മലയാളിയായ ഒരു ജെ.എന്‍.യു അധ്യാപകന്റെ കുറിപ്പ്
JNU
മലയാളിയായ ഒരു ജെ.എന്‍.യു അധ്യാപകന്റെ കുറിപ്പ്
എഡിറ്റര്‍
Sunday, 23rd September 2018, 9:29 pm

ഞായറാഴ്ച രാവിലെ കമാല്‍ കോംപ്ലെക്സ് മാര്‍ക്കറ്റില്‍ വെറുതെ കറങ്ങവെ ജെ.എന്‍.യു പരിസരം അത്ര പരിചയമില്ലാത്ത ഒരു യുവാവിനെ കണ്ടു. മുടിയും താടിയുമൊക്കെ നന്നായി നീണ്ട ഒരാള്‍. നിരാശയോടെ എന്നോട് ചോദിച്ചു: “ഈ പരിസരത്തെവിടെയെങ്കിലും ബാര്‍ബര്‍ ഷോപ്പുണ്ടോ?” അടുത്തേതെങ്കിലും ബാര്‍ബര്‍ഷോപ്പുണ്ടോയെന്ന് ഓര്‍ത്ത് ഞാനയാളെ സഹായിക്കാന്‍ ശ്രമിച്ചു. മാര്‍ക്കറ്റിലെ ഏക ബാര്‍ബര്‍ഷോപ്പ് ഒരു വര്‍ഷം മുമ്പ് പൂട്ടിയ കാര്യം അപ്പോഴാണ് ഓര്‍മ്മ വന്നത്: നിലവിലെ അഡ്മിനിസ്ട്രേഷന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു അത്.

ഈ ആയിരം ഏക്കര്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പസിലെ നിവാസികളെല്ലാം മുടിവെട്ടാന്‍ എവിടെ പോകും? രാഷ്ട്രീയപരമായി പ്രബുദ്ധമായ ഒരു ക്യാംപസ്സില്‍, ഇക്കാര്യം എങ്ങിനെയാണ് “അപ്രസക്തനായ” ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നതെന്നതിനെക്കുറിച്ച് അധികമാരും ചിന്തിക്കുകയോ തിരിച്ചറിയുകയോ ചെയ്തതായി തോന്നുന്നില്ല.

പൊതുവില്‍ “ഇടതുപക്ഷക്കാര്‍” എന്ന് ബ്രാന്റ് ചെയ്യപ്പെട്ട മുടിയും താടിയും നീട്ടിയവരോടുള്ള ലക്ഷണശാസ്ത്രം വെച്ചുള്ള ഇഷ്ടക്കേടുകൊണ്ടെങ്കിലും നിലവിലെ അഡ്മിനിസ്ട്രേഷന്‍ ക്യാമ്പസിന്റെ എല്ലാ മൂലയിലും ഗേറ്റിലും ഒരു ബാര്‍ബറെ ജോലിക്കുനിര്‍മ്മിക്കുമെന്ന് നമ്മള്‍ സ്വാഭാവികമായും പ്രതീക്ഷിക്കും. 18ാം നൂറ്റാണ്ടില്‍ റഷ്യയില്‍ പീറ്റര്‍ ആന്റ് ഗ്രേയ്റ്റ് ചെയ്തതുപോലെ.

 

ജെ.എന്‍.യുവിലെ ഇടതുപക്ഷക്കാരെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനുള്ള അടയാളം വടിച്ചു കളയുകയോ വെട്ടിയൊതുക്കുകയോ ചെയ്യണമെന്ന ഉദ്ദേശത്തോടെ. പക്ഷേ അപ്രതീക്ഷിതമായ ഒന്നായിരുന്നു അവര്‍ ചെയ്തത്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെല്ലാം നീണ്ടു വളര്‍ന്ന താടിയും മുടിയുമായി ജീവിക്കണമെന്നും, “ദേശദ്രോഹിക”ളായി മുദ്രകുത്തപ്പെടണമെന്നും അങ്ങനെ നഗരത്തിലെ വിവിധയിടങ്ങളില്‍ വച്ച് ക്രൂരമര്‍ദ്ദനമേല്‍ക്കണമെന്നും ഉദ്ദേശിച്ചുള്ള യൂണിവേഴ്സിറ്റി അധികൃതരുടെ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നവരുണ്ട്. 2016 ഫെബ്രുവരിക്കു ശേഷം ധാരാളം സംഭവിച്ചിട്ടുള്ളതു പോലെ, ദേശീയവാദികളെന്നു നടിക്കുന്ന വിദേശീയവിദ്വേഷി സംഘങ്ങള്‍ ഇവരെ ദല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളുടെ പരിസരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും നഗരത്തെരുവുകളിലുമെല്ലാം വച്ച് തല്ലിച്ചതയ്ക്കണമെന്ന ലക്ഷ്യം അധികൃതര്‍ക്കുണ്ടോ എന്നും ചിലര്‍ ചിന്തിക്കുന്നു.

