ഇടക്കാല തെരഞ്ഞെടുപ്പ് ഫലം; മധ്യപക്ഷ വാദങ്ങള്‍ തെറ്റിച്ച് ഇടത്തോട്ട് ചെരിയുന്ന അമേരിക്ക
DISCOURSE
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം; മധ്യപക്ഷ വാദങ്ങള്‍ തെറ്റിച്ച് ഇടത്തോട്ട് ചെരിയുന്ന അമേരിക്ക
ബ്രാങ്കോ മാർചെറ്റിച്
Tuesday, 22nd November 2022, 8:10 pm
തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് അബോര്‍ഷന്‍ നിയമഭേദഗതി വിഷയത്തിലാണ് എന്നതാണ് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായത്. തെരഞ്ഞെടുപ്പ് ഫലം ഇതിനോടകം തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപിന്റെ നിറം മങ്ങാന്‍ കാരണമായിട്ടുണ്ട്.

അമേരിക്കയില്‍ മിഡ്‌ടേം തെരഞ്ഞെടുപ്പിന്റെ ആരവങ്ങളടങ്ങുകയും സ്ഥിതിവിവരക്കണക്കുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയമാണിപ്പോള്‍. സമീപകാലത്തുണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിചിത്രമായ വിധികള്‍ സമ്മാനിച്ച ഈയൊരു തെരെഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും നമ്മള്‍ക്ക് ഒരുപാട് പാഠമുള്‍ക്കൊള്ളാനുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ചിലത് മാത്രമാണിവിടെ സൂചിപ്പിക്കുന്നത്.

 

1. ഇടതുപക്ഷ നിലപാടുള്ള സ്ഥാനാര്‍ത്ഥികള്‍ തെരെഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയെ തള്ളിക്കളഞ്ഞ മധ്യപക്ഷത്തിന്റെ വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുക എന്നത് പ്രയാസമേറിയ ഒരു കാര്യമാണ് എന്നത് ശരി. എങ്കിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള മധ്യപക്ഷക്കാരുടെ പതിവായ ഒരു ആരോപണത്തെ ഗൗരവമായി എടുക്കേണ്ടതുണ്ട്.

ആ വാദത്തിന്റെ ചുരുക്കം ഇതാണ്; ഇടതുപക്ഷത്തിന് ലിബറല്‍ വോട്ടര്‍മാര്‍ നിറഞ്ഞുകവിഞ്ഞ തീരദേശ മേഖലയില്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളു. അവരുടെ പ്രധാന ആശയങ്ങളായ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, മാന്യമായ വേതനം നല്‍കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ ആരും അനുഭവിക്കാന്‍ ഇടയാകാതിരിക്കുക എന്നിവയൊന്നും തീരപ്രദേശങ്ങളിലൊഴികെ മറ്റൊരിടത്തും വോട്ടര്‍മാരെ ആകൃഷ്ടരാക്കാന്‍ പാടുള്ളതല്ല എന്നാണ് പതിവ് മധ്യപക്ഷ വാദം.

നിങ്ങള്‍ പെന്‍സില്‍വാനിയയിലേക്കൊന്ന് കണ്ണോടിക്കുക. മുമ്പ് സ്ഥിരമായി ഡെമോക്രാറ്റിക് പാര്‍ട്ടി കോട്ടയായിരുന്ന ഈ Rust Belt സ്റ്റേറ്റ് അവസാനത്തെ രണ്ട് തെരെഞ്ഞെടുപ്പുകളില്‍ ഫലത്തില്‍ റിപബ്‌ളിക്കന്‍ ആധിപത്യത്തിന് വഴിമാറി കഴിഞ്ഞിരുന്നു. (മുമ്പ് സ്റ്റീല്‍ തുടങ്ങിയ വ്യവസായങ്ങളാല്‍ സമ്പന്നമായിരുന്നപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റ് അഥവാ വ്യവസായമേഖല എന്നറിയപ്പെട്ടിരുന്ന മേഖലകള്‍ വ്യവസായത്തകര്‍ച്ചക്ക് ശേഷം Rust belt അഥവാ തുരുമ്പ് ബെല്‍റ്റ് എന്ന പേരില്‍ അറിയപ്പെടുന്നു).

ഇവിടെയാണ് ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ത്ഥി ജോണ്‍ ഫെറ്റര്‍മാന്‍ വിജയക്കൊടി നാട്ടിയത്. ചില വിഷയങ്ങളില്‍ മധ്യ നിലപാടിനൊപ്പം നില കൊണ്ടപ്പോഴും വളരെ വിശാലവും പുരോഗമനപരവുമായ ഒരുപാട് ആശയങ്ങള്‍ അദ്ദേഹം ഏറ്റുപിടിച്ചു.

മിനിമം വേതനം 15 ഡോളറാക്കുക, മരിജുവാന നിയമവിധേയമാക്കുക, ക്രിമിനല്‍ നിയമ പരിഷ്‌കരണം, യൂണിയനുകളുടെ രൂപീകരണം എളുപ്പമാക്കല്‍ തുടങ്ങിയ നിലപാടുകള്‍ക്കൊപ്പം അദ്ദേഹം നിന്നു.

                                                 ജോണ്‍ ഫെറ്റര്‍മാന്‍

ആരോഗ്യ മേഖലയില്‍ മെഡികെയര്‍ പ്രായപരിധി കുറയ്ക്കാനും സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിനും വേണ്ടി വാദിച്ചു. വിദ്യാര്‍ത്ഥികളുടെ കടം എഴുതിത്തള്ളാനുള്ള ബൈഡന്റെ തീരുമാനത്തെ അദ്ദേഹം ആവേശപൂര്‍വം പിന്തുണച്ചു. പണപ്പെരുപ്പത്തിന് കാരണമായ കോര്‍പറേറ്റ് ലാഭക്കൊതിക്കെതിരെ ആഞ്ഞടിച്ചു. സോഷ്യലിസ്റ്റായ ബേര്‍ണി സാന്റേഴ്‌സിന്റെ അംഗീകാരം ലഭിച്ചവനെന്ന് നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന തന്റെ എതിരാളിയെ നാണം കെടുത്താനായി അദ്ദേഹം ഒരു ക്യാമ്പെയിന്‍ തന്നെ സംഘടിപ്പിച്ചു. എതിരാളി അമേരിക്കന്‍ ജനതയുമായി യാതൊരു ബന്ധവുമില്ലാത്തവനും പത്ത് വീടുകളുടെ ഉടമയുമായ ഒരു ധനാഢ്യന്‍ മാത്രമാണെന്ന കാര്യം തുറന്നുകാട്ടി.

                                      ബേര്‍ണി സാന്റേഴ്സ്

അതിനിടയില്‍ സ്‌ട്രോക്ക് വന്ന് കുറച്ചുകാലം കിടപ്പിലായിപ്പോയത് കൊണ്ട് മുഴുവന്‍ പൊതു പ്രചാരണ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും ഫെറ്റര്‍മാന്‍ വിജയിക്കുക തന്നെ ചെയ്തു. പെനിസില്‍വാനിയയിലെ തന്നെ മറ്റിടങ്ങളിലെ കാര്യം പറയുകയാണെങ്കില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി സമ്മര്‍ ലീ കൂടുതല്‍ സമൂലമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള സമഗ്ര പരിസ്ഥിതി പാക്കേജായ ‘ഗ്രീന്‍ ന്യൂ ഡീല്‍’, എല്ലാവര്‍ക്കും മെഡികെയര്‍, പരോളില്ലാതെയുള്ള ക്യാഷ് ജാമ്യവും ജീവപര്യന്തം ശിക്ഷയും നിര്‍ത്തലാക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ആശയപരമായി ഇതൊരു ബാധ്യതയാവേണ്ടതൊന്നുമല്ല. പക്ഷെ അവരിപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന ജില്ലയുടെ അതിര്‍ത്തികള്‍ മാറ്റി വരക്കപ്പെട്ടപ്പോള്‍ വെസ്റ്റ്‌മോര്‍ലാന്‍ഡ് കൗണ്ടിയുടെ ചില ഭാഗങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളാകട്ടെ ബൈഡന് 35 ശതമാനം മാത്രം വോട്ട് ലഭിച്ച, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുള്ള മേഖലകളാണ്. ഇവിടെ തന്ത്രപ്രധാനമായ എല്ലാ ഓഫീസുകളുടെയും പൂര്‍ണമായ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈകളിലാണ്. അവിടെ ഡെമോക്രാറ്റുകളുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന വളരെ സര്‍വസാധാരണമായ ഒരവസ്ഥയുണ്ട്.

ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തില്‍, പടിയിറങ്ങാന്‍ പോകുന്ന നിലവിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുടെ അതേ പേര് തന്നെയാണ് അവരുടെ റിപ്പബ്ലിക്കന്‍ എതിരാളിക്കുമുണ്ടായിരുന്നത് എന്നതും കൂട്ടത്തില്‍ പറയാം. ഈ പ്രതികൂല ഘടകങ്ങളോടെല്ലാം പടവെട്ടി ഇഞ്ചോടിഞ്ച് പോരാടിയ അവര്‍ അവരുടെ കഴിഞ്ഞ തവണത്തെ കന്നി തെരെഞ്ഞെടുപ്പ് മത്സരത്തേക്കാള്‍ മികച്ച പ്രകടനമാണ് ഇക്കുറി കാഴ്ചവെച്ചത്. അവര്‍ വിജയിക്കുകയും ചെയ്തു.

