എഡിറ്റര്‍
എഡിറ്റര്‍
ഇരട്ടക്കുഴലില്‍ ഫഹദിന് പകരം ആര്യ
എഡിറ്റര്‍
Friday 5th September 2014 12:25pm

double-barrel

മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയായ ഡബിള്‍ ബാരല്‍-ഇരട്ടക്കുഴല്‍ എന്ന ലിജോ ജോസ് പള്ളിശ്ശേരി ചിത്രത്തില്‍ നിന്നും യുവതാരം ഫഹദ് ഫാസില്‍ പിന്മാറി. ഫഹദിന് പകരം തെന്നിന്ത്യന്‍ താരം ആര്യ ഇരട്ടക്കുഴലിലൂടെ മലയാളത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആര്യയുടെ സാന്നിദ്ധ്യം കണക്കിലെടുത്ത് തമിഴിലും തെലുങ്കിലും കൂടി മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തില്‍ യുവ താരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത്, സണ്ണിവെയിന്‍, ആസിഫ് അലി, ചെമ്പന്‍ വിനോദ്, ഇഷാ ഷെര്‍വാണി, സ്വാതിറെഡ്ഡി  തുടങ്ങിയവര്‍ ഒന്നിക്കുന്നു എന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എന്നാല്‍ സ്വകാര്യ ജീവിതത്തിലെ തിരക്കുകളാണ് ഫഹദിന്റെ  പിന്മാറ്റത്തിന് കാരണമായി പറഞ്ഞുകേള്‍ക്കുന്നത്.

കഴിഞ്ഞ മാസം 21നായിരുന്നു ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹം. ഫഹദിനെ നായകനാക്കി മണിരത്ം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടരാനിരിക്കുയാണ്. എന്നാല്‍ താരദമ്പതികള്‍ ഇപ്പോള്‍ യു എസില്‍ ഹണിമൂണിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളസിനിമയുടെ പരിധിക്കപ്പുറം മാര്‍ക്കറ്റ് ചെയ്യാവുന്ന സിനിമയായി ഡബിള്‍ ബാരല്‍ മാറിയത് കൊണ്ടാണ് പുതിയ നീക്കങ്ങളെന്ന് ലിജോ വ്യക്തമാക്കുന്നു. നിര്‍മ്മാണത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകളുമില്ലാതെയാണ്  ഈ സിനിമ ചിത്രീകരിക്കുന്നതെന്ന് ലിജോ വ്യക്തമാക്കി.

‘ഒരു ശരാശരി മലയാളസിനിമയുടെ ബജറ്റല്ല ഡബിള്‍ ബാരലിന്റേത്. അതുകൊണ്ട് തന്നെ തമിഴിലും തെലുങ്കിലും കൂടി എത്തുന്ന രീതിയില്‍ ഈ സിനിമയെ മാറ്റാനാണ് ശ്രമം. ഒരു  ദക്ഷിണേന്ത്യന്‍ സിനിമ എന്ന നിലയില്‍ തന്നെ ഡബിള്‍ ബാരല്‍ മാര്‍ക്കറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയനായ ഒരു താരം ഡബിള്‍ ബാരലിലെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. നിലവില്‍ രണ്ട് പേരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിലാരാവുമെന്നത് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമാവും’ ലിജോ പറയുന്നു.

ഡബിള്‍ ബാരല്‍ സെപ്തംബര്‍ അവസാനവാരത്തോടെ രണ്ടാംഘട്ട ചിത്രീകരണം ഗോവയില്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഗോവന്‍ ഷെഡ്യൂളോടെ പൂര്‍ത്തീകരിക്കുന്ന ചിത്രം ഡിസംബര്‍, ജനുവരിയോടെ തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Advertisement