ക്യാമ്പസില്‍ നിന്നും ഇടതുപക്ഷക്കാരുടെ അടയാളം പോലും വെച്ചേക്കില്ലെന്ന് ജെ.എന്‍.യു അഡ്മിനിസ്ട്രേഷനും അവരുടെ കാലാള്‍പ്പടയും പ്രസംഗിക്കുന്നുണ്ടെങ്കിലും പറയുന്നതുപോലെ ആ ശത്രുവിനെ അത്ര എളുപ്പം ഇല്ലാതാക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. രാഷ്ട്രീയ ധാരണയെന്ന രീതിയില്‍ മുന്നോട്ടുവെക്കുന്ന വ്യക്തിപരമായ താല്‍പര്യങ്ങളാല്‍ നയിക്കപ്പെടുന്ന അവര്‍ക്ക് വ്യക്തമായി ബോധ്യമുണ്ടായിരിക്കാം ശത്രുവുള്ളിടത്തോളം കാലമേ അവരും ഉള്ളൂവെന്ന്.

ഇടതുമേധാവിത്വമുള്ള ജെ.എന്‍.യുവില്‍ നടക്കുന്ന ആലങ്കാരിക പ്രഭാഷണങ്ങളും പ്രതിവാദങ്ങളുമാണ് അധികൃതരുടെ പക്ഷം പിടിക്കുന്നവരില്‍ ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ള ജ്ഞാനവിദ്വേഷത്തിനപ്പുറത്തേക്ക് അവരുടെ താല്‍പര്യങ്ങളെ വളര്‍ത്താന്‍ സഹായിക്കുന്നത് എന്നതാണ് വാസ്തവം. അവര്‍ നിലനില്‍ക്കുന്ന പുരുഷപക്ഷ, മത-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവരുടെ ചിന്തകളെയും ചര്‍ച്ചകളെയും നിലനിര്‍ത്തുന്നതും ഇതുതന്നെയാണ്. അങ്ങിനെ നോക്കുമ്പോള്‍ ഇടതു പക്ഷം ഇല്ലെങ്കില്‍, അവിടെ വലതിനും നിലനില്‍പ്പില്ല. തീവ്ര വലതു സ്വത്വത്തിന് പിടിച്ചു നില്‍ക്കണമെങ്കില്‍ ആ എതിരാളി ഉണ്ടാകേണ്ടത് അടിസ്ഥാനാവശ്യമാണ്.

 

ജെ.എന്‍.യു അഡ്മിനിസ്ട്രേഷനെ സംബന്ധിച്ചിടത്തോളം, ഇടതുപക്ഷം എന്ന “പകര്‍ച്ചവ്യാധി” എല്ലായിടത്തുമുണ്ട് – അക്കാദമിക് കെട്ടിട സമുച്ചയങ്ങളിലും റെസിഡന്‍സ് ഏരിയയിലും ചുവന്ന ഇഷ്ടിക വച്ച് കെട്ടിപ്പൊക്കിയിട്ടുള്ള മതിലുകളില്‍, ധാബകളില്‍, ഹോസ്റ്റലുകളില്‍, മെസ്സുകളില്‍, ക്ലാസ് മുറികളില്‍, ലൈബ്രറിയില്‍ എന്നിങ്ങനെ എല്ലായിടത്തും. വിദ്യാര്‍ത്ഥികള്‍ കൂടിയിരിക്കുന്നയിടങ്ങളില്‍ മാത്രമല്ല, മരങ്ങളിലും പ്രകൃതിയിലും മറ്റെല്ലാത്തിലും വരെ. ജെ.എന്‍.യുവിനകത്തു പടര്‍ന്നു പിടിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് അവര്‍ക്കത്. അവര്‍ക്ക് അതിനെ നിരീക്ഷണത്തില്‍ വയ്ക്കേണ്ടതുണ്ട്. നിയന്ത്രിക്കുകയും അടക്കിനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്.