അതിനും പുറമെ, ഇതേ സ്റ്റേറ്റില്‍ ജയിച്ചുകയറിയ ഡെമോക്രാറ്റിക് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി ജോഷ് ഷാപ്പിറോയാകട്ടെ ഒപിയോയിഡ് നിര്‍മാതാക്കള്‍, മരുന്നുനിര്‍മാണ കമ്പനികള്‍, കൊള്ളപ്പലിശക്കാര്‍ എന്നിവര്‍ക്ക് കടിഞ്ഞാണിട്ടതിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിലാണ് വിജയം കൈവരിച്ചത്.

                                                                                                        ജോഷ് ഷാപ്പിറോ

അതുപോലെ, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് കൗണ്‍സിലര്‍ ഗ്രെഗ് കാസറിന്റെ ടെക്‌സാസിലെ 35ാം ഡിസ്ട്രിക്റ്റിലെ വിജയം, ഇല്ലിനോയിസ് സ്റ്റേറ്റ് പ്രതിനിധി ഡെലിയ റാമിറെസിന്റെ ഇല്ലിനോയിസിലെ മൂന്നാം ഡിസ്ട്രിക്റ്റിലെ വിജയം, മാക്‌സ്‌വെല്‍ ഫ്രോസ്റ്റിന്റെ ഫ്‌ളോറിഡയിലെ 10ാം ഡിസ്ട്രിക്റ്റിലെ വിജയം എന്നിവയെല്ലാം സമ്മര്‍ ലീയുടേതിന് സമാനമായവയാണ്. അതായത് ഇവയെല്ലാംതന്നെ ഇടതിന്റെ രാഷ്ട്രീയഭൂപടം വിപുലീകരിക്കുന്നവയാണ്.

ഫ്‌ളോറിഡയില്‍ റിപ്പബ്ലിക്കുകള്‍ തൂത്തുവാരി എന്നതിന്റെ വെളിച്ചത്തിലും ജനസംഖ്യാപരമായി നോക്കുമ്പോള്‍ വോട്ടര്‍മാര്‍ വലത്തോട്ട് ചായുന്നു എന്ന് നിരൂപകര്‍ വിലയിരുത്തുന്ന സാഹചര്യത്തിലും ഭൂരിഭാഗം ലാറ്റിനോ ജില്ലകളിലും കാസറും റാമിറെസും ഭംഗിയായി ജയിച്ചുകയറി എന്നതൊരു വസ്തുതയാണ്. യഥാര്‍ത്ഥത്തില്‍ റാമിറെസ് വിജയിച്ചത് പരമ്പരാഗത റിപ്പബ്ലിക്കന്‍ വോട്ടുകള്‍ ഏറെയുള്ള പ്രാന്തപ്രദേശങ്ങളടങ്ങിയ ഒരു ജില്ലയിലാണ്.

                                              ഡെലിയ റാമിറെസ്

അവിടത്തെ പ്രാഥമിക നിഗമനങ്ങള്‍ കാണിക്കുന്നത് ചിക്കാഗോയിലേതിനേക്കാള്‍ മികച്ച നേട്ടമാണ് അവര്‍ ഇവിടെ കൈവരിച്ചത് എന്നാണ്. ഡെമോക്രാറ്റുകള്‍ പരാജയപ്പെട്ട ചില മണ്ഡലങ്ങള്‍ പോലും ഇക്കാര്യങ്ങള്‍ക്ക് അടിവരയിടുന്നുണ്ട്.

ഒഹായോ പ്രതിനിധിയും സെനറ്റ് സ്ഥാനാര്‍ത്ഥിയുമായ ടിം റയാന്‍ ഒരു പുരോഗമനവാദിയല്ല. വിദ്യാര്‍ത്ഥി കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ബൈഡന്റെ ആശയങ്ങളെ ശക്തമായി എതിര്‍ത്ത ആളാണദ്ദേഹം. അതേസമയം, ഇടതുപക്ഷ കുറിപ്പടികളില്‍ നിന്ന് ചിലത് കടമെടുത്ത് ശക്തമായ തൊഴിലാളി പ്രചാരണം നടത്തി. ഇത് പലപ്പോഴും സ്വന്തം പാര്‍ട്ടി നേതൃത്വത്തില എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. നേരത്തേ പറഞ്ഞ റസ്റ്റ് ബെല്‍റ്റില്‍ പെടുന്ന ഈ സംസ്ഥാനത്ത് പരാജയപ്പെട്ടെങ്കിലും, ഇവിടെ പ്രസിഡന്റിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഒരുപക്ഷേ വോട്ടര്‍ രജിസ്‌ട്രേഷനില്‍ ഒഹായോയുടെ റിപ്പബ്ലിക്കന്‍ ചായ്വില്‍ അദ്ദേഹം മുങ്ങിപ്പോയതുമായിരിക്കാം. അതുപോലെ വിസ്‌കോണ്‍സിനില്‍ മണ്ടേല ബാണ്‍സ് നിലവിലെ റോണ്‍ ജോണ്‍സണോട് ഏറ്റുമുട്ടി വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. യൂണിയനുകളെയും തൊഴിലാളികളെയും കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു പോയിന്റിന്റെ കുറവ് മാത്രമാണ് അദ്ദേഹത്തിനുണ്ടായത്. ജോണ്‍സന്റെ രണ്ട് മുന്‍കാല മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മൂന്നാമതൊരു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയില്ലാത്ത ഒരു മത്സരമായിരുന്നു ഇത്.

                                                                                                റോണ്‍ ജോണ്‍സണ്‍

തീര്‍ച്ചയായും പുരോഗമന പ്ലാറ്റ്ഫോം എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ ഗുണനിലവാരം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍, അല്ലെങ്കില്‍ ഒരു വംശത്തെ സ്വാധീനിക്കുന്ന എണ്ണമറ്റ മറ്റ് ഘടകങ്ങള്‍ എന്നിവയൊന്നും പരിഗണിക്കാതെ വിജയം താനേ വന്നു ചേരും എന്നൊന്നുമല്ല അര്‍ത്ഥമാക്കുന്നത്.

പക്ഷേ പുരോഗമനാശയങ്ങള്‍ പിന്‍പറ്റിയാല്‍ തോല്‍വി സുനിശ്ചിതമാണ് എന്ന് പറയുന്നത് ന്യായമല്ല എന്നത് ഇതിനകം തന്നെ തെളിയിക്കപ്പെട്ട ഒരു കാര്യമാണ്.

 

2. ഡോബ്‌സ് തീരുമാനം നിര്‍ണായകമായി (അമേരിക്കന്‍ ഭരണഘടന അബോര്‍ഷനുള്ള അനുമതി നല്‍കുന്നില്ല എന്ന യു.എസ് സുപ്രീം കോടതി വിധി)

ഈ ലേഖകന്‍ ഉള്‍പ്പെടെ പല നിരീക്ഷകരും കഴിഞ്ഞ കുറച്ച് മാസങ്ങളായി വോട്ടെടുപ്പിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗര്‍ഭഛിദ്രാവകാശങ്ങള്‍ ഇല്ലാതാക്കിയ ഡോബ്‌സ് സുപ്രീം കോടതി വിധിയില്‍ ആളിക്കത്തിയ ജനരോഷം വേനല്‍ക്കാലത്തിന് ശേഷം പതുക്കെ കുറഞ്ഞ് ഇല്ലാതായി എന്നാണ് ഞങ്ങള്‍ കരുതിയത്. അത് പൂര്‍ണമായും ശരിയായിരുന്നില്ല.

തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗര്‍ഭഛിദ്ര നിരോധന നടപടി ഒരു പരാജയമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഓഗസ്റ്റ് മാസത്തില്‍ കന്‍സാസില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന റഫറണ്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വന്‍ ജനപങ്കാളിത്തം ഓര്‍ക്കാം. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല എന്നാണ് വ്യക്തമാവുന്നത്.

കൂടാതെ മിഷിഗണ്‍, വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഈ സംസ്ഥാന ഭരണഘടനകളില്‍ ഗര്‍ഭഛിദ്ര അവകാശനിയമങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുള്ള ജനഹിതമാണ്. അമേരിക്കന്‍ ഭരണഘടന ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ ഈ അവകാശം എടുത്തുകളയുന്ന കെന്റക്കിയുടെ ഭേദഗതി 52 ശതമാനം വോട്ടര്‍മാര്‍ ചേര്‍ന്നാണ് പരാജയപ്പെടുത്തിയത്.

2014ല്‍ മൂന്നില്‍ രണ്ട് വോട്ടര്‍മാരും ഗര്‍ഭഛിദ്രം ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ നിയമ വിരുദ്ധമാക്കണം എന്ന് കരുതിയിരുന്ന ഒരു സംസ്ഥാനത്താണിത് എന്നോര്‍ക്കണം.

