വിജയത്തേരിലേറി വീണ്ടും; ഇനി കെജ്‌രിവാളിന്റെ ചിന്തകളില്‍ ദേശീയ രാഷ്ട്രീയമോ?
Delhi election 2020
വിജയത്തേരിലേറി വീണ്ടും; ഇനി കെജ്‌രിവാളിന്റെ ചിന്തകളില്‍ ദേശീയ രാഷ്ട്രീയമോ?
ശിവം വിജ്‌
Tuesday, 11th February 2020, 10:00 am

ദല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാംതവണയും അരവിന്ദ് കെജ്രിവാള്‍ അധികാരത്തിലെത്തുമെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുന്നില്‍വെച്ച് ഉടനടി ദേശീയ തലത്തിലേക്കുയരാനാണ് കെജ്‌രിവാളിന്റെ നീക്കങ്ങളത്രയും.

പാര്‍ട്ടിയെ ദേശീയ കക്ഷിയാക്കാനുള്ള ശ്രമങ്ങളില്‍ കഴിഞ്ഞ രണ്ടുതവണയും ഇടയക്കുവെച്ച് കെജ്‌രിവാളിന് കാലിടറയിട്ടുണ്ട്. എന്നാല്‍ ആ ഇടര്‍ച്ചകളില്‍നിന്നൊക്കെ അതിവേഗം മറികടന്ന് തിരിച്ചുവരാനുള്ള അസാമാന്യമായ കഴിവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വിധി അദ്ദേഹത്തിന് മൂന്നാം അവസരവും നല്‍കാനൊരുങ്ങുകയാണ്.

പത്ത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ കെജ്രിവാള്‍ ആവശ്യത്തിന് അബദ്ധങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഈ അബദ്ധങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട അദ്ദേഹം അടുത്ത ദശാബ്ദത്തിലേക്കുള്ള ചരിത്ര രചന ആരംഭിച്ചുകഴിഞ്ഞു.

രാജ്യത്തെ പ്രധാന പ്രതിപക്ഷമെന്ന പദവിയില്‍നിന്നും കോണ്‍ഗ്രസിനെ മറികടന്ന് ആംആദ്മിക്കും കെജ്‌രിവാളിനും മുന്നില്‍ ഇനിയും സാധ്യതകള്‍ ഏറെയുണ്ട്. ഈ അവസരത്തെ അദ്ദേഹം വിനിയോഗിക്കുക എങ്ങനെയായിരിക്കും? ദല്‍ഹി തെരഞ്ഞെടുപ്പിനും അവസാന ഫലപ്രഖ്യാപനത്തിനും ഇടയിലുള്ള ഈ സമയത്ത് അദ്ദേഹം ചിന്തിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്.

കെജ്‌രിവാളിന്റെ പുതിയ രാഷ്ട്രീയ വഴക്കം

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അദ്ദേഹത്തിന് എന്താവും തോന്നുന്നുണ്ടാവുക? അഭിമാനംകൊണ്ടും മായാമോഹങ്ങളും കൊണ്ട് അദ്ദേഹത്തിന്റെ ഹൃദയം വീര്‍പ്പുമുട്ടുന്നുണ്ടാകുമോ?

യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷനെയും പുറത്താക്കുകയായിരുന്നു 2015-ല്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ആദ്യം ചെയ്തത്. എന്നാല്‍ ഇത്തവണ അത്തരമൊരു തെറ്റ് ആവര്‍ത്തിക്കാന്‍ അദ്ദേഹം മുതിര്‍ന്നേക്കില്ല. സ്വേച്ഛാധിപതിയെന്ന് ഒരുക്കല്‍ക്കൂടി വിളിക്കപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല.

2017ല്‍ പഞ്ചാബില്‍ നേരിട്ട തിരിച്ചടിയിലേക്ക് വന്നാല്‍, അതദ്ദേഹത്തിന് മാനഹാനി വരുത്തിയിരുന്നെന്ന് ഉറപ്പാണ്. അതില്‍നിന്നും സമയമെടുത്തായിരുന്നു കെജ്‌രിവാൾ പുറത്തുകടന്നത്.