ഒരു സ്പേസില്‍ നിങ്ങളതിനെ നിയന്ത്രിച്ചാല്‍, അത് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരിടത്ത്, മറ്റൊരു സ്പേസില്‍, മറ്റൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാന്‍ തയ്യാറായി, നിദ്രാവസ്ഥയില്‍ അതു നിങ്ങള്‍ക്കരികില്‍ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. അങ്ങിനെയുള്ളപ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്കറിവില്ലാത്ത എന്തിനോടും നിങ്ങള്‍ സംശയത്തോടെ ഇടപെടും. ആദ്യമത് ചുരുക്കം ചിലതിനോടായിരിക്കും. പിന്നീട് താനുള്‍പ്പെടാത്ത എല്ലാത്തിനോടുമാകും. ഈ പ്രശ്നത്തെ നേരിടാനുള്ള ഏറ്റവും മികച്ച വഴി ഈ “അപര” ഗണത്തില്‍ പെടുന്നവരുമായുള്ള എല്ലാ തരത്തിലുള്ള സമ്പര്‍ക്കങ്ങളെയും പ്രതിരോധിക്കുക എന്നതാണ്. ഏറ്റവും ദുര്‍ബലമായ പ്രകോപനത്തില്‍പ്പോലും ശത്രുവിനെ ആക്രമിക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗ്ഗം. പ്രകോപനമുണ്ടായില്ലെങ്കിലും, ഉണ്ടായേക്കും എന്ന് സംശയിക്കുന്ന ഘട്ടത്തില്‍പ്പോലും ആക്രമിക്കുക എന്നത്.

സ്റ്റുഡന്റ്സ് യൂണിയനിലേക്കുള്ള 2018ലെ തെരഞ്ഞെടുപ്പുകളെത്തുടര്‍ന്നും ക്യാംപസ്സിനകത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങളുണ്ടായിരുന്നു. ഇടത്-വലത് പാര്‍ട്ടികളിലെ വിദ്യാര്‍ത്ഥികള്‍ പരസ്പരം പഴിചാരുന്നുണ്ടെങ്കിലും, അഡ്മിനിസ്ട്രേഷന്‍ അതിനെ ഉപയോഗിച്ചത് ഇടതു പക്ഷ വാദികളില്‍ നിന്നും യൂണിവേഴ്സിറ്റിയെ ശുദ്ധീകരിക്കാനുള്ള തന്ത്രമായാണ്. ആദ്യം അവര്‍ ഒരു ദിവസം പൂര്‍ണമായും അക്രമങ്ങള്‍ തുടരാനനുവദിച്ച് കാഴ്ചക്കാരായി വായടച്ചു നിന്നു. ശേഷം, ക്യാംപസ്സിനകത്തെ വിദ്യാര്‍ത്ഥികളുടെ സംഘടനാസ്വാതന്ത്ര്യത്തെയും ജാഥകളെയും പ്രതിഷേധസ്വരങ്ങളെയും “ഇനിയൊരറിയിപ്പുണ്ടാകുന്ന വരെ” നിയന്ത്രിച്ചുകൊണ്ടുള്ള സര്‍ക്കുലറുകളുമായി രംഗപ്രവേശനം ചെയ്തു.

 

ഭക്ഷണശാലകള്‍ പോലും അടച്ചുപൂട്ടി. മറ്റു നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, അക്രമങ്ങളിലേര്‍പ്പെടുന്നവര്‍ക്കും അപവാദപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും സര്‍ക്കുലറിലുണ്ടായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റിനു നേരെയുണ്ടായ അതിക്രമമടക്കം ക്യാംപസ്സില്‍ വ്യാപകമായുണ്ടായ അക്രമങ്ങള്‍ അഴിച്ചുവിട്ടത് ആരാണെന്ന് അധികൃതര്‍ക്ക് കൃത്യമായ അറിവുണ്ടായിരിക്കുമ്പോള്‍ത്തന്നെ.