സാധാരണയായി വോട്ടര്‍മാരെ സംബന്ധിച്ച് സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം എന്നിവക്കാണ് കൂടുതല്‍ പ്രാധാന്യമെങ്കിലും ഗര്‍ഭഛിദ്രവും ഒരു പ്രധാന വിഷയം തന്നെയാണെന്ന് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു. ഏകദേശം മൂന്നിലൊന്ന് വോട്ടര്‍മാരും പറയുന്നത് അവര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഒരു വിഷയമാണിതെന്നാണ്. 60 ശതമാനം പേരും കോടതി വിധിയില്‍ തങ്ങള്‍ ‘അസംതൃപ്തരാണ്’, ‘രോഷാകുലരാണ്’ എന്നൊക്കെയാണ് പറഞ്ഞത്.

ഗര്‍ഭഛിദ്രമെന്നത് ‘സ്ത്രീകളെയും ഡോക്ടര്‍മാരെയും കുറച്ച് പ്രാദേശിക രാഷ്ടീയ നേതാക്കന്‍മാരെയും മാത്രം ബാധിക്കുന്ന തീരുമാനം’ എന്ന് പെന്‍സില്‍വാനിയയിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോ. ഓസ് പറഞ്ഞത് കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു.

എന്നാല്‍ അവിടെ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ 36 ശതമാനം പേരും പറഞ്ഞത് ഇത് തങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് എന്നാണ്. അതേസമയം 27 ശതമാനം പേരാണ് പണപ്പെരുപ്പത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് എന്നത് താരതമ്യം അര്‍ഹിക്കുന്നു.

അതുപോലെ 14 ശതമാനം ജോര്‍ജിയക്കാരും, 17 ശതമാനം അരിസോണക്കാരും, 20 ശതമാനം ന്യൂ ഹാംപ്ഷയറുകാരും, 13 ശതമാനം വിസ്‌കോണ്‍സിന്‍ കാരും ഇതേ അഭിപ്രായമുള്ളവരാണ്. ഇപ്പറഞ്ഞവയെല്ലാം തന്നെ സെനറ്റിലേക്കുള്ള മത്സരങ്ങളില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചതോ അല്ലെങ്കില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ചതോ ആയ സംസ്ഥാനങ്ങളാണ്.

ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് എങ്ങനെയാണ് പിടിച്ചുനില്‍ക്കാനായത് എന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സഹായകമാണ്. അതായത് തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് അബോര്‍ഷന്‍ നിയമ ഭേദഗതി വിഷയത്തിലാണ് എന്നതാണ് അവര്‍ക്കനുകൂലമായത്. അതേസമയം 70 ശതമാനം ആളുകളും കരുതുന്നത് രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബൈഡനാകട്ടെ അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയില്ലാത്ത പ്രസിഡന്റുമാരില്‍ ഒരാളെന്ന നിലയില്‍, മിഡ്‌ടേം തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വളരെ മോശം പ്രകടനത്തിന് കാരണക്കാരനുമാകുമായിരുന്നു. എന്നിട്ടും ഡെമോക്രാറ്റുകള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ പ്രതിരോധം തീര്‍ക്കാനായത് ഈയൊരൊറ്റ വിഷയത്തില്‍ ശ്രദ്ധയൂന്നിയത് കൊണ്ടാണ്. ഇതിനുപുറമെ ഡെമോക്രാറ്റുകള്‍ ബേര്‍ണി സാന്‍ഡേഴ്‌സിനെപ്പോലെയുള്ള ആളുകളുടെ നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളുകയും സമ്പദ്വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ഒരു യഥാര്‍ത്ഥ സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാരണം എക്‌സിറ്റ് പോളുകളിലും തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകളിലും വോട്ടര്‍മാര്‍ പങ്കുവെച്ചത് ഗര്‍ഭഛിദ്രത്തേക്കാള്‍ കൂടുതല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പണപ്പെരുപ്പത്തെക്കുറിച്ചുമുള്ള ആശങ്കകളാണ്. പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ അതിനെ കുറിച്ചാണ് സംസാരിച്ചത്.

 

3. ഇടതുപക്ഷം മുന്നോട്ടുവെച്ച വലിയ സാമ്പത്തികതന്ത്രം പാര്‍ട്ടിയെ രക്ഷിച്ചു

ഡെമോക്രാറ്റുകള്‍ തൂത്തുവാരിയ 2010ലെ മിഡ്‌ടേം തെരെഞ്ഞെടുപ്പ് ഫലങ്ങളും ഇത്തവണത്തെ ഫലങ്ങളും തമ്മിലുള്ള വ്യക്തമായ അന്തരം ഇതിനോടകം തന്നെ വിമര്‍ശകര്‍ രേഖപ്പെടുത്തുന്നുണ്ട്. അന്ന് തൊഴിലില്ലായ്മ 10 ശതമാനത്തിനോടടുത്തായി നിലനിര്‍ത്തി എന്ന വളരെ ചെറിയ ഒരു പ്രചോദനം മാത്രമാണ് ഡെമോക്രാറ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയത്. പക്ഷേ ഇപ്പോഴത്തേത് ഡെമോക്രാറ്റുകളുടെ സാമ്പത്തികമായ കുതിച്ചുചാട്ടത്തിന് ശേഷമുള്ളതാണ്.

അതായത്, നേരിട്ട് ആളുകളുടെ പോക്കറ്റിലേക്ക് പണം നിക്ഷേപിക്കുകയും തൊഴിലില്ലായ്മ വെറും നാല് ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തുകയും ചെയ്തതുകൊണ്ട് വളരെ വലിയൊരു പ്രചോദനമാണ് ഇത്തവണ അവര്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ സാക്ക് കാര്‍ട്ടര്‍ വാദിക്കുന്നത് പണപ്പെരുപ്പത്തേക്കാള്‍ വോട്ടര്‍മാരെ അലട്ടുന്ന കൂടുതല്‍ ഗുരുതരമായ പ്രശ്‌നം തൊഴിലില്ലായ്മയാണ് എന്നാണ്.

ഇക്കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന് തന്നെയാണ് കൂടുതല്‍ സാധ്യത. പന്ത്രണ്ട് വര്‍ഷം മുമ്പത്തെ കാര്യമെടുക്കുമ്പോള്‍ അന്ന് നിലവിലില്ലാത്ത മറ്റെല്ലാ കാര്യങ്ങളും ഡോബ്‌സി തീരുമാനമടക്കം പരിഗണിക്കുമ്പോള്‍ ഇക്കാര്യം തീര്‍ച്ചയുമാണ്. പക്ഷെ നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. അതെന്തെന്നാല്‍ ഡെമോക്രാറ്റുകള്‍ ലാറി സമ്മേഴ്‌സിനെപ്പോലുള്ളവരുടെ നവലിബറല്‍ ആശയങ്ങള്‍ പിന്‍പറ്റുകയും ജനങ്ങള്‍ക്ക് വളരെ ചെറിയ സാമ്പത്തികസഹായ പാക്കേജുകള്‍ മാത്രം അനുവദിക്കുകയും ചെലവുകള്‍ വെട്ടിച്ചുരുക്കുയും കൂടുതല്‍ മെച്ചപ്പെട്ട വേതനത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി വാദിക്കാനുള്ള ധൈര്യം നല്‍കാന്‍ പറ്റുന്നത്ര വിപുലമായ രീതിയില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടരാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഡെമോക്രാറ്റുകള്‍ വളരെ മോശമായ ഒരു അവസ്ഥയിലെത്തുമായിരുന്നു.

പൊട്ടിത്തെറിയുടെ വക്കിലെത്തിയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളിലും പണപ്പെരുപ്പത്തെ നിയന്ത്രിക്കാനായി ഇപ്പോള്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന ഫെഡറല്‍ റിസര്‍വ് പോലും പറയുന്നത് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി പ്രവര്‍ത്തിച്ചത് ചില ബാഹ്യഘടകങ്ങളാണ് എന്നാണ്.

അതായത്, മഹാമാരി കാരണം ദീര്‍ഘകാലം അന്താരാഷ്ട്ര വിതരണ ശൃംഖലയിലുണ്ടായ തകര്‍ച്ച, ഉക്രൈനിലെ യുദ്ധം തുടങ്ങിയവ ഇത്തരം ബാഹ്യഘടകങ്ങള്‍ക്ക് ഉദാഹരമാണ്. ബൈഡന്‍ ഈ ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ചിരുന്നുവെങ്കില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മയും കടുത്ത പണപ്പെരുപ്പവുമായി അദ്ദേഹത്തിന്റെ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പുകളിലേക്ക് നടന്നുനീങ്ങുമായിരുന്നു. ഇതിന്റെ പരിണിതഫലം വളരെ വ്യത്യസ്തമാകുമായിരുന്നു.

 

4. ട്രംപ് ഒരു വന്‍ പരാജയമായിരുന്നു

റിപ്പബ്ലിക്കന്‍സിനെ സംബന്ധിച്ചിടത്തോളം വളരെ മോശം രാത്രിയായിരുന്നു അത്, പ്രത്യേകിച്ചും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന റിപ്പബ്ലിക്കനെ സംബന്ധിച്ച്. ട്രംപിന്റെ ‘അംഗീകൃത സ്ഥാനാര്‍ത്ഥികളില്‍’ പലരും തോല്‍വി ഏറ്റുവാങ്ങിയവരോ മോശം പ്രകടനം കാഴ്ചവെച്ചവരോ ആണ്.

