എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോയുടെ പൂര്‍ണ്ണാധികാരം ഇ.ശ്രീധരനെന്ന് ആര്യാടന്‍
എഡിറ്റര്‍
Tuesday 23rd October 2012 11:47am

തിരുവനന്തപുരം: മന്ത്രി ആര്യാടന്‍ മുഹമ്മദും ഇ. ശ്രീധരനും തമ്മില്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നടത്തിപ്പില്‍ പൂര്‍ണ്ണ അധികാരം ശ്രീധരനും ഡി.എം.ആര്‍.സി ക്കുമായിരിക്കുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി.

ടോം ജോസിന്റെ കത്ത് ശരിയല്ല എന്ന് ചര്‍ച്ചക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ ഡി.എം.ആര്‍.സി എം.ഡി യെ ആവശ്യപ്പെട്ടുകൊണ്ട് ഡി.എം.ആര്‍.സി ക്ക് അയച്ച കത്തില്‍ സര്‍ക്കാരിന് സംശയമില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. നാളെത്തന്നെ ശ്രീധരനെ കേരളത്തിനാവശ്യപ്പെട്ടുകൊണ്ട് കത്തയക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി ആര്യാടനുമായുള്ള കൂടിക്കാഴ്ച വളരെ പോസിറ്റീവ് ആയിരുന്നെന്ന് ശ്രീധരനും വ്യക്തമാക്കി.

Ads By Google

ഡി.എം.ആര്‍.സി ക്ക് വിലക്കില്ലെന്നും ശ്രീധരന് ഉപദേശകനായി തുടരാമെന്നും ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ദല്‍ഹി മെട്രോയുടെ പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്  പറഞ്ഞു.

കൊച്ചി മെട്രോ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്ന വേളയില്‍ തന്നെ ശ്രീധരന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ടോം ജോസ് കേന്ദ്രത്തിന് അയച്ച കത്ത് പുറത്തായിരുന്നു. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും സി.പി.ഐ.എം നേതാവും രാജ്യസഭാ എം.പിയുമായ പി.രാജീവുമാണ് കത്ത് പുറത്ത് വിട്ടത്.

ഡി.എം.ആര്‍.സിയുടെ ഉപദേശകന്‍ മാത്രമായ ഇ.ശ്രീധരന് കൊച്ചി മെട്രോ നടത്തിപ്പില്‍ എന്ത് പങ്കാണുള്ളതെന്ന് കാണിച്ചാണ് ടോം ജോസ് കൊച്ചി മെട്രോ കോര്‍പ്പറേഷന്‍ ചെയര്‍മാനായ സുധീര്‍ കൃഷ്ണയ്ക്ക് കത്തയച്ചത്.

മെട്രോയില്‍ ഇ. ശ്രീധരന്റെ അധികാരങ്ങള്‍ അറിയാമായിരുന്നിട്ടും നഗരവികസന മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീര്‍ കൃഷ്ണയ്ക്ക് ടോം ജോസ് കത്ത് അയച്ചത് ഏറ്റവും വലിയ മര്യാദകേടും അച്ചടക്ക ലംഘനവുമാണെന്ന് മന്ത്രി ആര്യാടന്‍ ഇന്നും ആവര്‍ത്തിച്ചു.

Advertisement