രാജ്യസ്‌നേഹം; ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു
D' Election 2019
രാജ്യസ്‌നേഹം; ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 2:45 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭത്പര എം.എല്‍.എ അര്‍ജുന്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് അര്‍ജുന്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

40 വര്‍ഷം മമതാ ബാനര്‍ജിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവെന്നും പക്ഷെ ബാലാകോട്ട് ആക്രമണത്തിന് ശേഷം മമതാ ബാനര്‍ജി സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തെന്നും ഇത് തന്നെ വേദനിപ്പിച്ചുവെന്നും അര്‍ജുന്‍ സിങ് പറഞ്ഞു. രാജ്യമൊന്നാകെ പാകിസ്ഥാനെതിരെ സംസാരിച്ചപ്പോള്‍ മമത പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെന്നും അര്‍ജുന്‍ സിങ് പറഞ്ഞു.

ഇന്ന് കോണ്‍ഗ്രസ് വിട്ട ടോം വടക്കനും പറഞ്ഞിരുന്നത് ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേരുന്നതെന്നാണ്.

നേരത്തെ ബാരക്ക്പൂര്‍ മണ്ഡലത്തില്‍ സീറ്റ് വേണമെന്ന് അര്‍ജുന്‍ സിങ് മമതബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. സിറ്റിങ് എം.പിയായ ദിനേഷ് ത്രിവേദിക്കാണ് ഇത്തവണയും തൃണമൂല്‍ സീറ്റ് നല്‍കിയത്.

എന്നാല്‍ ജനങ്ങളുമായി ബന്ധമില്ലാത്ത ബാരക്ക്പൂര്‍ എം.പിയ്‌ക്കെതിരെ ജനവികാരം ഉണ്ടായിരുന്നുവെന്ന അര്‍ജുന്‍ സിങ് പറഞ്ഞു. അതുകൊണ്ടാണ് ബാരക്ക്പൂരില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതെന്നും ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും അര്‍ജുന്‍ സിങ് പറഞ്ഞു.

നേരത്തെ മുകുള്‍ റോയ്, സൗമിത്രഖാന്‍, അനുപം ഹസാര എന്നീ എം.പിമാര്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തൃണമൂലില്‍ നിന്നും ഇനിയും രാജി ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം പാര്‍ട്ടി വിടേണ്ടവര്‍ക്ക് പോകാമെന്നും തനിക്ക് പ്രശ്‌നമില്ലെന്നും ബുധനാഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കൊണ്ട് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ബി.ജെ.പി എന്താണെന്ന് ഇക്കൂട്ടര്‍ മനസിലാക്കിക്കൊള്ളുമെന്നും മമത പറഞ്ഞിരുന്നു.