റിപബ്ലിക്കന്റെ പ്രമറിയില്‍ Dr. Ozന് (ഡോക്ടര്‍ ഓസ്) ട്രംപിന്റെ അംഗീകാരം അളവില്‍ കൂടുതല്‍ ലഭിച്ചു എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെയുള്ള മറ്റുള്ളവരില്‍ പരിഭ്രമമുണ്ടാക്കിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ പക്ഷാഘാതം വന്ന് കിടപ്പിലായിപ്പോയത് കാരണം തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വലിയ തോതില്‍ വിട്ടുനില്‍ക്കേണ്ടി വന്ന ജോണ്‍ ഫെറ്റര്‍മാനോട് ഡോക്ടര്‍ ഓസ് പരാജയപ്പെടുകയായിരുന്നു.

വിജയസാധ്യത ഏറെയുണ്ടായിരുന്ന സംസ്ഥാനങ്ങളായ മിഷിഗണ്‍, വിസ്‌കോസിന്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ പോലും ട്രംപിന്റെ സ്വന്തം ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. പെന്‍സില്‍വാനിയയില്‍ പരാജയപ്പെട്ട റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡഗ് മാസ്ട്രിയാനോ അമേരിക്കന്‍ പാര്‍ലിമെന്റില്‍ ട്രംപിന്റെ പേരും പറഞ്ഞ് കലാപമഴിച്ച് വിട്ട കലാപകാരികളില്‍ പെട്ട ആളായിരുന്നു. (Capitol rioter -2021 January ആറിന് അവിടത്തെ പാര്‍ലമെന്റില്‍ ആക്രമണം നടത്തിയ അക്രമികളിലൊരാള്‍)

ഡോ. ഓസ്‌ന് പിന്തുണയുമായി അദ്ദേഹത്തോടൊപ്പം മാസ്ട്രിനോയും കൂടെ തന്നെയുണ്ടായിരുന്നു. അതുപോലെത്തന്നെ തെരെഞ്ഞെടുപ്പിനെതിരെ കള്ള പ്രചരണങ്ങള്‍ അഴിച്ചുവിട്ട ട്രംപിന്റെ അടുത്ത കൂട്ടാളിയായ അരിസോണയിലെ സ്ഥാനാര്‍ത്ഥിയും തോറ്റു. സെനറ്റിലേക്കുള്ള മറ്റ് പ്രധാന മത്സരാര്‍ത്ഥികളില്‍ ട്രംപ് അനുയായികളില്‍ ആരും തന്നെ നല്ല പ്രകടനം കാഴ്ചവെച്ചില്ല.

                                                                                                     Dr. Oz

ജോര്‍ജിയയില്‍ ഫുട്‌ബോള്‍ താരവും രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ലാത്തവനുമായ ഹെര്‍ഷല്‍ വാക്കര്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പ്രധാനമായും ട്രംപിന്റെ പിന്തുണയുടെ പിന്‍ബലത്തിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിവാദങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ട് സംസ്ഥാനത്തെ ഗവര്‍ണറെക്കാള്‍ മോശമായ പ്രകടനം കാഴ്ചവയ്ക്കുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

അരിസോണയില്‍, പ്രൈമറി ഇലക്ഷനില്‍ ട്രംപ് ഉയര്‍ത്തിക്കൊണ്ട് വന്ന മറ്റൊരു വലതുപക്ഷ തീവ്രവാദിയായ ബ്ലേക്ക് മാസ്റ്റേഴ്സിന് സെനറ്റില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടതായി തോന്നുന്നു, അത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടില്ല എങ്കിലും (ബ്ലേക് അവസാന ഫലം വന്നപ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു- പരിഭാഷക). ട്രംപിന്റ കൂട്ടാളി റോണ്‍ ജോണ്‍സണ്‍, വിസ്‌കോസിനില്‍ വിജയം കൈവരിക്കാന്‍ വളരെയേറെ പ്രയാസപ്പെട്ടു.

ബ്ലേക്ക് മാസ്റ്റേഴ്സ്

പൊളിറ്റികൊയുടെ (Politico.com എന്ന വെബ്‌സൈറ്റ്) കണക്കനുസരിച്ച് ട്രംപ് തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികളില്‍ ഒട്ടും വിജയസാധ്യതയില്ലാത്ത ഏഴ് പേര്‍ പരാജയപ്പെടുകയും മറ്റ് ഏഴ് പേര്‍ വിജയിക്കുകയും ചെയ്തു (രാഷ്ട്രീയ യജമാനന്‍മാരെ കണക്കിലെടുക്കുന്നില്ല എന്ന് നിരീക്ഷിക്കാം).

കൂടാതെ ഹൗസിലേക്കുള്ള മത്സരങ്ങളില്‍ മുന്‍ പ്രസിഡന്റിന്റെ ആളുകള്‍ കാഴ്ചവെച്ചത് വളരെ മോശം പ്രകടനമാണ്. ആക്‌സിയോസ് (Axios.com) പ്രധാന മത്സരങ്ങളെക്കുറിച്ച് നല്‍കുന്ന കണക്കുകളില്‍ പറയുന്നത് ട്രംപിന്റെ വിജയ-പരാജയ അനുപാതം പതിമൂന്നില്‍ പത്ത് എന്ന രീതിയിലാണ്. അതേസമയം 14 മത്സരങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നതേയുള്ളു. ഇവരില്‍ നല്ലൊരു വിഭാഗം സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നത് ഉറച്ച സീറ്റുകളിലാണ് എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച് കൊണ്ടുള്ള ഒരു കണക്കാണിത്.

ഇതിനെല്ലാം പുറമെ, പരമദയനീയമായ ഒരു കാര്യമിതാണ്, തെരഞ്ഞെടുപ്പില്‍ വന്‍ റിപ്പബ്ലിക്കന്‍ അട്ടിമറി തന്നെ പ്രതീക്ഷിച്ച ട്രംപ്, വരാന്‍ പോകുന്ന വിജയത്തിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാന്‍ വേണ്ടി ഒരു വമ്പന്‍ ആഘോഷ പരിപാടി പോലും മുന്‍കൂട്ടിത്തന്നെ സംഘടിപ്പിച്ചിരുന്നു.

അന്തിമ കണക്കുകള്‍ എന്തുതന്നെയാണെങ്കിലും തെരഞ്ഞെടുപ്പ് ഫലം ഇതിനോടകം തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപിന്റെ നിറം മങ്ങാന്‍ കാരണമായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ തന്റെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹം ആദ്യം പദ്ധതിയിട്ടിരുന്നു. റിപ്പബ്ലിക്കന്‍സിന് ജോര്‍ജിയ സെനറ്റ് സീറ്റ് നഷ്ടമാകുമെന്ന് ഭയന്ന് അത് വൈകിപ്പിക്കാന്‍ പാര്‍ട്ടി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടാതെ ട്രംപിനെ വളരെ പരസ്യമായും അല്ലാതെയും വിമര്‍ശിക്കുന്ന ന്യൂസ് വാര്‍ത്തകള്‍ വലതുപക്ഷ ‘ഫോക്‌സ് ന്യൂസില്‍’ കൂടി തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നു. പഴയ ട്രംപ് ഉപദേശക കൂടിയായ ലോറ ഇന്‍ഗ്രഹാം പറഞ്ഞത് ഈ ‘കണ്‍സര്‍വേറ്റീവ് പ്രസ്ഥാനം ഏതെങ്കിലും ഒരു വ്യക്തിയെ സംബന്ധിക്കുന്നതല്ല’ എന്നാണ്.

                                                                                                          ലോറ ഇന്‍ഗ്രഹാം

പേരെടുത്ത് പറയാതെ, ഇതര റിപ്പബ്ലിക്കന്‍സിനെ അപലപിച്ചുകൊണ്ട് അവര്‍ പറഞ്ഞു; ‘നിങ്ങള്‍ രാജ്യനന്മയ്ക്ക് മുകളിലാണ് നിങ്ങളുടെ അഹംഭാവത്തെയും പകയെയും പ്രതിഷ്ഠിക്കുന്നത്’. നാമമാത്രമായ വോട്ടുകള്‍ക്ക് മാത്രമാണെങ്കിലും വിജയിച്ച കൂടുതല്‍ മിതവാദികളായ ഗവര്‍ണര്‍മാരെ മാര്‍ക്ക് തീസെന്‍ വിശേഷിപ്പിച്ചത് ‘ഭാവിയിലേക്കുള്ള പാത’ എന്നാണ്. അതേസമയം ‘കൂടുതല്‍ മൗലികവാദികളായ സ്ഥാനാര്‍ത്ഥികള്‍ അവരേക്കാള്‍ വളരെ പിന്നിലാണ്’ എന്ന് അദ്ദേഹം പരാതിപ്പെടുകയും ചെയ്തു.

