മകനെ വിട്ടയ്ക്കുന്നത് വരെ നിയമപോരാട്ടം നടത്തും: അര്‍പുതം അമ്മാള്‍
India
മകനെ വിട്ടയ്ക്കുന്നത് വരെ നിയമപോരാട്ടം നടത്തും: അര്‍പുതം അമ്മാള്‍
ന്യൂസ് ഡെസ്‌ക്
Friday, 25th April 2014, 10:50 am

[share]

[] ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളിന്റെ മോചനത്തിന് നിയമപോരാട്ടം തുടരുമെന്ന് പേരറിവാളിന്റെ അമ്മ. മകന്റെ നിരപരാധിത്വം തെളിയിച്ച് മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.

മകനെ വിട്ടയച്ചുകൊണ്ടുള്ള വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. മകന്റെ മോചനത്തിനായി നിയമപോരാട്ടം തുടരും. എന്തുകൊണ്ടാണ് മകന്റെ മോചനം നീളുന്നതെന്ന് അറിയില്ല. കഴിഞ്ഞ 23 വര്‍ഷമായി നിയമപോരാട്ടത്തിലാണ്. നിരവധി കോടതികള്‍ കയറിയിറങ്ങി. ജസ്റ്റിസ് സദാശിവം വിരമിക്കുമ്പോള്‍ അനുകൂല വിധി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു- അവര്‍ പറഞ്ഞു.

പേരറിവാളനുള്‍പ്പെടെ നാല് പ്രിതികളെ വിട്ടയക്കുന്ന കാര്യം സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടതിനെത്തുടര്‍ന്നായിരുന്നു അര്‍പുതം അമ്മാളിന്റെ പ്രതികരണം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ പേരറിവാളന്‍, നളിനി, മുരുഗന്‍, ശാന്തന്‍ എന്നിവരെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷ ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ ഇളവ് ചെയ്തിരുന്നു. എന്നാല്‍ ജീവപര്യന്തം എന്നത് ജീവിതകാലം മുഴുവനുള്ള തടവാണോ അതോ 14 വര്‍ഷം മാത്രം ശിക്ഷ അനുഭവിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് കേസ് ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.