മാര്‍ക്‌സിസം പരാജയപ്പെട്ടെന്ന് വിലപിക്കുന്ന ബുദ്ധിജീവിതങ്ങളോട്
FB Notification
മാര്‍ക്‌സിസം പരാജയപ്പെട്ടെന്ന് വിലപിക്കുന്ന ബുദ്ധിജീവിതങ്ങളോട്
ന്യൂസ് ഡെസ്‌ക്
Sunday, 17th February 2019, 5:11 pm

അശാന്തന്‍ നിജാസ്‌

ഒരാശയം ജീവിച്ചിരിക്കെത്തന്നെ അതിനു ചരമഗീതം രചിക്കപ്പെടുന്നത് അത് മൃതിയടഞ്ഞു കാണാനാഗ്രഹിക്കുന്നവരുടെ ആവശ്യമാണ്. അഥവാ മരിച്ചു എന്നൊരു റിപ്പോര്‍ട്ടെഴുതിയാലോ നൂറുപേരോ നൂറായിരം പേരോ അതിനു കള്ള സാക്ഷിമൊഴി രേഖപ്പെടുത്തിയാലോ നുണകളിലൂടെ ഒരു സത്യവും ഇല്ലാതാവുന്നില്ല. ഉള്ള ഒന്നിനെ ഇല്ലെന്നു വരുത്തിത്തീര്‍ക്കുകയോ ഇല്ലായ്മവരുത്തുകയോ ചെയ്യുന്നത് ഹിംസയാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് ഇല്ല എന്ന് നുണ പറയാം. അല്ലെങ്കില്‍ കൊന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കാം. അപ്പോഴും അതില്ലാതാകുന്നില്ല.

സത്യം, ധര്‍മ്മം, ഇവ രണ്ടിനുമെതിരെ നിന്നുകൊണ്ടാണ് നിങ്ങള്‍ സംസാരിക്കുന്നത്. സത്യം അവശേഷിപ്പുകളുടേതാണ്. ചരിത്രം അതാണ്. അധാര്‍മ്മികമായ നുണകളുടെ പ്രചാരവേലകൊണ്ടും ഹിംസാത്മകമായ പ്രയോഗ പദ്ധതികള്‍ കൊണ്ടും ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയത്തെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. അതിന്റെ ഇന്ത്യന്‍ രൂപമാണ് RSS.

നുണകളുടെ സാമ്രാജ്യം പണിതുകൊണ്ടാണ് അത് ഇന്ത്യന്‍ ദേശ-സാംസ്‌കാരിക അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. നുണകളുടെയും വിഭവക്കൊള്ളകളുടെയും സര്‍വ്വ വിധ അധീശാധികാര വ്യവസ്ഥകളെയും ചിത്രമെന്ന അടിയാധാരം വെച്ചുകൊണ്ട് ചോദ്യം ചെയ്യുന്നതും അവയ്ക്കെതിരെ അതിരുകളില്ലാതെ പോരാടുന്നതുമായ പ്രത്യയശാസ്ത്രം കമ്യൂണിസമാണ്. കാല-ദേശങ്ങളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുകയും കല-ദേശാതിര്‍ത്തികള്‍ക്കതീതമായി അധികാരവിരുദ്ധമായി മനുഷ്യന്റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തുകൊണ്ടാണ് അത് നിലകൊള്ളുന്നത്.

ലോകത്തെങ്ങുമുള്ള എല്ലാ അധീശ വ്യവഹാരങ്ങളും എല്ലാ കാലത്തും അതിനെതിരെ നില്‍ക്കുന്നവയെയൊക്കെ ഇല്ലായ്മ ചെയ്തും, നശിപ്പിക്കാന്‍ കഴിയാത്തവയെ മൂടിവെച്ചും, നുണകള്‍ സൃഷ്ടിച്ചു സത്യമായി-ചരിത്രമായി അവതരിപ്പിച്ചും തന്നെയാണ് നിലനിന്നുപോരുന്നതും പോന്നിട്ടുള്ളതും. അധികാരം എന്ന മര്‍ദ്ദനോപകാരണത്തിന്റെ അന്തസ്സില്ലാത്ത പ്രയോഗ പദ്ധതികളായി അവയെ മനസ്സിലാക്കിത്തന്നതും മാര്‍ക്‌സിസം തന്നെയാണ്.

അധികാരം എന്ന ദുഷിച്ച വ്യവസ്ഥിതിയെ, അതിനി മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ കെട്ടിപ്പടുത്തതാണെങ്കില്‍പ്പോലും മനുഷ്യവിരുദ്ധമായി അതിടപെടാന്‍ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിത്തരുന്നതില്‍ മാര്‍ക്‌സിസത്തിന് അകമേ കരുത്തുണ്ട്. അപ്പോള്‍ ഒരാശയം എന്ന നിലയ്ക്ക് അത് പരാജയപ്പെടാതെ നില്‍ക്കുകയാണ്. നിരന്തരം പുനര്‍വിചിന്തനം ചെയ്യാനും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കാനുമുള്ള ചോദന അത് അതിന്റെ ചേതനയില്‍ സ്വയം വഹിക്കുന്നുണ്ട്.