ട്രംപിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാല്‍, പ്രസിഡന്റ് തെരെഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയാവുക ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ആണ്. അദ്ദേഹം പ്രധാനപ്പെട്ട ഒരു റിപ്പബ്ലിക്കന്‍ സ്റ്റേറ്റില്‍ വലിയ വിജയമാണ് കൈവരിച്ചത്. റിപ്പബ്ലിക്കന്‍ തട്ടകമായിരുന്ന മിയാമി- ഡേഡ് കൗണ്ടി മറിച്ചിട്ടുകൊണ്ട്, 2020ലെ ട്രംപിന്റെ പരാജയത്തിന് കാരണമായ തെരഞ്ഞെടുപ്പ് ഫലത്തെപ്പോലും മറികടന്ന് അസാധാരണമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

                                                                                                       റോണ്‍ ഡിസാന്റിസ്

കൂടാതെ, ജനസംഖ്യാ സമവാക്യങ്ങളനുസരിച്ച് ലാറ്റിനോകള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാ ഗ്രൂപ്പുകളുള്‍ക്കും ഇടയില്‍ ഡെമോക്രാറ്റുകള്‍ വന്‍ വിജയമാണ് നേടിയത്. വലതുപക്ഷത്തെ ട്രംപ് വിരുദ്ധ ചേരി ഇതിനോടകം തന്നെ തങ്ങളുടെ അസംതൃപ്തി രേഖപ്പെടുത്തുകയും വിജയശ്രീലാളിതനായ ഡി സാന്റിസിനോടൊപ്പം ചേരുകയും ചെയ്തിട്ടുണ്ട്.

 

5. തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല

ഇന്നത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി തീവ്രവാദത്തെ പറ്റി സംസാരിക്കുന്നത് ഏറെ ശ്രദ്ധയോടെ ആവേണ്ടതുണ്ട്. കാരണം അവര്‍ക്കിടയിലെ ‘മധ്യപക്ഷം’ എന്നത് സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങള്‍ മുതല്‍ നികുതിയെ സംബന്ധിക്കുന്ന നയങ്ങളില്‍ വരെ എല്ലാക്കാര്യങ്ങളിലും പൂര്‍ണമായും രാജ്യത്തെ വലതുപക്ഷത്തോടൊപ്പമാണ്. പക്ഷെ ട്രംപിന്റെ ഉയര്‍ച്ചയോടെ പാര്‍ട്ടിയിലേക്ക് കടന്നുവന്ന ചില ഭ്രാന്തന്‍ ആശയങ്ങള്‍ വോട്ടര്‍മാരില്‍ ഉണ്ടാക്കിയ ഗൗരവമേറിയ ആശയക്കുഴപ്പമാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നത്.

ആക്‌സിയോസിന്റെ കണക്കനുസരിച്ച് 2020ലെ തെരെഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടതായിരുന്നു എന്ന നുണ പ്രചാരണം ഏറ്റുപിടിച്ച ‘തെരഞ്ഞെടുപ്പ് നിഷേധികള്‍ക്ക്’ ഇതുവരെ വിജയത്തേക്കാള്‍ ഏറെ പരാജയങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. പ്രത്യേകിച്ച് വിവിധ സ്റ്റേറ്റുകളിലെ സെക്രട്ടറിതല മത്സരങ്ങളില്‍ അവര്‍ വഹിച്ച മുഖ്യപങ്ക് കണക്കിലെടുക്കുമ്പോള്‍ അവിടെ അവര്‍ക്കുണ്ടായിട്ടുള്ള തിരിച്ചടിയെ വളരെ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മിഷിഗണ്‍, മിന്നെസോട്ട, ന്യൂമെക്‌സിക്കോ എന്നിവിടങ്ങളിലുണ്ടായ തകര്‍ച്ചയും ഒരാള്‍ അരിസോണയില്‍ ഒപ്പത്തിനൊപ്പമായതും മറ്റൊരാള്‍ നെവാഡയില്‍ ചക്രശ്വാസം വലിക്കുന്നതുമെല്ലാം ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

തീവ്ര വലതുപക്ഷക്കാരനായ മെയ്നിയിലെ മുന്‍ ഗവര്‍ണര്‍ പോള്‍ ലെപേജ് അനായാസം തോല്‍പ്പിക്കപ്പെട്ടു. ഒരിക്കല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രിയങ്കരിയായിരുന്ന സാറാ പാലിന്‍ തകര്‍ന്ന് തരിപ്പണമായിപ്പോയി. ‘ക്വാനന്‍ (QAnon)’ ഗൂഢാലോചന സിദ്ധാന്തത്തിന്റെ അനുകൂലികളിലൊരാളായ കൊളറാഡോയിലെ ലോറന്‍ ബോബെര്‍ട്ടിന് സ്വന്തം പാര്‍ട്ടിയിലെ വോട്ടര്‍മാരില്‍ നിന്നുതന്നെ ഗണ്യമായ തിരിച്ചടി നേരിട്ടു. ആയിരത്തിലധികം വോട്ടുകളുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ അവര്‍ തന്റെ രാഷ്ട്രീയജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.
അവരാകട്ടെ പള്ളിയെയും ഭരണകൂടത്തെയും തമ്മില്‍ വേര്‍തിരിക്കുന്നതിനെ എതിര്‍ത്തയാളും കൂടിയാണ്.

മുകളില്‍ വിവരിച്ച കാര്യങ്ങള്‍ ട്രംപ് അനുകൂലികളായ ചില സ്ഥാനാര്‍ത്ഥികള്‍ എത്രത്തോളം കഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്. അവരില്‍ ചിലരാകട്ടെ തുടക്കത്തില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും പിന്നീട് അതില്‍ നിന്നെല്ലാം സ്വയം വിട്ടുനില്‍ക്കുകയും ചെയ്തു.

 

6 മധ്യപക്ഷവും അത് തന്നെയാണ് ചെയ്തത്

റിപ്പബ്ലിക്കന്‍സിന്റെ പരാജയത്തില്‍ ഡെമോക്രാറ്റിക് മുഖ്യധാരക്ക് പക്ഷേ ഏറെ ഊറ്റം കൊള്ളാനൊന്നുമില്ല. കോര്‍പറേറ്റ് പിന്തുണയുള്ള ഡെമോക്രാറ്റുകളിലെ മധ്യപക്ഷത്തിനെ സംബന്ധിച്ചും അതൊരു മികച്ച രാത്രിയായിരുന്നില്ല, അവരെല്ലാവരും വിജയം കാണുമെന്ന് അവകാശ വാദങ്ങളുന്നയിച്ചിരുന്നെങ്കിലും.

അവരുടെ പരാജയത്തിന്റെ പ്രഭവകേന്ദ്രമായി മാറിയത് ഫ്‌ളോറിഡ ആണ്. ഈ റിപബ്ലിക്കന്‍ സംസ്ഥാനത്തോട് മത്സരിക്കാന്‍ ഡെമോക്രാറ്റുകള്‍ വാല്‍ ഡെമിങ്‌സ്‌നെ പോലെയുള്ള അറുബോറന്‍മാരായ ഒരു കൂട്ടം മിതവാദികളെ ഇറക്കിയാണ് കളിച്ചത്. ഉദാഹരണമായി, താന്‍ ഒരു പൊലീസ് മേധാവിയായിരുന്നു എന്ന് വാല്‍ ഡെമിങ്‌സ് നിരന്തരം വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ മുന്‍ GOP കോണ്‍ഗ്രസുകാരനും മൂന്ന് പ്രാവശ്യം തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാളുമായ ചാര്‍ലി ക്രിസ്റ്റ് ഒരിക്കല്‍ അദ്ദേഹത്തെത്തന്നെ സ്വയം വിശേഷിപ്പിച്ചത് ‘നികുതി വിരുദ്ധ, പ്രോ-ലൈഫ് (ഗര്‍ഭഛിദ്രത്തെയും ദയാവധത്തെയും എതിര്‍ക്കുന്നയാള്‍) പ്രോ-ഗണ്‍ തോക്ക് അനുകൂലി റിപ്പബ്ലിക്കന്‍’ എന്നാണ്. എന്നാല്‍ രണ്ട് പേരും തോറ്റ് തുന്നം പാടി.

                                                വാല്‍ ഡെമിങ്‌സ്

കഴിഞ്ഞ നാല് പ്രസിഡന്റ് തെരെഞ്ഞെടുപ്പുകളിലും വോട്ടര്‍മാര്‍ ഡെമാക്രാറ്റിക് പാര്‍ട്ടിയോടൊപ്പം നിന്ന നെവാഡയില്‍, കാതറിന്‍ കോര്‍ട്ടെസ് മാസ്റ്റോ ജീവന്‍ മരണ പോരാട്ടത്തിലാണ്. ട്രംപിന്റെ സഖ്യകക്ഷിയും 2020ലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവനുമായ ഒരാളാണ് അവിടെ അവരുടെ (അദ്ദേഹത്തിന്റെ) എതിരാളി. അവരുടെ സമീപകാല കരിയറിലെ എടുത്ത് പറയാവുന്ന ചിലത് (ഹൈലറ്റുകളില്‍ ചിലത്) ഇനി പറയുന്നവയാണ്;

മിനിമം വേതനം വര്‍ധിപ്പിക്കാനുള്ള അവരുടെ ഉത്സാഹക്കുറവ്, വിദ്യാര്‍ത്ഥികളുടെ കടം എഴുതിതള്ളുന്നതിലുള്ള അവരുടെ ശക്തമായ എതിര്‍പ്പ്, ഖനന വ്യവസായത്തില്‍ അറിയപ്പെടുന്നയാളും അവരുടെ വിശ്വസ്ത ദാസിയുമായി സേവനമനുഷ്ഠിക്കുന്നവരും ആയി മാറി തുടങ്ങിയവ. ഖനന വ്യവസായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അവര്‍, അവരുടെ പാര്‍ട്ടി ഒരു പ്രധാന ബില്‍ അവതരിപ്പിച്ചപ്പോള്‍ ഖനനത്തിന് റോയല്‍റ്റി ചുമത്താനുള്ള വ്യവസ്ഥ അവരിടപെട്ട് എടുത്തുകളഞ്ഞു. (അവസാന ഫലം പ്രഖ്യാപിച്ചപ്പോള്‍ കാതറിന്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു – പരിഭാഷക)

ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഞെട്ടിപ്പിക്കുന്ന പരാജയം ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ക്യാമ്പെയിന്‍ കമ്മിറ്റി അധ്യക്ഷന്‍ ഷാന്‍ പാട്രിക് മലോനിയുടേത് ആയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരന്‍ കൂടിയായ മൊണ്ടെയര്‍ ജോണ്‍സിനെ അധികാരത്തില്‍ നിന്ന് പുകച്ച് ചാടിക്കുന്നതില്‍ വിജയിച്ച ആളായിരുന്നു ഷാന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തന്നെ പുരോഗമനാശയക്കാരനെ പരാജയപ്പെടുത്തി സീറ്റൊപ്പിച്ച ഷാന്‍ തന്റെ അന്നത്തെ വിജയത്തെ വിശേഷിപ്പിച്ചത്, ‘മുഖ്യധാര’യുടെയും ‘സാമാന്യബുദ്ധിയുടെയും’ വിജയമാണ് എന്നായിരുന്നു. ഇത്തരത്തിലുള്ള ഒരു വീമ്പുപറച്ചിലിന് ശേഷമാണ് ബൈഡന്‍ പത്ത് പോയിന്റിന് വിജയിച്ചിരുന്ന ഒരു ജില്ലയില്‍ ഒരു റിപ്പബ്ലിക്കനോട് പരാജയപ്പെട്ടത്.

                           ഷാന്‍ പാട്രിക് മലോനി

വാസ്തവത്തില്‍ ന്യൂയോര്‍ക്കിലെ മൊത്തം ഡെമോക്രാറ്റുകള്‍ക്കും അതൊരു കാളരാത്രിയായിരുന്നു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കള്‍ തന്റെ കടുത്ത വലതുപക്ഷ എതിരാളിയെ തോല്‍പ്പിച്ചത് ദശാബ്ദങ്ങളിലെ തന്നെ ഏറ്റവും ചെറിയ ലീഡിനായിരുന്നു. കൂടാതെ ഡെമോക്രാറ്റുകള്‍ സംസ്ഥാനത്തുടനീളം തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. പൊതുവെ ഡെമോക്രാറ്റുകള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ഈ മോശം പ്രകടനം അവര്‍ക്ക് ഹൗസിന്റെ മേല്‍ തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന ഒറ്റക്കുളള നിയന്ത്രണം നഷ്ടപ്പെടുത്തിയേക്കാം.

ഒരുവശത്ത് കോര്‍പറേറ്റ് മധ്യപക്ഷക്കാരനും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയും അതുപോല തന്നെ മലോണിയും മുന്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ജെയ് ജേക്കബ്‌സ് തുടങ്ങിയവരും സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കിയതും പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട് എന്നാണ് ഒരു ഡെമോക്രാറ്റിക് നിരീക്ഷകന്‍ കുറ്റപ്പെടുത്തിയത്.

 

7. ഡെമോക്രാറ്റുകള്‍ ഒരുപാട് പണം തുലച്ചു

ഡെമോക്രാറ്റുകളുടെ മോശം പ്രകടനത്തിനാധാരം വലിയൊരു തുക തെറ്റായ രീതിയിലും വകമാറ്റിയും ചെലവഴിച്ചു എന്നതാണ്. ആളുകളില്‍ നിന്ന് പിരിവെടുത്ത പണമുള്‍പ്പടെ വലിയൊരു തുക തന്നെ പാഴാക്കിയത് ചില ഉന്നതരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരുന്നു. അവരാകട്ടെ ഒട്ടും വിജയസാധ്യത ഇല്ലാത്തവരുമായിരുന്നു. അതേസമയം പണം ചെലവാക്കേണ്ടിയിരുന്ന കൂടുതല്‍ വിജയ സാധ്യതയുള്ള മത്സരങ്ങളെ പാര്‍ട്ടി നേതൃത്വം പാടെ അവഗണിക്കുകയും ചെയ്തു.

നിത്യ പരാജിതനായ ബെറ്റോ ഓറൗര്‍ക്ക് ടെക്‌സാസിലെ മല്‍സരത്തില്‍ തന്റെ ഗവര്‍ണര്‍ സ്ഥാനം നഷ്ടമായത് ഒന്‍പത് പോയിന്റുകളുടെ വന്‍ വ്യത്യാസത്തിനാണ്. എന്നാല്‍ കോടികളാണ് ഇതിന് വേണ്ടി ഒഴുക്കിക്കളഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന നാളുകളില്‍ തന്റെ എതിരാളിയെപ്പോലും പിന്നിലാക്കി 76 ദശലക്ഷം ഡോളര്‍ വാരിയെറിഞ്ഞു. കൂടാതെ ജോര്‍ജിയയില്‍ രണ്ടാം തവണയും റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രയാന്‍ കെംപ്‌നെ തോല്‍പിക്കാന്‍ സ്റ്റേസി അബ്രാംസിനായില്ല. ഇത്തവണ പരാജയപ്പെട്ടത് എട്ട് പോയിന്റുകള്‍ക്കാണ്.

                                                                 ബ്രയാന്‍ കെംപ്‌

അതായത് നിലവിലെ ഭരണാധികാരിയേക്കാള്‍ 20 ദശലക്ഷം ഡോളര്‍ കൂടുതല്‍ ചെലവഴിച്ച് 105 ദശലക്ഷം ഡോളര്‍ വാരിയെറിഞ്ഞ് ചെലവിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് തകര്‍ത്തെങ്കിലും റാഫേല്‍ വാര്‍ നോക്കിന്റെ പിറകില്‍ത്തന്നെയായിരുന്നു തെരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനം.

മേല്‍പ്പറഞ്ഞ രണ്ട് സ്ഥാനാര്‍ത്ഥികളും തങ്ങളുടെ നവ ലിബറല്‍ ആശയങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയവരാണ്. എങ്കിലും വര്‍ഷങ്ങളായി ഡെമോക്രാറ്റിക് അനുകൂല മാധ്യമങ്ങള്‍ അവരെ പ്രതിഷ്ഠിച്ചിട്ടുള്ളത് ദേശീയ പ്രമുഖരായിട്ടാണ്. എന്നിട്ടും മുഖ്യ മത്സരങ്ങളില്‍ അവര്‍ പരാജയപ്പെട്ടത് വളരെ ദയനീയമായിട്ടാണ്.

ഇവരുടെ പട്ടികയിലേക്ക് ചേര്‍ത്തുവെക്കാന്‍ പറ്റിയ മറ്റ് മധ്യപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്; ഡെമിങ്‌സ്- അദ്ദേഹം എതിരാളിയായ മാര്‍ക്കോ റുബിയോയെക്കാള്‍ പണമൊഴുക്കി. ഒരു വലിയ സംഖ്യ തന്നെ, അതായത് 65 ദശലക്ഷം ഡോളറാണ് അദ്ദേഹം ചെലവാക്കിയത്. ക്രൈസ്റ്റ്- ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ഏറ്റവും കൂടുതല്‍ പണം ചെലവിട്ട ഗവര്‍ണര്‍ തെരെഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഇത് (അതായത് 31 മില്യണ്‍ ഡോളര്‍).

കൂടാതെ മാര്‍ക്കസ് ഫ്‌ളവേഴ്‌സ്, ജോര്‍ജിയയില്‍ മുപ്പത് പോയിന്റുകളുടെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങാന്‍ വേണ്ടി മാത്രം 15 ദശലക്ഷം ഡോളറില്‍ കൂടുതല്‍ ചെലവാക്കിയ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. അതേസമയം, ടിം റയാന്‍ന്റെ അതിശയകരമാംവിധം ശക്തമായ ഒഹായോ പ്രചരണത്തെ പാര്‍ട്ടിയുടെ ദേശീയനേതൃത്വം കയ്യൊഴിഞ്ഞു.

                                                മാര്‍ക്കസ് ഫ്‌ളവേഴ്‌സ്

അതുപോലെത്തന്നെ ജാമീ മക് ലിയോഡ്- സ്‌കിന്നര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള ഒരു ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാടി വിജയിച്ചിരിക്കുകയാണിപ്പോള്‍. അവിടെ അവര്‍ പ്രൈമറി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് കോര്‍പറേറ്റ് പിന്തുണയുള്ള അട്ടിമറിക്കാരനായ കെര്‍ട്ട് ഷ്രേഡറിനെയാണ്. വര്‍ക്കിങ് ഫാമിലീസ് പാര്‍ട്ടിയുടെ ദേശീയ ഡയറക്ടര്‍ മൗറിഷ് മിഷെല്‍ ജാക്കോബിനോട് പരാതിപ്പെട്ടത് ചെലവേറിയ മത്സരമാണ് എന്നിരിക്കെ അവസാന നിമിഷം ചില സാമ്പത്തിക സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നെങ്കില്‍ വിസ്‌കോസിനില്‍ ബാര്‍ണ്‍സിന് മുകളില്‍ വരാന്‍ കഴിയുമായിരുന്നു എന്നാണ്.

