ഹിജാബ് നിരോധനം, ഹലാല്‍ വിവാദം; ഐ.ടി കമ്പനികള്‍ കര്‍ണാടക വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
national news
ഹിജാബ് നിരോധനം, ഹലാല്‍ വിവാദം; ഐ.ടി കമ്പനികള്‍ കര്‍ണാടക വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th April 2022, 8:53 pm

ന്യൂദല്‍ഹി: കര്‍ണാടകയില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ വിദ്വേഷം കാരണം ഐ.ടി കമ്പനികള്‍ സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലേക്ക് ബിസിനസ് മാറ്റാനാണ് കമ്പനികള്‍ ഒരുങ്ങുന്നത്. സംസ്ഥാനത്ത് ഐ.ടി കമ്പനകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ വന്നതായി തമിഴ്‌നാട് സര്‍ക്കാരിനെ ഉദ്ധരിച്ച് വൃത്തങ്ങള്‍ പറയുന്നു.

ഹിജാബ് നിരോധനം, ഹലാല്‍ മാംസത്തെക്കുറിച്ചുള്ള വിവാദം, ബഹിഷ്‌കരണം എന്നിങ്ങനെ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്ന നിരവധി പ്രചാരണങ്ങളുടെ പ്രഭവകേന്ദ്രമായി കര്‍ണാടക മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഐ.ടി സ്ഥാപനങ്ങള്‍ തങ്ങളുടെ ബിസിനസുകള്‍ കര്‍ണാടകയില്‍ നിന്ന് മാറ്റാന്‍ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കര്‍ണാടക ക്ഷേത്രത്തിലെ മേളകളില്‍ നിന്നും ഉത്സവങ്ങളില്‍ നിന്നും മുസ് ലിങ്ങളെ ബഹിഷ്‌കരിക്കല്‍ , ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, മിശ്രവിശ്വാസികളായ ദമ്പതികള്‍ക്ക് നേരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം എന്നിവയൊക്കെയാണ് സംസ്ഥാനം വിട്ടുപുറത്തുവരാനുള്ള കമ്പനികളുടെ തീരുമാനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഒരാഴ്ച മുമ്പ്, ബയോകോണ്‍ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ായും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് സംസ്ഥാനത്തെ വര്‍ഗീയ പ്രശ്‌നങ്ങളും വളരുന്ന മതപരമായ ഭിന്നതയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐ.ടി.ബി.ടി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ബിസിനസ് ട്രാന്‍സ്ഫോര്‍മേഷന്‍) മേഖലയില്‍ സംസ്ഥാനത്തിനുള്ള ആഗോള മേല്‍ക്കൈ അപകടത്തിലാണെന്നും അവര്‍ പറഞ്ഞിരുന്നു.

 

Content Highlights: As communal tensions rise in Karnataka, IT firms ‘reach out’ to investment-seeking Tamil Nadu