51 വയസാണ് കെജ് രിവാളിനിപ്പോള്‍. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് ഇനി ഇരുപതോ മുപ്പതോ വര്‍ഷം മാത്രമേ ബാക്കിയുള്ളു. അതുകൊണ്ടുതന്നെ കെജ്‌രിവാൾ തന്റെ അഭിലാഷങ്ങളെ ഒട്ടും സമയം കളയാതെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാവും നടത്തുക.

പോസിറ്റീവ് ക്യാമ്പയിനിങ്

2015-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നരേന്ദ്രമോദിക്ക് ദേശീയതലത്തില്‍ ബദലായി സ്വയം ഉദയം പ്രാപിക്കുന്നതിലേക്കായിരുന്നു കെജ്‌രിവാളിന്റെ ശ്രദ്ധ തിരിഞ്ഞത്. അങ്ങനെയൊരു പ്രതലം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. ദിവസവും രാവിലെയും വൈകീട്ടും മോദിയെ വിമര്‍ശിച്ചാല്‍ ആ സ്ഥലം എളുപ്പത്തില്‍ സ്വന്തമാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. നരേന്ദ്രമോദിയുടെ ശക്തനായ എതിരാളിയായി ഉയര്‍ന്നുവരാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷയും.

ചിലപ്പോഴൊക്കെയും വ്യക്തിപരമായ ആക്രമണത്തിലേക്കും വഴിമാറി. മോദിയെ അദ്ദേഹം പേരുചൊല്ലി വിളിച്ച് ആക്രമിച്ചു. അധികം വൈകാതെതന്നെ 2017 തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കയ്പ് കെജ്‌രിവവ്വാലിനെ  തേടിയെത്തി. തന്റെ നീക്കം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹത്തിന്റെ ബോധ്യപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് കേന്ദ്രത്തില്‍ മോദി, തലസ്ഥാനത്ത് കെജ്രിവാള്‍ എന്ന രീതിയില്‍ കോപറേറ്റീവ് ഫെഡറലിസം ലാക്കാക്കിയായിരുന്നു കെജ്രിവാള്‍ തന്ത്രം മെനഞ്ഞത്. ഈ നീക്കത്തിലൂടെ 2020ല്‍ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കുക എന്ന ഉദ്ദേശമായിരുന്നു കെജ്‌രിവാളിന്.

ഈ തന്ത്രം ഇപ്പോള്‍ യാഥാര്‍ത്ഥമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പോസിറ്റീവ് പ്രചാരണങ്ങളിലൂടെ ദേശീയ ബദലായി സ്വയം ഉയര്‍ത്തുകയാണ് അദ്ദേഹം. മോദിയെ ആക്രമിക്കുന്നതിനുമപ്പുറം, രാജ്യം ഭരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും മോദിക്കുള്ളതിനേക്കാള്‍ മികച്ച ആശയങ്ങളും ധാരണയും തനിക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ആദ്ദേഹത്തിന് ഇപ്പോള്‍ എളുപ്പത്തില്‍ കഴിയും. 2014ല്‍ മോദിക്ക് രാജ്യത്തുടനീളം വോട്ടര്‍മാരോട് വാഗ്ദാനം ചെയ്യാനുണ്ടായിരുന്നത് ഗുജറാത്ത് മോഡല്‍ എന്നായിരുന്നെങ്കില്‍, അതിന് വിപരീതമായി ദല്‍ഹി മോഡലിനെക്കുറിച്ചാണ് ആംആദ്മി പാര്‍ട്ടി സംസാരിക്കുന്നത്.

അരവിന്ദ് കെജ്‌രിവാളും പ്രശാന്ത് കിഷോറും ഒന്നിക്കുമോ

പഞ്ചാബിലെ തിരിച്ചടിയേല്‍പിച്ച അപമാനത്തിന് പകരം വീട്ടണം എന്ന ചിന്തയായിരിക്കണം കെജ്‌രിവാളിന്റെ  മനസില്‍ ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്നത്. 2017-ന്റെ തുടക്കത്തില്‍ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആപ്പിനൊപ്പമായിരിക്കും എന്ന നിഗമനമായിരുന്നു 2016ല്‍ത്തന്നെ ഉണ്ടായിരുന്നത്. എന്നാല്‍ തെറ്റുകളുടെ നൈരന്തര്യവും അമീന്ദര്‍ സിങിന്റെയും വ്യക്തിപ്രഭാവവും പ്രചാരണ തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോറിന്റെ ഇടെപെടലുകളും ആം ആദ്മിക്ക് സമ്പൂര്‍ണ തോല്‍വി സമ്മാനിച്ചു.

ഇതേ പ്രശാന്ത് കിഷോറിനോടാണ് കെജ്രിവാള്‍ 2020 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സഹായം അഭ്യര്‍ത്ഥിച്ചതും. തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും താന്‍ വിജയിക്കുമെന്ന് കെജ്രിവാളിന് തോന്നിയിരുന്നെങ്കില്‍ കിഷോറിന്റെ ഉപദേശത്തിലുള്ള ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റിയുടെ സഹായം അദ്ദേഹം സ്വീകരിക്കുമായിരുന്നില്ല. എന്നാല്‍, കെജ് രിവാളിന്റെ കണക്കുകൂട്ടല്‍ ദല്‍ഹിയില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. 2017ല്‍ ആംആദ്മിയെ പഞ്ചാബില്‍ തോല്‍വിയിലേക്ക് നയിക്കാന്‍ കാരണക്കാരനായ പ്രശാന്ത് കിഷോറിനെ 2022ലെ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ജയിക്കാന്‍ കെജ്രിവാളിന് ആവശ്യമുണ്ട്.

പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരുമോയെന്ന അഭ്യൂഹങ്ങളില്‍ ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ത്തന്നെ ആശയക്കുഴപ്പത്തിലാണ്. എന്‍.ആര്‍.സി, എന്‍.പിആര്‍, സി.എ.എ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നയങ്ങളെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് നിതീഷ് കുമാറിന്റെ ജെ.ഡി.യു പ്രശാന്ത് കിഷോറിനെ പുറത്താക്കിയതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്.

അരവിന്ദ് കെജ്രിവാളും പ്രശാന്ത് കിഷോറും ഒന്നിച്ചാല്‍, കിഷോരിന്റെ ജന്മനാടായ ബീഹാര്‍ പിടിക്കാന്‍ ആം ആദ്മിക്ക് എളുപ്പമായേക്കും. കെജ് രിവാള്‍ ബീഹാറില്‍ കിഷോറിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്താല്‍ കിഷോര്‍ പഞ്ചാബില്‍ അതിന് പ്രത്യുപകാരം ചെയ്യും. കൂടാതെ ഈ കൂട്ടുകെട്ട് ആപ്പിന് താല്‍പര്യമുള്ള ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ സഹാകരമാവുകയും ചെയ്യും.

പ്രശാന്ത് കിഷോര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചേക്കാവുന്ന ശരിയായ വ്യക്തിയായിരിക്കാം അദ്ദേഹം.

മുഖ്യമന്ത്രിക്കസേരയോ ദേശീയ പദവിയോ

അരവിന്ദ് കെജ്രിവാളും പ്രശാന്ത് കിഷോറും ഒന്നിച്ചാലും ഇല്ലെങ്കിലും ദേശീയ രാഷ്ട്രീയ മോഹങ്ങള്‍ പൂവണിയിക്കാന്‍ കെജ്‌രിവാള്‍ മുന്നില്‍ കാണുന്ന മാര്‍ഗം എന്തെന്ന അടിസ്ഥാന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയേ തീരൂ.

അതായത്, സംസ്ഥാനങ്ങള്‍ ഓരോന്നായി പിടിച്ചെടുക്കാനാണോ കെജ്‌രിവാളിന്റെ നീക്കം? സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുന്നതല്ല ലോക്സഭയിലേക്കുള്ള മാനദണ്ഡമെന്ന് എല്ലാവര്‍ക്കും അറിയാം. അത് രണ്ടും വളരെ വ്യത്യസ്ത ദ്രുവങ്ങളിലുള്ളതുമാണ്.

കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കുമപ്പുറം ഒരു സംസ്ഥാനത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ സാന്നിധ്യമുള്ള ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഇല്ല. ഇടതുപക്ഷത്തിന്റെ കാര്യം പ്രത്യേകം എടുത്താല്‍ അത് കേരളത്തില്‍ മാത്രമാണ് വേരുറപ്പിച്ചിട്ടുള്ളത്.

ഇനി ആപ്പിന്റെ കാര്യം നോക്കാം. ഒരു സംസ്ഥാനത്തുകൂടി വിജയമുറപ്പിക്കാന്‍ ആപ്പിന് കഴിഞ്ഞാല്‍, ദല്‍ഹിയില്‍ മാത്രമൊതുങ്ങുന്ന പാര്‍ട്ടിയായി പിന്നെ അതിനെ ചുരുക്കാന്‍ കഴിയില്ല. അതോടെ പാര്‍ട്ടിക്ക് ദേശീയ രാഷ്ട്രീയ പാര്‍ട്ടി എന്ന മാനം കൈവരികയും ചെയ്യും.

പ്രശ്നം എവിടെയാണെന്നുവെച്ചാല്‍, ദല്‍ഹി മുഖ്യമന്ത്രി പദവി വഹിക്കുമ്പോള്‍ തന്നെ ദേശീയ നേതാവായി രൂപാന്തരം പ്രാപിക്കുക എന്നത് കെജ്രിവാളിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമായിരിക്കും. സംസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് അദ്ദേഹത്തിന് മാറിനില്‍ക്കാനും കഴിയില്ല.

ദേശീയ ചിത്രത്തിലേക്ക് തന്നെ പരുവപ്പെടുത്താന്‍ നരേന്ദ്രമോദി നടത്തിയതും ഇത്തരത്തില്‍ വര്‍ഷങ്ങളുടെ പ്രയത്നമായിരുന്നു. ഉപ മുഖ്യമന്ത്രി മനീഷ് സിസോധ്യയുമായി മുഖ്യമന്ത്രി സ്ഥാനം കൈമാറുക എന്നതാവും കെജ്രിവാളിന് മുന്നിലുള്ള മറ്റൊരു മാര്‍ഗ്ഗം. ഇത് രാജ്യം മുഴുവന്‍ സഞ്ചരിച്ച് മോദിക്ക് ബദലായി വളരാന്‍ കെജ്രിവാളിന് ഇത് സഹായകമാവും. ഒഴിഞ്ഞുകിടക്കുന്ന ആ സ്ഥലത്തേക്ക് കെജ്രിവാളിന് കസേരവലിച്ചിട്ടിരിക്കാം.

എന്നാല്‍, കെജ്രിവാള്‍ അങ്ങനെയൊരു റിസ്‌ക് എടുക്കാനുള്ള സാധ്യത നന്നെ കുറവാണ്. രാഷ്ട്രീയക്കാരനെന്ന നിലയില്‍ എത്രത്തോളം പക്വത പ്രാപിച്ചുവോ അതനുസരിച്ച് റിസ്‌ക് എടുക്കാനുള്ള നീക്കവും കുറവായിരിക്കും.

കടപ്പാട് ദ പ്രിന്റ്‌   മൊഴിമാറ്റം നിമിഷ ടോം
ശിവം വിജ്‌
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