8. പാര്‍ട്ടിക്ക് യുവജനങ്ങളെ നിസ്സാരമായി കാണാനാകില്ല

മുന്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഇക്കാര്യം വ്യക്തമല്ലായിരുന്നുവെങ്കിലും ഇത്തവണത്തേതില്‍ പകല്‍പോലെ വ്യക്തമാണ്. ഡെമോക്രാറ്റിക് സഖ്യത്തിന്റെ അവിഭാജ്യ ഘടകമാണ് യുവത. പാര്‍ട്ടിക്ക് അവരെ നിസ്സാരമായി കണക്കാക്കാന്‍ കഴിയില്ല, അവര്‍ തുടര്‍ന്നും വിജയം കാംക്ഷിക്കുന്നുണ്ടെങ്കില്‍.

കടുത്ത പോരാട്ടം നടന്ന ആറ് മുഖ്യ സംസ്ഥാനങ്ങളില്‍ യുവ വോട്ടര്‍മാര്‍ എണ്ണത്തില്‍ കൂടുതലായിരുന്നു. കൂടാതെ ഇപ്രാവശ്യം മുപ്പത് വയസ്സില്‍ താഴെയുള്ള വോട്ട് ചെയ്ത മൊത്തം വോട്ടര്‍മാരുടെ എണ്ണമെടുത്താല്‍ അത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ 2018ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണ്.

18-29 വയസ്സിനിടയിലുള്ള വോട്ടര്‍മാരില്‍ 50 മുതല്‍ 60 ശതമാനംവരെ ഡെമോക്രാറ്റുകള്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്നാണ് വ്യത്യസ്ത എക്‌സിറ്റ് പോളുകള്‍ പറയുന്നത്. വാസ്തവത്തില്‍, ഈ വര്‍ഷത്തെയും 2020ലെയും CNNന്റെ എക്‌സിറ്റ് പോളുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ 18നും 29നുമിടയിലുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, 25-29ന് ഇടയിലുള്ളവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്.

അതേസമയം മൊത്തമായി എടുക്കുകയാണെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്നവരില്‍ കൂടുതലും 45 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് എന്നും കാണാം. ഇതിന്റെ വെളിച്ചത്തില്‍ ബൈഡന്‍ കണ്‍സര്‍വേറ്റീവ് എതിര്‍പ്പുകളെ അവഗണിച്ച് വിദ്യാര്‍ത്ഥികടങ്ങള്‍ എഴുതിത്തള്ളാനുള്ള (പരിമിതമാണ് എന്ന് സമ്മതിക്കുന്നു) എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചത് വളരെ ബുദ്ധിപൂര്‍വമായ തീരുമാനമായിരുന്നു.

മുമ്പ് ബൈഡനോട് വിമുഖത കാണിച്ചിരുന്ന ഇക്കൂട്ടര്‍ക്കിടയില്‍ (വിദ്യാര്‍ത്ഥികള്‍) അദ്ദേഹത്തിന്റെ അംഗീകാരം വര്‍ധിക്കാനും റേറ്റിങ് കുത്തനെ ഉയരാനും ഇത് കാരണമായി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ‘ഫോക്‌സി’ന്റെ പ്രേക്ഷകരോട് ഇന്‍ഗ്രഹാം പറയുന്നത് ‘നമ്മുടെ പരമ്പരാഗത വോട്ടര്‍മാര്‍ക്കപ്പുറത്തേക്ക്, അതായത് യുവ വോട്ടര്‍മാര്‍ക്കിടയിലേക്ക് കൂടി പാര്‍ട്ടി വളരേണ്ടതുണ്ട്’ എന്നാണ്. ഇതിനെ റിപ്പബ്ലിക്കന്‍മാര്‍ ഗൗരവമായി എടുക്കുകയാണെങ്കില്‍ അവര്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്, അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളവ.

സാമൂഹികമായി വളരെയധികം ലിബറല്‍ ആശയങ്ങള്‍ പേറുന്നവരും അധികരിച്ച് വരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെക്കുറിച്ച് ഒരുപാട് ആശങ്കപ്പെടുകയും ചെയ്യുന്ന ഒരു തലമുറയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കണമെങ്കില്‍ ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണ്.

എന്നാല്‍ നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പോളിസികള്‍ മുഴുവന്‍ ഇത്തരം പ്രതിസന്ധികളെ കൂടുതല്‍ വഷളാക്കാനുതകുന്നവയാണ്.

ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ നമ്മില്‍ അവശേഷിപ്പിക്കുന്നത് വലിയ രണ്ട് ചോദ്യങ്ങളാണ്:

 

ചോദ്യം ഒന്ന് ഡെമോക്രാറ്റുകള്‍ ഇതില്‍ നിന്ന് ശരിയായ പാഠം ഉള്‍ക്കൊള്ളുമോ ?

ഇതിനോടകം തന്നെ, ഡെമോക്രാറ്റിക് പാര്‍ട്ടി ‘പ്രതീക്ഷിച്ചത്ര മോശം തോല്‍വി അല്ല’ എന്ന പേരില്‍ സ്വയം അഭിനന്ദിച്ചു കൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. MSNBCയുടെ ആതിഥേയന്‍ ലോറന്‍സ് ഓഡോണെല്‍ പറഞ്ഞത് ‘ബൈഡന്‍ , ഏറ്റവും വിജയശ്രീലാളിതനായ ഡെമോക്രാറ്റിക് പ്രസിഡണ്ട് ആവാന്‍ പോകുകയാണ്’ എന്നാണ്. ഒരു ഡെമോക്രാറ്റിക് ഔദ്യോഗിക വക്താവ് വാഷിംഗ്ടണ്‍ പോസ്റ്റ്ന്റെ ജെഫ് സ്റ്റെയിന്‍ന് അയച്ച സന്ദേശത്തില്‍ പറഞ്ഞത് ‘തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ടീം ബൈഡന്‍ ശരിയായ കാര്യങ്ങളാണ് ചെയ്തത് ‘ എന്നും ‘സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്’ എന്നും ആളുകള്‍ അത് ഇഷ്ടപ്പെടുന്നു എന്നുമാണ് . പാര്‍ട്ടി പക്ഷപാതികളായ മുഴുവന്‍ നിരൂപകരും ആവേശത്തോടെണ് ‘വിജയം’
ആഘോഷിക്കുന്നത്.

അവസാന കണക്കുകള്‍ക്കായി നമുക്ക് കാത്തിരിക്കാം. പക്ഷേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു ചെറിയ ഭൂരിപക്ഷത്തിലാണ് ഹൗസിലേക്ക് തെരെഞ്ഞെടുക്കപ്പെടാന്‍ പോകുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണങ്ങളെല്ലാം എന്ന് പ്രത്യേകം ഓര്‍ക്കുക. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹൗസിലെ തോല്‍വിയും സെനറ്റിലെ നാമമാത്രമായ ഭൂരിപക്ഷവും എല്ലാം കണക്കിലെടുക്കുമ്പോള്‍ ഇതിനെ ‘ഡെമോക്രാറ്റുകളുടെ വിചിത്ര പ്രതികരണം’ എന്നേ പറയാനാകൂ.

എന്നാല്‍ റിപ്പബ്ലിക്കന്‍മാരെ സംബന്ധിച്ച് ഹൗസിലെ ചെറിയ ഭൂരിപക്ഷം അവരുടെ അജണ്ട നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നത് ശരി. പക്ഷേ ഏതെങ്കിലും ഒരു ചേംബറിലുള്ള തോല്‍വി ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയാസകരമാണ്. കൂടാതെ ഇത് ബൈഡനെ സംബന്ധിച്ച് ഭരണം കൂടുതല്‍ ആയാസകരമാക്കും.

ഇതിനിടയില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്ര നിലപാടുകാരും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു നിര്‍ണായകമായ തോല്‍വിയായി കണക്കാക്കാനാവില്ല. കാരണം നല്ലൊരു വിഭാഗം ട്രംപ് അനുയായികളും തെരഞ്ഞെടുപ്പ് നിഷേധികളും വിജയിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് വിസ് കോസിനില്‍ ജോണ്‍സണും ഒഹായോയില്‍ ജെ.ഡി. വാന്‍സും വിജയിച്ചിട്ടുണ്ട്. അതുപോലെത്തന്നെ അരിസോണയിലെയും ഓറിഗണിലെയും ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥികള്‍ കഠിനമായ മത്സരമാണെങ്കിലും അങ്കം വിജയിക്കുകയോ മുന്നേറുകയോ ചെയ്യുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കകത്ത് ‘ക്രിസ്റ്റ്യന്‍ നാഷണലിസം’ എന്ന ആശയം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഈ സമയത്തും ബൊബെര്‍ട്ട് അടക്കമുള്ള QAnon കോക്കസ് കരുതുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് (പാര്‍ലമെന്റിലേക്ക്) തിരിച്ചെത്തും എന്നാണ്. വ്യക്തമായി പറഞ്ഞാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ തീവ്ര ഡെമോക്രാറ്റിക് വിരുദ്ധ സ്ഥാനാര്‍ത്ഥികളെ ഉന്നതാധികാര സ്ഥാനങ്ങളിലേക്കയക്കാന്‍ വളരെയധികം സാധ്യതയുണ്ട്.

