീസ് നായകനും ഉപനാകയനും രാജിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് നെഹ്‌റ വിഷയത്തില്‍ പ്രതികരണവുമായെത്തിയത്.

“ക്രിക്കറ്റില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. സ്മിത്തും ബെന്‍ക്രോഫ്റ്റും കുറ്റം ചെയ്തു എന്ന് കണ്ടെത്തിയാല്‍ ഐ.സി.സി അവരെ ശിക്ഷിക്കണം. എന്നാല്‍ കുറ്റം ചെയ്തതായി അവര്‍ സമ്മതിക്കുകയാണെങ്കില്‍ അത് അവരുടെ ഭാഗത്ത് നിന്നുള്ള മഹത്തരമായ നടപടിയാകും” നെഹ്‌റ പറഞ്ഞു.

സംഭവത്തില്‍ കുറ്റക്കാരനാണെന്ന തെളിഞ്ഞതിനെത്തുടര്‍ന്ന് ഐ.സി.സി സ്മിത്തിനെ ഒരു മത്സരത്തില്‍ നിന്നു വിലക്കുകയും മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കാനും വിധിച്ചിരുന്നു. കൂടാതെ ഐ.സി.സിയുടെ ചട്ടപ്രകാരം ലെവല്‍ 2 കുറ്റം ചെയ്തതിനു 3 ഡീമെറിറ്റ് പോയിന്റുകളും സ്മിത്തിനു ചുമത്തിയിട്ടുണ്ട്.

പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഓസീസ് താരം ബാന്‍ക്രോഫ്ട് പന്തില്‍ കൃത്രിമം കാട്ടിയിരുന്നത്. ഇത് ആദ്യം നിഷേധിച്ച താരം പിന്നീട് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ 43ാം ഓവറിലാണ് സംഭവം. പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്ട്രേലിയയ്ക്ക് നഷ്ടമാവുകയായിരുന്നു.

എന്നാല്‍ ഇത് ഒരു ടീം ടാക്ടിക്സായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. ഇതാണ് സ്മിത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റാണെന്ന് തുറന്നു സമ്മതിക്കുന്നതിനു തുല്ല്യമായിരുന്നു ഇത്. ബാന്‍ക്രോഫ്ട് കുറ്റം സമ്മതിച്ചതോടെ മാച്ച് ഒഫീഷ്യല്‍സ് താരത്തിനുമേല്‍ കുറ്റം ചുമത്തിയിരുന്നു.

സംഭവത്തിന്റെ പേരില്‍ താന്‍ ഓസീസ് നായകസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം. “രാജിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഇപ്പോഴും ഞാന്‍ കരുതുന്നത്. ഞാന്‍ ഇതിനു അനുയോജ്യനായ വ്യക്തി തന്നെയാണെന്നാണ്.” എന്നായിരുന്നു നായകന്‍ പറഞ്ഞിരുന്നത്. സ്മിത്ത് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇതറിയാമായിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരും ഇടപെട്ടിരുന്നു. വാര്‍ത്തയോട് പ്രതികരിച്ച ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ “സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതാണെന്നുമായിരുന്നു പ്രതികരിച്ചത്. ഓസ്ട്രേലിയന്‍ സ്പോര്‍ട് കമ്മീഷണര്‍ ജോണ്‍ വെയ്ലി കായിക ഇനത്തിലെ ഏത് വഞ്ചനയെയും അപലിപ്പിക്കുന്നതായും പറഞ്ഞിരുന്നു.