ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
പി. ജയരാജനെതിരായ കുറ്റപത്രം കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും യോജിച്ചുള്ള രാഷ്ട്രീയ നീക്കമെന്ന് കോടിയേരി
ന്യൂസ് ഡെസ്‌ക്
6 days ago
Monday 11th February 2019 5:35pm

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സി.ബി.ഐ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലമാണെന്നും
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയാണ് പി ജയരാജനേയും ടി വിരാജേഷിനേയും കള്ളക്കേസില്‍ കുടുക്കി പ്രതികളാക്കിയതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

2012 ല്‍ കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ 73 സാക്ഷി പട്ടികയടക്കം 33 പ്രതികള്‍ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കല്‍ പൊലീസ് സമര്‍പ്പിച്ചത്. പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്. ലോക്കല്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും പി ജയരാജനും, ടി വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ല. ഗൂഢാലോചന ആരോപണം സംസ്ഥാന പൊലീസ് തള്ളിയതാണെന്നും പഴയ സാക്ഷി മൊഴികളെ തന്നെ അടിസ്ഥാനമാക്കിയാണ് പുതിയ വകുപ്പ് ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടിയേരി പറയുന്നു.

ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയൊരു തെളിവും പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ യ്ക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും വ്യക്തമാകുന്നത് സി.പി.ഐ.എം നെ വേട്ടയാടാന്‍ സി.ബി.ഐ യെ കരുവാക്കുന്നുവെന്നാണ്. ഈ രാഷ്ട്രീയ ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Advertisement