                                                                                               ജെ.ഡി. വാന്‍സ്

ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഈ തെരെഞ്ഞെടുപ്പില്‍ വിജയം നിലനിര്‍ത്തും എന്നാണ് കണക്കാക്കപ്പെട്ടത്. ഈ വര്‍ഷത്തെയും 2020ലെയും AP Vote Cast പോളുകള്‍ താരതമ്യം ചെയ്യുമ്പോള്‍ $50,000 ന് താഴെ വരുമാനമുള്ള വോട്ടര്‍മാര്‍ക്കിടയില്‍ ഡെമോക്രാറ്റുകളുടെ എണ്ണം ആറു പോയിന്റും, $50,000 നും $100,000 ഇടയില്‍ വരുമാനമുള്ളവരില്‍ നാലു പോയിന്റും കുറഞ്ഞിട്ടുണ്ട്. കൂടാതെ $100,000ല്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്കിടയിലും ഡെമോക്രാറ്റിക് വോട്ടര്‍മാരുടെ എണ്ണം നാല് പോയിന്റ് കുറഞ്ഞിട്ടുണ്ട്.

പാര്‍ട്ടിയില്‍ കോളേജ് ഡിഗ്രി ഇല്ലാത്ത വോട്ടര്‍മാരുടെ എണ്ണം വലിയതോതില്‍ കുറയുന്നു. ബിരുദധാരികളുടെ ഇടയിലും പാര്‍ട്ടിക്കുള്ള പിന്തുണയില്‍ ഇടിവ് വന്നതായി കാണാന്‍ സാധിക്കും. ഇതിനിടയില്‍ റിപ്പബ്ലിക്കുകള്‍ കറുത്ത വര്‍ഗ്ഗക്കാര്‍ (+6), ലാറ്റിനോകള്‍, (+3), ഏഷ്യന്‍ വംശജര്‍ (+5), തദ്ദേശീയ അമേരിക്കക്കാര്‍ (+4) തുടങ്ങിയ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത കൂട്ടിയതായും കാണാന്‍ കഴിയും. CNN എക്‌സിറ്റ് പോളുകളിലും ഇതേ ട്രെന്‍ഡ് തന്നെയാണ് കാണാന്‍ കഴിയുന്നത്.

പാര്‍ട്ടി അജണ്ട നടപ്പിലാക്കുന്നതിലെ പരാജയത്തെ പുന:പരിശോധിക്കുന്ന ഒരു ആത്മപരിശോധനയൊന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്നതായി കാണുന്നില്ല. കൂടാതെ മിനിമം വേതനം വര്‍ധിപ്പിക്കാനും ഇന്‍സുലിന്‍ ഗുളികയെ സംബന്ധിച്ചും ചര്‍ച്ച നടന്നിട്ടില്ല. റിപ്പബ്ലിക്കന്‍മാരുമായി ചേര്‍ന്ന് നല്ലപിള്ള ചമയാന്‍ വേണ്ടി സ്വന്തം അജണ്ടകള്‍ അട്ടിമറിക്കുന്ന പ്രസിഡണ്ടിനെക്കുറിച്ചും പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങള്‍ വന്നിട്ടില്ല.

ഇതെല്ലാം ചെയ്തിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു. ഇത്രയും ദയനീയമായ സാമ്പത്തിക സാഹചര്യത്തിലും റിപ്പബ്ലിക്കന്‍ വിരുദ്ധ വികാരം കാരണമാണ് ഡെമോക്രാറ്റുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. വോട്ടര്‍മാര്‍ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് വളരെയധികം ആശങ്കപ്പെടുന്ന സന്ദര്‍ഭത്തിലും മെച്ചപ്പെട്ട സാമ്പത്തിക സന്ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ബൈഡനും ഡെമോക്രാറ്റുകളും അവരുടെ വാഗ്ദാനങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ഈ തെരെഞ്ഞെടുപ്പില്‍ തന്നെ തങ്ങളുടെ നില കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു.

അതിനുപകരം ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള പേടി വര്‍ധിപ്പിച്ച് അഭ്യസ്തവിദ്യരും സമ്പന്നരുമായ ഗ്രാമീണ വോട്ടുകളില്‍ മാത്രം നോട്ടമിട്ട് ഇനിയും മുന്നോട്ടുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതേപോലെ തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ പ്രൈമറികളില്‍ തെരെഞ്ഞെടുക്കപ്പെടാന്‍ ഒട്ടും സാധ്യതയില്ലാത്ത തീവ്ര വലതുപക്ഷ സഥാനാര്‍ത്ഥികളെ ബോധപൂര്‍വം പിന്തുണക്കുക എന്ന പാര്‍ട്ടിയുടെ അപകടകരമായ ചൂതാട്ടവും. ഈ വര്‍ഷം ആ തന്ത്രം വിജയിച്ചെങ്കിലും 2016ല്‍ ഗംഭീരമായി തിരിച്ചടിച്ചതായി കാണാന്‍ കഴിയും.

 

ചോദ്യം 2  ഇതൊരു പുതിയ കാലത്തിന്റെ തുടക്കമാണോ ? അതോ ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമോ ?

അവസാനമായി ഒരു തുറന്ന ചോദ്യത്തിലേക്ക് വരാം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ അപ്രതീക്ഷിത ഫലങ്ങള്‍ ഒറ്റത്തവണത്തെ മാത്രം ആയുസ്സുള്ളതാണോ അതോ പുതിയൊരു രാഷ്ട്രീയ യുഗത്തിന്റെ സൂചനയാണോ?

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത യുവ വോട്ടര്‍മാരുടെ എണ്ണം അസാധാരണമാം വിധം വര്‍ധിച്ചു, ‘ടിക്കറ്റ് സ്പ്ലിറ്റിങിന്റെ’ (ഒരു വോട്ടര്‍ ഒന്നിലധികം സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക) അനന്തരഫലം, വലിയ തോതിലുള്ള പ്രാദേശിക അന്തരങ്ങള്‍, അത്ര തന്നെ ജനസമ്മതനല്ലാത്ത ഒരു പ്രസിഡന്റിന്റെ ഭേദപ്പെട്ട പ്രകടനം, നിലവിലെ സാമ്പത്തിക വെല്ലുവിളികള്‍ പ്രതിഫലിക്കാത്ത തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കപ്പെടണം.

ഇതില്‍ എത്രയെണ്ണം ഒരു ‘ന്യൂ നോര്‍മല്‍’ അഥവാ പുതുയുഗത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു? അതേപോലെ ഇതിലേതെല്ലാം ഇപ്രാവശ്യത്തെ തെരെഞ്ഞെടുപ്പിന് മാത്രം ബാധകമായ ഘടകങ്ങളാണ്? അതായത് ഗര്‍ഭഛിദ്രത്തിനുള്ള അവകാശങ്ങള്‍ എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയുടെ സാഹചര്യത്തില്‍ സമ്മിശ്രമായ ഒരു സാമ്പത്തിക സ്ഥിതിയിലൂടെ രാജ്യം കടന്നുപോകുന്ന സമയം, എല്ലാത്തിനുമപ്പുറം തീവ്ര ഭിന്നിപ്പിന്റെ ആശാനായ ട്രംപ് എന്ന പ്രതിഭാസം, എന്നീ ഘടകങ്ങള്‍ ഇങ്ങനെ വിലയിരുത്തപ്പെടണം.

ഈ ചോദ്യങ്ങള്‍ക്ക് വരും കാലങ്ങളില്‍ മാത്രമേ ഉത്തരം ലഭിക്കുകയുള്ളു. എന്നാല്‍ ജനസമ്മതരായ ഫെറ്റര്‍മാന്‍, റയാന്‍ എന്നിവരും അടുത്ത വര്‍ഷം കോണ്‍ഗ്രസിലേക്ക് പ്രവേശിക്കാനിരിക്കുന്ന സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥികളിലെ പുതുമുഖങ്ങള്‍ തുടങ്ങിയവരുടെ ശക്തമായ പ്രകടനവും മിഷിഗണ്‍ ഡെമാക്രാറ്റുകള്‍ അവര്‍ക്ക് ലഭിച്ച പുതിയ ഭൂരിപക്ഷമുപയോഗിച്ച് ‘ജോലി ചെയ്യാനുള്ള അവകാശം’ നിര്‍ത്തലാക്കിയതുമെല്ലാം അമേരിക്കയില്‍ പുരോഗമന രാഷ്ട്രീയത്തിന്റെ ഭാവിയെകുറിച്ചുള്ള ഒരു രൂപരേഖ നമുക്ക് ലഭിക്കുന്നുണ്ട്. പക്ഷേ ഡെമോക്രാറ്റിക് പാര്‍ട്ടി മൊത്തത്തില്‍ ഈ അവസരം ഉപയോഗപ്പെടുത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ഒറിജിനല്‍ ആര്‍ട്ടിക്കിള്‍ വായിക്കാം

Content Highlight: Article on American mid term election and the influence of left in it

ബ്രാങ്കോ മാർചെറ്റിച്
എഴുത്തുകാരനും പത്ര പ്രവർത്തകനുമായ ബ്രാങ്കോ മാർചെറ്റിച് അമേരിക്കൻ ഇടതുപക്ഷ മാഗസിനായ Jacobinൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിൻ്റെ Yesterday's Man: The Case Against Joe Biden എന്ന പുസ്തകം ജോ ബൈഡൻ്റെ രാഷ്ട്രീയ ജീവചരിത്രത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന കൃതിയാണ്.