എല്ലാ ആശയങ്ങളും കാലത്തിന്റെ പുറകിലേക്ക് സഞ്ചരിക്കുമ്പോള്‍, പിറന്നുകൊണ്ടിരിക്കുന്ന കാലത്തിന്റെ പോരോഗത്തില്‍ നിന്ന് പിറക്കാനിരിക്കുന്ന ഒരു സ്വതന്ത്ര ലോകത്തെയും സ്വതന്ത്രരായ വ്യക്തികളെയും അത് സ്വപ്നം കാണിക്കുന്നുണ്ട്. അത് പക്ഷെ, സ്വയം സാധ്യമാവില്ല എന്നും അധികാരം പിടിമുറുക്കിയിട്ടുള്ള സര്‍വ്വ ഇടങ്ങളില്‍ നിന്നും മനുഷ്യര്‍ പോരാടി നേടുന്ന വിമോചനമാണെന്നും അതടിവരയിടുന്നുണ്ട്. അപ്പോള്‍ അധികാര വ്യവസ്ഥയ്ക്കെതിരെ, അതിന്റെ വിവിധ രൂപങ്ങള്‍ക്കെതിരെ ജാഗരൂഗമായിരിക്കുന്ന അതിന്റെ സമരചിന്ത തന്നെയാണ് അതിനെ ഓരോ കാലത്തും പ്രസക്തമാകുന്നത്.

ശാസ്ത്രവും സാങ്കേതികവിദ്യകളും മറ്റെല്ലാ വൈജ്ഞാനിക ശേഷിപ്പുകളും മൂലധനത്തിന്റെ പിടിയിലായിരുന്ന കാലത്തോളം മനുഷ്യന്‍ ഓരോ കാലത്തും ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും പിടിയില്‍ അമരുകയാണെന്നും, മൂലധന വ്യവസ്ഥയ്ക്കും ഭരണകൂടാധികാരത്തിനും മതാന്ധതയ്ക്കും എതിരായ സമരങ്ങളാണ് മനുഷ്യനെ വിമോചനത്തിലേക്ക് നയിക്കുന്നതെന്നും അത് പഠിപ്പിക്കുന്നു.

മാര്‍ക്‌സിസത്തിന് ചരമഗീതം പാടാന്‍ ലോകത്തിലെ തന്നെ ഏറ്റവും സുഘടിതമായ ഭീകര സംഘടനയായ RSS കേരളത്തില്‍ ഒരു സാംസ്‌കാരികക്കുപ്പായമിട്ട് വേദിയൊരുക്കുമ്പോള്‍, വിളിച്ചപാടേ പോയി ആ വേദിയില്‍ കയറിനിന്ന് മാര്‍ക്‌സിസം പരാജയപ്പെട്ട ആശയമാണെന്ന് പറയാന്‍ മിനിമം ഉളുപ്പില്ലായ്മ, പിന്നെ ചരിത്രബോധമില്ലായ്മ, ഇവ രണ്ടും വേണം.

ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം, അവതരിപ്പിക്കപ്പെടുന്ന വേദി, സംഘടിപ്പിക്കുന്നവരുടെ രാഷ്ട്രീയം, ഈ ഘടകങ്ങള്‍ ഒരു സംവാദത്തെ തിരഞ്ഞെടുക്കുന്നതില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ്?! ജനാധിപത്യത്തെക്കുറിച്ച് വാചാലരാകുന്ന “ബുദ്ധിജീവിതങ്ങള്‍ക്ക്” അത് മനസ്സിലാകുന്നില്ലെങ്കില്‍ ഫാസിസത്തിന്റെ അടുപ്പില്‍ വിറകുനീക്കിക്കൊടുക്കുന്നവരും പുകയൂതിക്കൊടുക്കുന്നവരും മാത്രമായി അവര്‍ ഒടുങ്ങുകയേ നിര്‍വാഹമുള്ളൂ. ആര്‍എസ്എസിന്റെ അടുപ്പ്, ആര്‍എസ്എസിന്റെ മണ്ണെണ്ണ, ആര്‍എസ്എസിന്റെ തീക്കൊള്ളി, കുറച്ചു വിറക് ഞങ്ങളുടേതും… വേവുന്ന മാംസമേത്, ഭക്ഷിക്കുന്നതാര് എന്നത് വേണുവിനും പിയേഴ്സണും ബാധകമല്ല.