ഓസീസിനെ എറിഞ്ഞുടച്ച് ബ്രോഡ്; മറുപടി നല്‍കി സ്മിത്തിന്റെ ബാറ്റ്; ആഷസിലെ ആദ്യദിനം ഇങ്ങനെ
ashes 2019
ഓസീസിനെ എറിഞ്ഞുടച്ച് ബ്രോഡ്; മറുപടി നല്‍കി സ്മിത്തിന്റെ ബാറ്റ്; ആഷസിലെ ആദ്യദിനം ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st August 2019, 11:43 pm

എജ്ബാസ്റ്റണ്‍: ക്രിക്കറ്റിലെ ലാലിഗയായ ആഷസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റിലെ ആദ്യദിനം സ്റ്റീവന്‍ സ്മിത്തിനും സ്റ്റുവര്‍ട്ട് ബ്രോഡിനും സ്വന്തം. ബ്രോഡിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ബൗളിങ് കരുത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ഓസീസിനെ ഒറ്റയ്ക്കു ചുമലിലേറ്റിയ സ്മിത്ത് ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചു.

ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് പുതിയ ക്യാപ്റ്റന്റെ തീരുമാനത്തോടു നീതി പുലര്‍ത്താനായില്ല. ടിം പെയ്‌നിന്റെ നായകത്വത്തിനു കീഴിലിറങ്ങിയ ടീമിന്റെ മുന്‍നിര ബാറ്റിങ് തകര്‍ന്നടിയുന്ന കാഴ്ചയാണു കണ്ടത്.

122 റണ്‍സെടുക്കുമ്പോഴേക്കും എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഓസീസിനെ 284 എന്ന താരതമ്യേന ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചതിന് സെഞ്ചുറി നേടിയ സ്മിത്തിനും (144) വാലറ്റത്ത് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയ പീറ്റര്‍ സിഡിലിനുമാണ് (44) നന്ദി പറയേണ്ടത്.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

88 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നടത്തിയത്. അവസാന വിക്കറ്റില്‍ നഥാന്‍ ലിയോണിനോട് ചേര്‍ന്ന് 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്മിത്ത് ഉണ്ടാക്കിയത്.

219 പന്തില്‍ 16 ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും സഹായത്തോടെയാണ് സ്മിത്ത് തന്റെ കരിയറിലെ 24-ാം സെഞ്ചുറി നേടിയത്.

അതേസമയം മറുവശത്ത് ഓസീസ് ബാറ്റിങ് നിരയ്ക്ക് തുടക്കം മുതല്‍ പ്രഹരമേല്‍പ്പിച്ച് ബ്രോഡ് കളത്തിലുണ്ടായിരുന്നു. 86 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ബ്രോഡ് നേടിയത്. ക്രിസ് വോക്ക്‌സ് മൂന്ന് വിക്കറ്റ് നേടി. ബെന്‍ സ്‌റ്റോക്ക്‌സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.