കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നു; സമാധാനവും വികസനവും കൊണ്ടുവരാന്‍ കഴിയട്ടെയെന്നും കെജ്‌രിവാള്‍
India
കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നു; സമാധാനവും വികസനവും കൊണ്ടുവരാന്‍ കഴിയട്ടെയെന്നും കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 1:33 pm

ന്യൂദല്‍ഹി: ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ജമ്മുകാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പിന്തുണക്കുന്നെന്നും സമാധാനവും വികസനവും സംസ്ഥാനത്ത് കൊണ്ടുവരാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

കശ്മീരില്‍ ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ബി.എസ്.പി ബില്ലിന് പിന്തുണ നല്‍കിയത്.

ബി.എസ്.പി എംപി സതീഷ് ചന്ദ്ര മിശ്രയാണ് രാജ്യസഭയില്‍ ബി.എസ്.പിയുടെ പിന്തുണ അറിയിച്ചത്. ‘ഞങ്ങളുടെ പാര്‍ട്ടി ബില്ലിന് പൂര്‍ണ പിന്തുണ നല്‍കുന്നു. ഈ ബില്ല് പാസാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന ബില്ലോ മറ്റ് ബില്ലുകളോ പാസാക്കുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു പ്രതിഷേധവുമില്ല’- എന്നായിരുന്നു സതീഷ് ചന്ദ്ര മിശ്ര രാജ്യസഭയില്‍ പറഞ്ഞു.

എന്നാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിലൂടെ ഭരണഘടനയെ ബി.ജെ.പി കൊലചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

ഭരണഘടന സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനൊരുക്കമെന്നും ആസാദ് പറഞ്ഞു. എന്നാല്‍ ബില്‍ ചരിത്രപരമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. ജമ്മു കശ്മീരിന്റെ ദുരിതങ്ങള്‍ക്ക് കാരണം പ്രത്യേകപദവിയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മൂന്ന് കുടുംബങ്ങള്‍ ചേര്‍ന്ന് ഇക്കാലമത്രയും ജമ്മു കശ്മീരിനെ കൊള്ളയടിച്ചു. ഭരണഘടന അംഗീകരിക്കുന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.