മൂന്ന് അര്‍ജന്റീനിയന്‍ മിന്നല്‍ക്കഥകള്‍ | ഏരിയല്‍ മാഗ്നസ് | വിവ: വി. മുസഫര്‍ അഹമ്മദ്
Literature
മൂന്ന് അര്‍ജന്റീനിയന്‍ മിന്നല്‍ക്കഥകള്‍ | ഏരിയല്‍ മാഗ്നസ് | വിവ: വി. മുസഫര്‍ അഹമ്മദ്
ഏരിയല്‍ മാഗ്നസ്
Wednesday, 24th February 2021, 1:42 pm

വിവ: വി. മുസഫര്‍ അഹമ്മദ് 
ചിത്രീകരണം: മജ്‌നി തിരുവങ്ങൂര്‍

 

പഴയ ചങ്ങാത്തം

ആഹാ, എത്ര നാളായി ഒന്നു കണ്ടിട്ട്. കെട്ടിപ്പിടിക്കുമ്പോള്‍ രണ്ടു പേരും ഒന്നിച്ചും ആവര്‍ത്തിച്ചും പറഞ്ഞു. അവര്‍ ടെലഫോണ്‍ നമ്പറുകള്‍ കൈമാറി. തീര്‍ച്ചയായും ഒട്ടും വൈകാതെ കാണുകയും കാപ്പികുടിക്കുകയും ചെയ്യുമെന്ന് വാഗ്ദാനവും നല്‍കി.

വീട്ടിലേക്കു മടങ്ങുമ്പോള്‍ അവരില്‍ എം, എന്ത് കൊണ്ട് ഇത്രയും നല്ല ഒരു സുഹൃത്തിനെ ദീര്‍ഘകാലമായി ഓര്‍ത്തില്ല, കണ്ടില്ല എന്നാലോചിച്ചു. (ജീവിതത്തില്‍ എത്ര വിഡ്ഡികളെ നിത്യവും കണ്ടു. മൂല്യമുള്ളവരാകട്ടെ ഒരു വരപോലും അവശേഷിപ്പിക്കാതെ അദൃശ്യരാവുകയും ചെയ്യുന്നുവെന്ന് ഓര്‍ക്കുകയും ചെയ്തു).

പക്ഷെ ടാക്സി വന്നപ്പോള്‍ അയാള്‍ അത് മനസ്സിലാക്കി, പേഴ്സ് കാണാനില്ല. കുറ്റവാളി ആരെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. എപ്പോഴായിരിക്കും അത് സംഭവിച്ചിരിക്കുക. ആദ്യം കണ്ടപ്പോഴുണ്ടായ അഭിവാദനങ്ങള്‍ക്കിടയിലോ? അതോ വിട പറഞ്ഞുകൊണ്ടുള്ള ആലിംഗനത്തിനിടയിലോ?

കാന്റര്‍വില്ലയിലെ പ്രേതം

ജനലുകള്‍ തകര്‍ത്ത് അകത്ത് കയറി പ്രതിരോധ തടസ്സങ്ങള്‍ കൊണ്ട് അവര്‍ ആ വീട് പുറത്തുനിന്ന് ആര്‍ക്കും കയറാന്‍ പറ്റാത്ത വിധമാക്കി. അടുത്ത ദിവസം രാവിലെ ആ കൂറ്റന്‍ വീടിന്റെ മുഖപ്പില്‍, മുകളില്‍ നിന്നും താഴേക്ക് എത്തും വിധത്തില്‍, ചെഗുവരേയുടെ ചിത്രമുള്ള ചെങ്കൊടി പാറിച്ചു. (ആ കൂറ്റന്‍ ബംഗ്ലാവ് ഏറെക്കാലമായി ആള്‍പ്പാര്‍പ്പില്ലാത്തതായിരുന്നു).

വരാന്തകളില്‍ പോലീസിനെ നേരിടാന്‍ അട്ടിക്കല്ലുകള്‍ കൂട്ടിവെച്ചു, മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കാന്‍ ലഘുലേഖകള്‍ ഒരുക്കിവെച്ചു. എന്നാല്‍ പോലീസോ മാധ്യമങ്ങളോ അവരെ ശ്രദ്ധിച്ചതേയില്ല. വര്‍ഷങ്ങളോളം അവര്‍ അവിടെ കഴിഞ്ഞു. ഭരണകൂടത്തിനെതിരെ കലാപം നയിക്കുന്ന വിപ്ലവകാരികളാണ് തങ്ങളെന്ന് അവകാശപ്പെട്ട്. പക്ഷെ അയല്‍പ്പക്കക്കാര്‍ അവരെക്കുറിച്ച് പറഞ്ഞു, കയ്യേറ്റക്കാര്‍, കുത്തിയിരിപ്പുകാര്‍.

ചാറ്റല്‍


കിടപ്പിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാല്‍ എല്‍ ഹോയെ പട്ടണത്തില്‍ കാറ്റ് വശങ്ങളില്‍ നിന്നും വീശുമായിരുന്നില്ല, മുകളിലൂടെ കടന്നു പോവുക മാത്രം ചെയ്തു. അതിനാല്‍ തൊപ്പികള്‍ കാറ്റില്‍ പറന്നില്ല. വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടില്ല. ജനലുകള്‍ തുറന്നിട്ടാല്‍ മുറികളിലേക്ക് കാറ്റ് കയറുകയും ചെയ്തില്ല. (പെണ്‍കുട്ടികളുടെ സ്‌കാര്‍ഫുകള്‍ കാറ്റില്‍ പൊങ്ങിപ്പറന്നതുമില്ല).

ഇവിടെ പതാകകള്‍ തിരശ്ചീനമായ കൊടിമരത്തിലാണ് ഞാത്തിയിടുന്നത്. സിഗരറ്റ് കത്തിക്കുന്നത് ലംബമാനമായിട്ടാണ്. അവിടെ കുടകള്‍ക്ക് കാറ്റുനോക്കികള്‍ എന്ന പതിവില്ലാത്ത പേരായിരുന്നു. പട്ടമോ കടലാസ് പക്ഷികളെയോ പറത്താനും അവിടെ പറ്റുമായിരുന്നില്ല. എന്നിട്ടും എല്‍ഹോയിലെ കുട്ടിക്കാലം നല്ലതായിരുന്നു. ഏറ്റവും ചുരുങ്ങിയത് അവിടെയുള്ള കുട്ടികളുടെ മുടി എപ്പോഴും ഭംഗിയില്‍ ചീകിയ നിലയില്‍ തന്നെ മാറ്റമില്ലാതെ നിന്നു.

Content Highlight: Argentinian short stories by Ariel Magnus

ഏരിയല്‍ മാഗ്നസ്
ജര്‍മ്മന്‍ കുടിയേറ്റക്കാരുടെ പിന്‍ഗാമിയായ അര്‍ജന്റീനിയന്‍ നോവലിസ്റ്റാണ് ഏരിയല്‍ മാഗ്‌നസ്. നാല് നോവലുകളുടെ രചയിതാവാണ് മാഗ്‌നസ്. അര്‍ജന്റീന, മെക്‌സിക്കോ, കൊളംബിയ, ജര്‍മ്മനി എന്നിവിടങ്ങളിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു.