എഡിറ്റര്‍
എഡിറ്റര്‍
അരുണ്‍ ജെയ്റ്റ്‌ലി ഗുജറാത്ത് ജനതയ്ക്ക് ഭാരം; പണി നിര്‍ത്തി പോകാന്‍ ജനം പറഞ്ഞുതുടങ്ങി: വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ്
എഡിറ്റര്‍
Wednesday 15th November 2017 8:29am

ന്യൂദല്‍ഹി:ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരുണ്‍ ജെയ്റ്റ്‌ലി ഗുജറാത്ത് ജനതയ്ക്ക് ഭാരമായിരിക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ജി.എസ്.ടി നടപ്പിലാക്കിയതിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ജെയ്റ്റ്‌ലിയാണെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ കൃത്യമായ ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ ഇത്രവലിയ പ്രശ്‌നങ്ങളും അരാജകത്വവും ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നമ്മുടെ ധനമന്ത്രിയെ ഒരു ഗുജറാത്തിയല്ല. അദ്ദേഹം ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടതാവാം. പക്ഷേ ഗുജറാത്തികള്‍ക്ക് അദ്ദേഹമൊരു ഭാരമാണ്. അദ്ദേഹം ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നെങ്കില്‍ രാജ്യസഭയിലേക്ക് ഒരു ഗുജറാത്തിക്ക് സ്ഥാനം ലഭിക്കുമായിരുന്നു.’ സിന്‍ഹ പറഞ്ഞു.

‘തലവന്നാല്‍ ജയം, വാല് വന്നാല്‍ തോല്‍വി’ എന്ന തത്വം വിശ്വസിക്കുന്നയാളാണ് ധനമന്ത്രി. ഇത്രയേറെ പ്രശ്‌നങ്ങളുള്ള ഒരു നികുതി വ്യവസ്ഥ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹം ഈ പണി നിര്‍ത്തണമെന്ന് രാജ്യവും രാജ്യത്തെ ജനങ്ങളും പറഞ്ഞുതുടങ്ങി.’യെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടിയ്ക്കു കീഴില്‍ ഏക നികുതി നിരക്ക് സമ്പ്രദായം കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് വൈസ് പ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെ ‘കുട്ടിത്തം’ എന്ന് പറഞ്ഞ് കളിയാക്കി ജെയ്റ്റ്‌ലിയുടെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ഏക നികുതി ഘടനയിലേക്ക് മുന്നേറുമെന്ന് ജെയ്റ്റ്‌ലി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ചരിത്രം പരിശോധിച്ചാല്‍ ഇത് മനസിലാവുമെന്നും പറഞ്ഞായിരുന്നു സിന്‍ഹയുടെ വിമര്‍ശനം. ജെയ്റ്റ്‌ലി അങ്ങനെ പറയുമ്പോള്‍ പക്വമായ നിലപാടും രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കുമ്പോള്‍ കുട്ടിത്തവുമാകുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു.


Must Read: ‘വ്യക്തിപരമായി ആക്ഷേപിച്ചാല്‍ വ്യക്തിപരമായി നേരിടും’; ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വ. ജയശങ്കറിന് ഷംസീറിന്റെ വധഭീഷണി


ഗുജറാത്ത് പര്യടനത്തിനിടെയായിരുന്നു സിന്‍ഹയുടെ പരാമര്‍ശം. ഗുജറാത്തില്‍ ‘ടൈം ടു സ്പീക്ക് അപ് നൗ’ എന്ന ബാനറില്‍ പബ്ലിക് ഫോറം സംഘടിപ്പിച്ച പരിപാടികളില്‍ സിന്‍ഹ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സേവ് ഡെമോക്രസി മൂവ്‌മെന്റാണ് സിന്‍ഹയെ ഗുജറാത്തിലേക്ക് ക്ഷണിച്ചുവരുത്തിയത്.

നേരത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയില്‍ ജെയ്റ്റ്‌ലിയെയും മോദിയേയും കുറ്റപ്പെടുത്തി യശ്വന്ത് സിന്‍ഹ ലേഖനം എഴുതിയിരുന്നു. താനിപ്പോഴെങ്കിലും ഈ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദികേടായിരിക്കും അതെന്നു പറഞ്ഞായിരുന്നു സിന്‍ഹയുടെ വിമര്‍ശനം.

Advertisement