താടിയുടെ കാര്യത്തിൽ മാത്രമാണ് അച്ഛൻ എനിക്ക് ഉപദേശം തന്നിട്ടുള്ളത്: അർജുൻ അശോകൻ
Entertainment news
താടിയുടെ കാര്യത്തിൽ മാത്രമാണ് അച്ഛൻ എനിക്ക് ഉപദേശം തന്നിട്ടുള്ളത്: അർജുൻ അശോകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 2:54 pm

നായക വേഷവും കാരക്ടർ റോളുകളും ഒരേ പോലെ കൈകാര്യം ചെയ്യുന്ന നടനാണ് അർജുൻ അശോകൻ. ഹരിശ്രീ അശോകന്റെ മകനായതു കൊണ്ട് തന്നെ നടന്റെയും അച്ഛന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും കൗതുകമുണ്ടാകാറുണ്ട്. അർജുൻ അശോകൻ അച്ഛനെ കുറിച്ച് പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.

അച്ഛൻ ഒരുപാട് ഉപദേശങ്ങൾ നൽകുന്ന ആളല്ലെന്നും ആകെ പറഞ്ഞത് താടി വെച്ചുള്ള ലുക്കിലും കൂടെ അഭിനയിക്കണെ എന്ന് മാത്രമാണെന്നും പറയുകയാണ് അർജുൻ അശോകൻ. തുറമുഖം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

‘അത്രയും വർഷം താടി വെച്ച് അഭിനയിച്ചിട്ട് പിന്നീട് തടി വടിച്ചപ്പോൾ ആളുകൾ സ്വീകരിക്കുന്നില്ല. അതുകൊണ്ട് ആദ്യമേ എന്റെ അടുത്ത് പറഞ്ഞു എടാ നീ മാറി മാറി ലുക്ക് ചെയ്യണം. അടുപ്പിച്ച് കുറെ താടി പരിപാടി ചെയ്യരുതെന്ന് പറഞ്ഞു. അത് മാത്രമേ എനിക്ക് പറഞ്ഞു തന്നിട്ടുള്ളൂ. വേറെ ഒന്നും പറഞ്ഞ് തന്നിട്ടില്ല’ എന്നാണ് അർജുൻ പറഞ്ഞത്.

ഇത് കൂടാതെ മിന്നൽ മുരളിയിലെ ഹരിശ്രീ അശോകന്റെ അഭിനയത്തെ കുറിച്ചും അർജുൻ സംസാരിക്കുന്നുണ്ട്.
‘മിന്നൽ മുരളിയിലെ അച്ഛന്റെ അഭിനയം കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. കുറെ കാലങ്ങൾക്ക് ശേഷമാണല്ലോ അച്ഛന് അങ്ങനെയൊരു റോൾ കിട്ടുന്നത്. പിന്നെ അങ്ങനത്തെ ഒരു പടത്തിൽ അച്ഛനെ പ്ലെയ്‌സ്‌ ചെയ്തതിലും ഭയങ്കര സന്തോഷമുണ്ട്. കാരണം അച്ഛൻ കുറെ നാളായല്ലോ ഇങ്ങനത്തെ സിനിമകൾ ചെയ്തിട്ട്. അങ്ങനെ ഒരു ക്യാരക്ടർ കൂടെ ആയപ്പോൾ ഭയങ്കര സന്തോഷമായി.
ഞാനും അച്ഛൻ ചെയ്ത സിനിമകളെ കുറിച്ച് അധികം ഡിസ്‌കസ് ചെയ്യാറില്ല. ഉപദേശങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നടത്താറില്ല. ആ പടം കൊള്ളാം, നന്നായിട്ടുണ്ട്, നന്നായി ചെയ്തിട്ടുണ്ട് അതൊക്കെ അച്ഛൻ കറക്ട് ആയിട്ട് പറയാറുണ്ട്. ഞാനും അച്ഛാ പടം പൊളിച്ചിട്ടുണ്ട് എന്ന് പറയും,’ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞ് നിർത്തി.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് അർജുൻ അശോകന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകൻ. ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Arjun Ashokan reveals the only advice Harisree Ashokan gives him