നിങ്ങള്‍ തീവ്രവാദിയാക്കിയവന്റെ പവര്‍ കാണണമെങ്കില്‍ കേരളത്തിലേക്ക് വാ; കാട്ടുതീയായ്പ്പടര്‍ന്ന് അര്‍ഷ്ദീപ്
Sports News
നിങ്ങള്‍ തീവ്രവാദിയാക്കിയവന്റെ പവര്‍ കാണണമെങ്കില്‍ കേരളത്തിലേക്ക് വാ; കാട്ടുതീയായ്പ്പടര്‍ന്ന് അര്‍ഷ്ദീപ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th September 2022, 7:36 pm

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യക്ക് വെല്ലുവിളിയാകുമെന്ന് കരുതിയ പല പ്രോട്ടീസ് ബാറ്റര്‍മാരും നിലയുറപ്പിക്കും മുമ്പ് തിരിച്ചുനടക്കുന്ന കാഴ്ചയാണ് ഗ്രീന്‍ഫീല്‍ഡില്‍ കാണുന്നത്.

മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ തെംബ ബാവുമയെ പ്രോട്ടീസിന് നഷ്ടമായിരുന്നു. നാല് പന്ത് നേരിട്ട ബാവുമ ഒറ്റ റണ്‍ പോലും നേടാതെയാണ് പുറത്തായത്.

തുടര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയ പ്രോട്ടീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍, നിലം തൊടീച്ചില്ല. ഇന്ത്യന്‍ യുവതാരം അര്‍ഷ്ദീപ് സിങ്ങും ദീപക് ചഹറും ചേര്‍ന്നായിരുന്നു വെടിക്കെട്ടിന് തിരികൊളുത്തിയത്.

 

 

കേവലം ഒമ്പത് റണ്‍സ് മാത്രം സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്കും അഞ്ച് മുന്‍നിര വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്. അതില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതും അര്‍ഷ്ദീപ് സിങ്ങായിരുന്നു.

മത്സരത്തിന്റെ നാല് ഓവര്‍ കഴിയുമ്പോഴേക്കും ഇന്ത്യന്‍ ബൗളര്‍മാരുടെ ആറാട്ടാണ് തിരുവന്തപുരത്ത് കാണുന്നത്. അര്‍ഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചഹര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക്, റിലി റൂസോ, സൗത്ത് ആഫ്രിക്കയുടെ ടി-20 സ്‌പ്യെലിസ്റ്റ് ഡേവിഡ് മില്ലര്‍ എന്നിവരാണ് അര്‍ഷ്ദീപിന് മുമ്പില്‍ വീണത്. ഡി കോക്ക് നാല് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയപ്പോള്‍ മറ്റ് രണ്ട് പേരും ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.

ക്യാപ്റ്റന്‍ തെംബ ബാവുമയും ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് ചഹറിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ വീണത്. നാല് പന്ത് നേരിട്ട ബാവുമ റണ്ണൊന്നുമെടുക്കാതെ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റബ്‌സ് അര്‍ഷ്ദീപിന് ക്യാച്ച് നല്‍കിയ മടങ്ങുകയായിരുന്നു.

12 പന്തില്‍ 14 റണ്‍സുമായി മര്‍ക്രമും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി വെയ്ന്‍ പാര്‍ണലുമാണ് ദക്ഷിണാഫ്രിക്കക്കായി ക്രീസില്‍ നില്‍ക്കുന്നത്.

നിലവില്‍ 4.3 ഓവര്‍ പിന്നിടുമ്പോള്‍ 20 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക.

 

Content highlight: Arshdeep Singh and Deepak Chars incredible spell knocks South Africa down