ഇതിനെല്ലാം പുറമേയാണ് ജെ.എന്‍.യുവിലെ പൂര്‍വവിദ്യാര്‍ത്ഥിനി കൂടിയായ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന. ക്യാംപസ്സിലെ അക്രമങ്ങള്‍ക്കു പിറകില്‍ “രാജ്യത്തിനെതിരെ യുദ്ധം നയിക്കുന്ന ദേശദ്രോഹികളാണ്” എന്നായിരുന്നു മന്ത്രിയുടെ പക്ഷം. ഇംഗ്ലീഷ് സംസാരിക്കുന്ന, പബ്ലിക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള സീതാരാമനെയും ജയ്റ്റ്ലിയെയും റിജ്ജുവിനെയും ലേഖിയേയുമൊക്കെപ്പോലെയുള്ളവര്‍ക്ക് അവരുടെ രാഷ്ട്രീയമാനമുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്താനുള്ള ഏറ്റവും പ്രധാനമായ ഇടമാണ് ജെ.എന്‍.യു.

ഫെബ്രുവരി 9ലെ സംഭവത്തിന്റെ അനന്തരഫലങ്ങളില്‍ കടന്നുകയറി സ്ഥാനമുറപ്പിക്കാന്‍ ദല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി മഹേഷ് ഗിരി ശ്രമിച്ചിരുന്നു. മാര്‍ക്സിസം എന്തെന്നതിനെക്കുറിച്ചോ, എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ചോ അദ്ദേഹത്തിന് കാര്യമായ ബോധ്യമുണ്ടായിരുന്നില്ലെന്നത് വേറെ കാര്യം. തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കു ചേര്‍ന്ന രംഗമല്ല ജെ.എന്‍.യു എന്നു മനസ്സിലാക്കി ഉടനെതന്നെ അദ്ദേഹം പിന്‍വാങ്ങി.

 

ഈ ബി.ജെ.പി എം.പിയെപ്പോലെ പശുക്കൊലയുടെ പേരില്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍മലാ സീതാരാമന് രംഗത്തിറങ്ങാനാവില്ല. ജെ.എന്‍.യുവിലെ കോണ്ടത്തിന്റെ കണക്കിനെക്കുറിച്ചും മദ്യക്കുപ്പികളെക്കുറിച്ചും വ്യാകുലപ്പെടുന്ന ബി.ജെ.പി എം.എല്‍.എയുടെ ഭാഷയില്‍ സംസാരിക്കാനും സീതാരാമനാവില്ല. സ്വന്തം പാര്‍ട്ടിയിലെ മുഖ്യധാരാ സഹപ്രവര്‍ത്തകരെപ്പോലെ മതത്തെക്കുറിച്ചോ ക്ഷേത്രത്തെക്കുറിച്ചോ അവര്‍ പരാമര്‍ശിക്കില്ല. സീതാരാമനെപ്പോലുള്ളവരില്‍ പലരും പാര്‍ട്ടിയില്‍ അടുത്ത കാലത്തുമാത്രം കടന്നുവന്ന്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ പേരില്‍ തന്ത്രപ്രധാന സ്ഥാനങ്ങളിലെത്തിയവരാണ്.

കുറേക്കൂടി പരിഷ്‌കൃതമായ, രാജ്യത്തിന്റെ പേരില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ബൈനറികള്‍ സ്വീകാര്യമാകുന്ന നഗരപ്രദേശങ്ങളെയാണ് അവര്‍ പിന്തുടരുന്നത്. ജെ.എന്‍.യുവിന്റെ സാധ്യതകളും അതിനു ചുറ്റും ശ്രദ്ധാപൂര്‍വം നിര്‍മിക്കപ്പെട്ടിട്ടുള്ള ദേശദ്രോഹികളെ കേന്ദ്രീകരിച്ചുള്ള വ്യവഹാരങ്ങളും ബി.ജെ.പിയ്ക്കകത്തെ സുപ്രധാനമായ കരുക്കളാണെന്ന് സീതാരാമന് വ്യക്തമായ ധാരണയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷത്തിനകത്ത് വലിയൊരു സ്ഥാനം തന്നെ ഈ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിനുണ്ടെന്നതില്‍ തര്‍ക്കമില്ല. ഒരു പക്ഷേ, പശുക്കളും ക്ഷേത്രങ്ങളും രാഷ്ട്രീയതാല്‍പര്യങ്ങളുടെ കേന്ദ്രമാകുന്ന അതേയളവില്‍ത്തന്നെ.