ഇംഗ്ലീഷ് വിജയത്തിനുമുന്നില്‍ കോട്ട കെട്ടി മഴ; ആഷസ് സമനിലയില്‍
THE ASHES
ഇംഗ്ലീഷ് വിജയത്തിനുമുന്നില്‍ കോട്ട കെട്ടി മഴ; ആഷസ് സമനിലയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th December 2017, 11:00 am

മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഇടയ്ക്കിടെ വില്ലനായെത്തിയ മഴയും ആദ്യ ഇന്നിംഗ്‌സിലെ പിഴവ് പരിഹരിച്ച ഓസീസ് ബാറ്റ്‌സ്മാന്മാരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തില്‍ നിന്ന് മാറ്റിനിര്‍ത്തി.

ആതിഥേയര്‍ നാല് വിക്കറ്റില്‍ നഷ്ടത്തില്‍ 263 റണ്‍സില്‍ നില്‍ക്കെ ഇരുക്യാപ്റ്റന്‍മാരും മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കോര്‍; ഓസ്ട്രേലിയ; 327, 263/4 ഡി. ഇംഗ്ലണ്ട്; 491.

164 റണ്‍സിന്റെ ഒന്നാം ഇന്നിംങ്സ് ലീഡ് വഴങ്ങി ബാറ്റിംഗ് ആരംഭിച്ച ഓസീസിനെ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്മിത്തും അര്‍ധസെഞ്ച്വറി നേടി പുറത്തായ ഡേവിഡ് വാര്‍ണറുമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 275 പന്തുകള്‍ നേരിട്ട സ്മിത്ത് 102 റണ്‍സാണ് അടിച്ചെടുത്തത്. സ്മിത്തിന്റെ 23-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ രണ്ടു വിക്കറ്റുകള്‍ മാത്രം പിഴുതെടുക്കാനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞുള്ളു. വാര്‍ണര്‍ 227 പന്ത് നേരിട്ട് 86 റണ്‍സെടുത്തു.

ഇംഗ്ലീഷ് നിരയില്‍ ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബോര്‍ഡ്, വോക്ക്സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടിന്നിംങ്സിലുമായി ബോര്‍ഡ് 5 വിക്കറ്റ് നേടി. നേരത്തെ ആദ്യ ഇന്നിംങ്സില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന് കുക്കിന്റെ (409 പന്തില്‍ 244 റണ്‍സ്) ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി സ്വന്തമാക്കിയ ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.